പുതിയപാലത്ത് വലിയപാലം: കെട്ടിടംപൊളി വീണ്ടും തുടങ്ങി

പുതിയപാലത്ത് വലിയപാലം: കെട്ടിടംപൊളി വീണ്ടും തുടങ്ങി

കോഴിക്കോട് : പുതിയപാലത്ത് വലിയപാലം നിർമിക്കുന്നതിന്റെ ഭാഗമായി പുതുക്കിയ എസ്റ്റിമേറ്റ് സാങ്കേതികാനുമതിക്കായി സമർപ്പിച്ചു. പുതിയപാലത്തെ പഴയ കെട്ടിടങ്ങൾ പൊളിക്കുന്ന പണി വീണ്ടും തുടങ്ങി. നേരത്തേ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിനായിരുന്നു പദ്ധതിച്ചുമതല. ഇപ്പോഴത് കേരള റോഡ് ഫണ്ട് ബോർഡി(കെ.ആർ.എഫ്.ബി.)നാണ്. ഇവരാണ് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഓട, സമീപനറോഡ് എന്നിവയിലെല്ലാം ചെറിയ മാറ്റങ്ങളുണ്ട്.

വികസനപ്രവർത്തനങ്ങൾക്കായി ഏറ്റെടുത്ത കെട്ടിടങ്ങളാണ് ഇപ്പോൾ പൊളിക്കുന്നത്. അറുപത് കോടി രൂപയാണ് പാലത്തിനായി നേരത്തേ അനുവദിച്ചിരുന്നത്. 12 കോടിയോളം രൂപയാണ് 125 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ള പാലത്തിന് ചെലവുവരികയെന്നാണ് കണക്കാക്കിയിട്ടുള്ളത്. ബാക്കി നഷ്ടപരിഹാരത്തുകയാണ്. ജൂലായിൽ അപകടാവസ്ഥയിലുള്ള ഏതാനും കെട്ടിടങ്ങൾ പൊളിച്ചുനീക്കിയിരുന്നു. ഇപ്പോൾ വലിയ കെട്ടിടങ്ങൾ ഉൾപ്പെടെ പൊളിക്കുന്നുണ്ട്. ലേലത്തുകയുമായി ബന്ധപ്പെട്ട് ചിലതിന് സർക്കാരിന്റെ അംഗീകാരം ലഭിക്കണം.വലിയ പാലത്തിനുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് കാലങ്ങളായി. 1942-ൽ നിർമിച്ച പാലം തകർന്നപ്പോൾ 40 വർഷത്തിനുശേഷമാണ് പുതിയ പാലം പണിതത്.

Leave A Reply
error: Content is protected !!