അതിവേഗം ബഹുദൂരം !

അതിവേഗം ബഹുദൂരം !

-ദിവാകരൻ ചോമ്പാല

“ഭൂമി കുഴിച്ചുകുഴിച്ചു നടക്കും ഭൂതത്താനെ ,നീകുഴിച്ച കുഴിയിൽ വീണത് നീതന്നെ ”

അരനൂറ്റാണ്ടിനുമപ്പുറം വയലാർ രാമവർമ്മഎഴുതിയ വരികൾ അറിയാതെ ഓർത്ത് പോകുന്നു . കൂട്ടത്തിൽ ഒന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തതും ഓർക്കുന്നു .
”കൊടുത്തതെല്ലാം കിട്ടും മുൻപേ
കുരുക്കഴിക്കുവതെങ്ങിനെ? ”
കൊടുത്താൽ കൊല്ലത്തും കിട്ടും ,കൊണ്ടാലും കിട്ടിയാലും പഠിക്കാത്തവർ തടങ്ങിയ ഒരുകൂട്ടം ചൊല്ലുകൾ മലയാളത്തിൽ വേറെയുമുണ്ട് . കിട്ടിയാലും പഠിക്കാത്തവർ എന്ന് പറയുന്നത് ആരെക്കുറിച്ചാണ് ? നമ്മളുടെ സ്വാർത്ഥലാഭത്തിനായി പ്രകൃതിയെ പരുക്കേൽപ്പിച്ചുകൊണ്ട് വികസനപദ്ധതികൾ നടപ്പിലാക്കുന്നവർ ആ പട്ടികയിൽ വരുമോ എന്തോ ?

കേരളത്തിൻറെ വടക്കേ അറ്റമായ കാസർഗോഡ് നിന്നും 529 കിലോമീറ്റർ അകലത്ത് കിടക്കുന്ന തിരുവനന്തപുരത്തെത്താൻ നിലവിൽ തീവണ്ടിയാത്രക്ക് 12 മണിക്കൂറെങ്കിലും വേണം . കേരള സർക്കാരും ഇന്ത്യൻ റയിൽവേയും സംയുക്തമായി രൂപീകരിച്ച കേരള റയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ എന്ന കെ റയിൽ പദ്ധതി നടപ്പിലാക്കുന്നതോടെ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള തീവണ്ടിയാത്ര 12 മണിക്കൂർ എന്ന നിലയിൽ നിന്നും ഗണ്യമായ കുറവോടെ 4 മണിക്കൂർ കൊണ്ട് സാധ്യമാകുമെന്ന ശുഭ പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ . 200 കിലോ മീറ്റർ വേഗതയിൽ തീവണ്ടി ഓടിക്കാനുള്ള കർമ്മപദ്ധതിയുമായാണ് കെ റയിൽ മുന്നോട്ട് പോകുന്നത്‌. ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജപ്പാൻ ഇൻറ്റർനേഷണൽ കോ ഓപ് ഏജൻസി ( JAICA )യുടെ സാങ്കേതിക സഹകരണങ്ങളോടെ 63941 കോടി രൂപ നിർമ്മാണച്ചിലവിൽ 6 വർഷങ്ങൾക്കകം പണി പൂർത്തീകരിക്കാനാവുമെന്ന പ്രതീക്ഷയോടെ നടപ്പിലാക്കുന്ന ഈ ബൃഹത് കർമ്മപദ്ധതി കേരളത്തിൻറെ സമീപകാല വികസനത്തിന് മുതൽക്കൂട്ടാവുമോ ?
അതോ കേരളത്തിലെ ജനജീവിതത്തിന് തീരാ ശാപമായിത്തീരുമോ ? ശാസ്ത്രജ്ഞന്മാരും , പരിസ്ഥിതി പ്രവർത്തകരും നിരീക്ഷണബുദ്ധിയോടും ദീർഘവീക്ഷണത്തോടെയും നോക്കിക്കാണേണ്ട വിഷയമാണിതെന്ന് വിനയപൂർവ്വം .

