ക്യാമ്പുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം: മന്ത്രി കെ രാജൻ

ക്യാമ്പുകളിൽ കഴിയുന്ന കിടപ്പുരോഗികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം: മന്ത്രി കെ രാജൻ

തൃശൂർ: കനത്ത മഴ മൂലം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പ്രായമായ കിടപ്പുരോഗികൾക്ക് തുടർചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം ലഭ്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ.
ഇതിനു വേണ്ട സഹായസഹകരണങ്ങൾ നൽകണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചെന്ത്രാപ്പിന്നി എച്ച് എസ് എസ്, കയ്പമംഗലം കാക്കാത്തുരുത്തി ഇസ്ലാം മദ്രസ എന്നിവിടങ്ങളിലെ ക്യാമ്പുകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
വെള്ളക്കെട്ട് ഭീഷണി നേരിടുന്ന പ്രദേശവാസികളാണ് ക്യാമ്പുകളിൽ അധികവും എന്നതിനാൽ വീടുകളിലും പ്രദേശത്തും ക്ലോറിനേഷൻ ചെയ്യാനുള്ള നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണം. മാത്രമല്ല, ക്ലോറിനേഷൻ കഴിഞ്ഞതിന് ശേഷമേ ആളുകളെ വീടുകളിലേക്ക് തിരികെ അയക്കാവൂ. എലിപ്പനി പടരുന്ന സാഹചര്യം ഒഴിവാക്കാൻ എലിപ്പനിക്കുള്ള പ്രതിരോധ ഗുളികകൾ നൽകുവാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ക്യാമ്പിൽ താമസിക്കുന്ന എല്ലാവരുടെയും പരാതികൾ കേട്ട് നടപടികൾ കൈക്കൊള്ളാമെന്ന് മന്ത്രി ഉറപ്പു നൽകി. ക്യാമ്പിലെ ആരോഗ്യവിഭാഗവും അടുക്കളയും പരിശോധിച്ച അദ്ദേഹം ക്യാമ്പുകളിലെ പ്രവർത്തനം തൃപ്തികരമാണെന്ന് പറഞ്ഞു.
ചെന്ത്രാപ്പിന്നി എച്ച് എസ് എസിൽ നിലവിൽ 35 കുടുംബങ്ങളിലായി 89 പേരും കാക്കാത്തുരുത്തിയിൽ 27 കുടുംബങ്ങളിലായി 88 പേരുമാണ് താമസിക്കുന്നത്.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ, ജില്ലാ കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ വി എസ് പ്രിൻസ്, കെ എസ് ജയ, ആർ ഡി ഒ, കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ എന്നിവർ മന്ത്രിയോടൊപ്പം സന്ദർശക സംഘത്തിൽ ഉണ്ടായിരുന്നു.
Leave A Reply
error: Content is protected !!