കേരളത്തിൻറെ വിഹിതമായി 3253 കോടി രൂപ ,റയിൽവേ വിഹിതം 3125 കോടി ,പബ്ലിക് എക്യുറ്റിയായി 4252 കോടി. ഇതിനുപുറമെ വിദേശവായ്‌പയായി 33700 കോടി രൂപ വേറെയും പദ്ധതി ചിലവുകൾ . ചെറുതും വലുതുമായ 90314 കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടതായും വരുമെന്നറിയുന്നു. അതിവേഗ റെയിൽപാത ഒരുക്കാൻ 4 മീറ്റർ മുതൽ 10 മീറ്റർ വരെ മണ്ണിട്ടുയർത്തിയ ഉയരങ്ങളിൽ റെയിൽ പാളങ്ങൾസ്ഥാപിക്കേണ്ടതായിവരുമത്രെ . പ്രളയബാധിത പ്രദേശങ്ങൾ ഏറെയുള്ള ഇടങ്ങളിൽ ഇരുപതടി ഉയരത്തിൽ വരെ മതിലുകൾപോലെ മണ്ണിട്ടുയർത്തിയാണ് റയിൽപാളങ്ങൾ സ്ഥാപിക്കുകയെന്നും വാർത്തകൾ വ്യക്തമാക്കുന്നു.ഈ വന്മതിലിനുമിപ്പുറത്തും മറുപുറത്തുമായി രണ്ടു വൻകരകളിലെന്നനിലയിൽ ജനങ്ങൾ വിഭജിക്കപ്പെട്ടപോലെ ജീവിക്കേണ്ട ദുരവസ്ഥയും തള്ളിക്കളായാവുന്നതല്ല .

അതീവ ഗൗരവമായതോതിൽ പാരിസ്ഥിക പഠനനിരീക്ഷണങ്ങൾ ഇതിനകം നടന്നിട്ടുണ്ടെന്നും തുടർന്ന് ഇനി സാമൂഹിക ആഘാതപഠനം നടത്തുമെന്നും ഭയാശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും കെ റെയിൽ പദ്ധതി പൊതു ഗതാഗതത്തിൻറെ ഭാഗമാണെന്നും മറ്റും ബഹു: മുഖ്യമന്ത്രി ആവർത്തിച്ച് വ്യക്തമാക്കുമ്പോഴും കേരളത്തിലെ ജൈവസമ്പുഷ്ടതക്കും വ്യത്യസ്ഥ തലങ്ങളിലായുള്ള ജനജീവിതത്തിനും പാരിസ്ഥിക ദുരന്തങ്ങൾക്കും കെ റെയിൽ പദ്ധതിയുടെ പ്രഹരശേഷി തടുക്കാനാവില്ലെന്ന് കാര്യകാരണസഹിതം പ്രതിപക്ഷം വ്യക്തമാക്കുന്നതായുമാണ്‌ സമീപകാലവാർത്തകൾ സാക്ഷ്യപ്പെടുത്തുന്നത് .
പ്രതിപക്ഷസ്ഥാനത്തിരിക്കുമ്പോൾ എക്സ്പ്രസ്സ് ഹൈവേ പദ്ധതിക്കുനേരെ മുഖം തിരിച്ചവരാണ് കെ റെയിൽ പദ്ധതിക്ക് മുന്നിട്ടിറങ്ങിയതെന്ന പറച്ചിൽ ആക്ഷേപഹാസ്യം പോലെആസ്വദിക്കുന്നവരുടെ എണ്ണവും കേരളത്തിൽ കുറവല്ല .

88 കിലോമീറ്റർ ദൂരപരിധിയിൽ ആകാശപാതയിലൂടെ അതിവേഗം കുതിക്കുന്ന തീവണ്ടിയിൽ ഒരുദിവസം ഒരു ട്രിപ്പിൽ 675 യാത്രക്കാർ എന്നനിലയിൽ ദിവസേന പല ട്രിപ്പുകളിലായി മൊത്തം 79000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഈ അതിവേഗ ട്രെയിനിൽ ഒരു കിലോ മീറ്റർ ദൂരം യാത്രചെയ്യാൻ രണ്ടുരൂപ എഴുപത്തിയഞ്ച് പൈസ നിരക്കിൽ 529 കൊണ്ട് ഗുണിച്ചാലറിയാം പദ്ധതിയുടെ മെച്ചമെന്താണെന്ന് .സമൂഹത്തിലെ അപ്പർ ക്ളാസിൽപെട്ട സമ്പന്നവിഭാഗത്തിന് ഈ ടിക്കറ്റ് നിരക്ക് സ്വീകാര്യമാണെങ്കിലും ഇടത്തരക്കാരായ ബഹുഭൂരിഭാഗം യാത്രക്കാരും മിതമായ നിരക്കിലുള്ള നിലവിലുള്ള തീവണ്ടി യാത്രയെത്തന്നെയായിരിക്കും ആശ്രയിക്കുകയെന്നത് വ്യക്തം. ജപ്പാനിലെ വികസനം ഒറ്റയടിക്ക് കേരളത്തിൽ നടപ്പിലാക്കണമെന്ന ആഗ്രഹം സദുദ്ദേശപരമാണെങ്കിലും പ്രായോഗികതയുടെ കാര്യത്തിൽ ഏറെ പുറകിലാണ് നമ്മുടെ നാടെന്ന സത്യം ആർക്കാണറിഞ്ഞുകൂടാത്തത്?.ആന വായ പിളർക്കുന്നപോലെ അണ്ണാനാവില്ലെന്ന് തീർച്ച . നാലു വിമാനത്താവളമുള്ള കേരളത്തിൽ നിർദ്ധന കുടുംബങ്ങളെ ഒഴിപ്പിച്ചു കൊണ്ട് നടത്തുന്ന കെ.റെയിൽ പദ്ധതിക്കനുകൂലമായ ന്യായീകരണങ്ങൾ സ്വീകരിക്കാനോ അംഗീകരിക്കാനോ ആവില്ലെന്നും ലക്ഷത്തിലേറെ കുടുംബങ്ങളുടെ ജീവിത നിലവാരത്തെ സാരമായി ബാധിക്കുന്ന കെ.റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായിനിരവധി പ്രമുഖർ രംഗത്തെത്തിയിട്ടുമുണ്ട്.

ഈ അതിവേഗ തീവണ്ടിയാത്രാ പദ്ധതിക്കായി ആഗോളധനസഹായ സ്ഥാപനങ്ങളിൽ നിന്നും കടവായ്പ്പയായി എടുക്കുന്ന കോടികൾക്ക് പലിശയിനത്തിൽ ഒരുവർഷം നൽകേണ്ടി വരുന്ന തുക മാത്രം ഉപയോഗിച്ചാൽ നിലവിലുള്ള റയിൽ പാത നിലവിലുള്ളതിലേറെ വികസിപ്പിക്കാനാവുമെന്നും ഉന്നതർ പറയുന്നു. ശാസ്ത്രസാങ്കേതിക സാമ്പത്തികതലങ്ങളിലൂടെയും,സാമൂഹിക പാരിസ്ഥികതലങ്ങളിലൂടെയും സമഗ്രമായ തോതിൽ ആഘാത പഠനം നടത്തേണ്ട വിഷയമാണെന്നും വിദഗ്‌ധാഭിപ്രായം .
കെ റയിൽ പദ്ധതിക്കായി ലക്ഷത്തോളം വലുതും ചെറുതുമായ കെട്ടിടങ്ങൾ പൊളിക്കേണ്ടതായുണ്ട്. ഏത് കടലിൽ കൊണ്ടുപോയിത്തള്ളും ഈ മാലിന്യങ്ങൾ .

നിർമ്മാണപ്രവർത്തനങ്ങൾക്ക് ലക്ഷക്കണക്കിന് ലോറികളിൽ കരിങ്കല്ലൂകൾ വേണ്ടിവരും . അത്രയോ അതിലേറെയോ മണ്ണും മണലും മറ്റും വേണ്ടതായും വരും ജപ്പാനിൽ നിന്നും സാങ്കേതികസൗകര്യമല്ലാതെ കരിങ്കല്ലും മണ്ണും കേരളത്തിലെത്തില്ല തീർച്ച. എത്ര കുന്നിടിച്ച് നിരത്തിയാലായിരിക്കും ഇത്രയേറെ മണ്ണ് കിട്ടുക ?. ഒരു സെന്റി മീറ്റർ കനത്തിൽ ഭൂമിയിൽ മണ്ണുണ്ടാകണമെങ്കിൽ ചുരുങ്ങിയത് നാനൂറ് വർഷമെങ്കിലും വേണ്ടിവരുമെന്നാണ് ഭൗമ ശാസ്ത്രജ്ഞന്മാരുടെ സ്ഥിരീകരണം .ശക്തവും അതിശക്തവുമായ കനത്ത മഴയെത്തുടർന്ന് ഇത്തരം മേൽമണ്ണ് കുത്തിയൊലിച്ച് വെള്ളത്തോടൊപ്പം മറ്റെവിടെയെങ്കിലും നിക്ഷേപിക്കപ്പെടുന്നു.

.ഒന്നുകിൽ പുഴയിൽ അല്ലെങ്കിൽ കടലിൽ ചെന്നെത്തിയെന്നും വരാം. പ്രത്യേകിച്ചും 44 നദികളുള്ള കേരളത്തിൽ . കേരളത്തിലെ പരിസ്ഥിതിദുർബ്ബല മേഖലകളിൽ വരെ വഴിവിട്ടരീതിയിൽ കരിങ്കൽ ക്വാറികൾ ഭൂമി തുര ന്നിറങ്ങുമോ എന്തോ ? നിയന്ത്രണ വിധേയമല്ലാത്ത തരത്തിൽ മണ്ണെടുക്കലും മലതുരക്കലും മണലൂറ്റലും കൊണ്ട് ദൈവത്തിൻറെ സ്വന്തം നാട് ചെകുത്താൻ കയറിയ നാടായി മാറുമില്ലെന്നെന്തുറപ്പ് ? നിബിഢവനങ്ങളല്ലെങ്കിലും നിത്യഹരിത വനങ്ങളുടെ കൊച്ചുകൊച്ചു പതിപ്പുകളായ നമ്മുടെ പണ്ടത്തെ കാവുകളിൽ ബഹുഭൂരിഭാഗവും ജെ സി ബി കയറിനിരങ്ങി വെട്ടിക്കിളച്ചുമാറ്റി. ഉൾനാടൻ ഗ്രാമങ്ങളിൽ വരെ കൂറ്റൻ കോൺക്രീറ്റ് കാടുകൾക്ക് രൂപകൽപ്പന നിർവ്വഹിക്കുന്നതും സമീപകാല ദൃശ്യങ്ങൾ .കിളിയൊച്ച കേട്ടുണർന്ന പ്രഭാതങ്ങൾ പോലും ഓർമ്മക്കാഴച്ചകളായവശേഷിക്കുന്നു.

സുഗതകുമാരിടീച്ചർ

സൈലന്റ്‌വാലിയിലൂടെ പരന്നൊഴുകുന്ന കുന്തിപ്പുഴയെ , സൈരന്ധ്രി വനത്തെ നശിപ്പിച്ചുകൊണ്ടായാലും വേണ്ടില്ല അണക്കെട്ടുനിർമ്മാണം നടക്കണം എന്ന താൽപ്പര്യങ്ങൾക്കെതിരെ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കാൻ ,ത്യാഗോജ്വലമായ സഹനസമരമുറകളിലുടെ പ്രകൃതിസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മുൻനിരക്കാരിൽ ഏറെ മുന്നിലായിരുന്നു സുഗതകുമാരിടീച്ചർ എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് 1984 ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ കുന്തിപ്പുഴയിലെ പാത്രക്കടവ് ജലവൈദ്യുതി പദ്ധതി നിർത്തലാക്കിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം.1985 ൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ്‌വാലി ദേശീയോദ്യാനമായി രാഷ്ട്രത്തിന് സമർപ്പിച്ചതും .

”ഏതു ഗ്രാമത്തിൽ നിലവിൽ വരുന്ന ഏതു പദ്ധതികളെപ്പറ്റിയും തീരുമാനമെടുക്കേണ്ടത് ആ ഗ്രാമത്തിലെ ജനങ്ങളാവണം. ഗ്രാമങ്ങളിലെ കർഷകരും മുക്കുവരും ആദിമനിവാസികളുമാണ് പ്രകൃതിയെ പരിപാലിക്കുന്നവരും സംരക്ഷിക്കുന്നവരും, കാരണം അവർക്കാണ് പ്രകൃതിയുടെ വിലയറിയുന്നതും അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയുന്നതും -”

ഡോ .മാധവ് ഗാഡ്‌ഗിൽ

പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായുള്ള വിദഗ്‌ധസമിതിയുടെ തലവനും ലോകപ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനുമായ ഭാരതീയൻ ഡോ .മാധവ് ഗാഡ്‌ഗിൽ പറയുന്നതങ്ങിനെ . കരിങ്കൽക്വാറികളിൽ ഉഗ്രസ്ഫോടനം നടത്തുമ്പോൾ ചുറ്റുപാടുകളിലുള്ള കുന്നുകളിലെ പാറകളുടെ ഘടനയെവരെ അത് സാരമായി ബാധിക്കുക മാത്രമല്ല പാറകളുടെ വിഘടനത്തിന് കാരണമാകുന്നതോടെ ആ പ്രദേശം തന്നെ ദുർബ്ബലമായിപ്പോകുകയുംചെയ്യുമത്രേ . ക്വാറികളുടെ പ്രവർത്തനത്തെ ഈ രീതിയിൽ വേണം നോക്കിക്കാണാൻ . ” അതിവേഗം ബഹുദൂരം എന്നനിലയിൽ വികസനത്തിന്റെ കുതിപ്പിനായി കോടാനുകോടി രൂപ ചിലവഴിച്ചുകൊണ്ടുള്ള കർമ്മപദ്ധതികൾ ആസൂത്രണം ചെയ്‌തുകൊണ്ട്‌ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കുമ്പോൾ നാടിനും നാട്ടുകാർക്കും ഗുണത്തിനായിരിക്കണം .

പകരം കരാറെടുത്തവരെ സമ്പന്നരാക്കാൻവേണ്ടിമാത്രമാവരുതെന്ന് ആരെങ്കിലും പറഞ്ഞുപോയാൽ അവരെ കുറ്റം പറയാനാകുമോ ?നേരത്തെ നടപ്പിലാക്കിയ പദ്ധതികളിൽ ചിലതിനെ ”പഞ്ചവടിപ്പാലം ” എന്ന് വിളിപ്പേരിട്ട് അപഹസിക്കുമ്പോഴും നാണമില്ലാത്തവന്റെ ആസനത്തില്‍ ആലു കൂടി മുളച്ചു എന്ന് പറയുന്നപോലെയാണ് പലരുടെയും സ്ഥിതിയെന്നതും കേട്ടുകേൾവി. 74 കോടിയിലേറെ രൂപ ചിലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ സൗകര്യമൊരുക്കിക്കൊണ്ട് കോഴിക്കോടിന്റെ അഭിമാനമെന്ന നിലയിൽ നിർമ്മിച്ച കെ എസ് ആർ ടി സി ടെർമിനൽ നിർമ്മാണവൈകല്യത്തിൻറെ ,കെടുകാര്യസ്ഥയുടെ നേർക്കാഴ്ചയായി നോക്കുകുത്തിയെപ്പോലെ കോഴിക്കോടിന്റെ ശാപമായി മാവൂർ റോഡിൽ സ്ഥിതിചെയ്യുന്നതിന്റെ നേർക്കാഴ്ചകൾ ഇന്നത്തെ മാതൃഭൂമി എഡിറ്റോറിയൽ വ്യക്തമാക്കുന്നു. കെ റയിൽ പദ്ധതി വന്നെങ്കിൽ ആരോ ഏഴോ കൊല്ലങ്ങൾക്കപ്പുറം ഇതേ കോളത്തിൽ മാതൃഭൂമിയിൽ ഇതുപോലൊരു വാർത്ത വരില്ലെന്നെന്തുറപ്പ് ?  റിയൽ എസ്റ്റേറ്റ് മാഫിയകളെ വളമിട്ട് വളർത്താനുള്ള പദ്ധതിയാണ് കെ റയിൽ എന്ന് റയിൽ വിരുദ്ധ സമര വേദികളിൽ മുഴങ്ങികേൾക്കുന്നതിൽ കഴമ്പുണ്ടോ എന്തോ ? കോവിഡ് 19 വരുത്തിവെച്ച വിനാശകരമായ അവസ്ഥയിൽ നിന്നും ജനങ്ങൾ പൂർണ്ണമായും സാധാരണ നിലയിലെത്തിയിട്ടില്ല .കടുത്ത സാമ്പത്തികപ്രതിസന്ധികളുടെ നടുക്കടലിൽ മുങ്ങിത്താഴുന്ന എണ്ണമറ്റ ആളുകളുള്ള കേരളത്തിൽ അതിവേഗതീവണ്ടിയാണോ അതിജീവനത്തിൻറെ വഴിയൊരുക്കലാണോ അടിയന്തിരമായി ചെയ്യേണ്ടതെന്ന് അറിവുള്ളവർ തീരുമാനിക്കുമെങ്കിൽ സന്തോഷം .

 

 

Leave A Reply
error: Content is protected !!