സുഹൃത്തിനെ കൊന്നുതള്ളി, മാതാപിതാക്കളും മകനും അറസ്റ്റിൽ

സുഹൃത്തിനെ കൊന്നുതള്ളി, മാതാപിതാക്കളും മകനും അറസ്റ്റിൽ

കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ കൊലപാതകത്തില്‍ സുഹൃത്തും മാതാപിതാക്കളും അറസ്റ്റില്‍. പിണ്ടിമന പുത്തന്‍ പുരക്കല്‍ എല്‍ദോസ് (കൊച്ചാപ്പ 27) ഇയാളുടെ പിതാവ് ജോയി (58), മാതാവ് മോളി (55) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ചേലാട് സെവന്‍ ആര്‍ട്‌സ് സ്റ്റുഡിയോ ഉടമ എല്‍ദോസ് ആണ് കൊല്ലപ്പെട്ടത്.

സ്റ്റുഡിയോ ഉടമ എല്‍ദോസ്, കൊച്ചാപ്പ എന്നു വിളിക്കുന്ന എല്‍ദോസിന് മൂന്നു ലക്ഷം രൂപ കടം നല്‍കിയിരുന്നു. ഇത് തിരികെ നല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തുകയും മഴുക്കൈ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സ്‌ക്കൂട്ടറിലിരുത്തി കനാല്‍ ബണ്ടിനു സമീപം ഉപേക്ഷിച്ചു.

ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്തില്‍ പ്രത്യേക ടീം രൂപീകരിച്ച്‌ അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. കൊലപ്പെടുത്തുന്നതിന് ഉപയോഗിച്ച മഴുവും, എല്‍ദോസിന്റെ മൊബൈല്‍ ഫോണും കത്തിച്ച നിലയില്‍ കണ്ടെത്തി.

കോതമംഗലം പെരിയാര്‍ വാലിയുടെ ഭൂതത്താന്‍കെട്ട് ഹൈ ലെവല്‍ കനാലിന്റെ തീരത്ത് നിരവത്തു കണ്ടത്തില്‍ എല്‍ദോസ് പോളിനെ തിങ്കളാഴ്‌ച്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടടുത്ത് ഇദ്ദേഹം ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും മറിഞ്ഞ് കിടപ്പുണ്ടായിരുന്നു.

തലക്ക് പിറകിലേറ്റ പരിക്കാണ് മരണകാരണമെന്ന് ഉറപ്പായതോടെയാണ് കൊലപാതകമെന്ന സംശയത്തില്‍ പൊലീസെത്തുന്നത്. സ്‌കൂട്ടറിന് കാര്യമായ കേടുപാടില്ലാത്തതും സംശയം ബലപ്പെടുത്തി. സ്ഥരീകരിക്കാന്‍ എല്‍ദോസുമായി തര്‍ക്കമുള്ള ആളുകളെ കേന്ദ്രീകരിച്ച്‌ കോതമംഗലം പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതി എല്‍ദോ ജോയിലേക്കെത്തുന്നത്.

മരിച്ചയാളുമായി സാമ്ബത്തിക ഇടപാടുണ്ടായിരുന്നുവെന്നും അമ്മയില്‍ നിന്ന് പണം വാങ്ങി തിരികെ നല്‍കിയെന്നും പ്രതി പൊലീസിന് ആദ്യം മോഴി നല്‍കി. ഇത് ശരിയാണോയെന്നറിയാന്‍ മാതാപിതാക്കളെ ചോദ്യം ചെയ്തതാണ് കേസില്‍ വഴിത്തിരിവാകുന്നത്.

മകന് പണം നല്‍കിയില്ലെന്ന് അമ്മ പൊലീസിനെ അറിയിച്ചതോടെ പ്രതി കുറ്റം സമ്മതിച്ചു. രാത്രിയില്‍ വീട്ടിലെത്തി പണം തിരികെ ചോദിച്ച്‌ എല്‍ദോസ് തന്നെ മര്‍ദ്ദിച്ചുവെന്നും ഇതിന്റെ ദേഷ്യത്തില്‍ തിരികെ അക്രമിച്ചതാണ് മരണത്തിന് കാരണമായതെന്നുമാണ് പ്രതി എല്‍ദോ ജോയിയുടെ മൊഴി.

കോടാലി കൊണ്ട് പുറകിലടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് മോഴി. മൃതദേഹം കനാല്‍ തീരത്തെത്തിക്കാന്‍ സഹായിച്ച പ്രതിയുടെ പിതാവ് ജോയിയെയും മാതാവ് മോളിയെയും പൊലീസ് അറസ്റ്റു ചെയ്തു. പിതാവും മാതാവും ചേര്‍ന്ന് മരിച്ച എല്‌ദോസിന്റെ മൊബൈല്‍ ഫോണും കോലപാതകത്തിനുപയോഗിച്ച കോടാലിയും നശിപ്പിച്ചതായും പൊലീസ് കണ്ടെത്തി. മൂവരെയും സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുത്ത് നശിപ്പിച്ച മൊബൈല്‍ ഫോണിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തു.

ജില്ലാപൊലീസ് മേധാവി കെ. കാര്‍ത്തിക്ക്, ഡി.വൈ.എസ്‌പി മുഹമ്മദ് റിയാസ്, സിഐമാരായ ബേസില്‍ തോമസ്, നോബിള്‍ മാനുവല്‍, കെ.ജെ പീറ്റര്‍, എസ് ഐ മാഹിന്‍ സലിം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

പെരിയാര്‍ വാലിയുടെ ഭൂതത്താന്‍കെട്ട് ഹൈലെവല്‍ കനാലിന്റെ തീരത്ത് യുവാവിന്റെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞതോടെ കൊലപാതകിക്കായുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്. എന്നാല്‍ അന്വേഷണം ഒടുവില്‍ കൊല്ലപ്പെട്ട എല്‍ദോസ് പോളിന്റെ (42) സുഹൃത്തിന്റെ വീടിന് മുന്നില്‍ എത്തിയപ്പോള്‍ നാട്ടുകാരും ബന്ധുക്കളും ഞെട്ടിത്തരിച്ചുപോയി.

എല്‍ദോസിന്റെ മൃതദേഹം കണ്ടെടുത്തപ്പോള്‍ ദുഃഖം അഭിനയിച്ച്‌ നാട്ടകാര്‍ക്കൊപ്പം സംഭവ സ്ഥലത്തെത്തുകയും അയല്‍വാസികളായതിനാല്‍ കൊല്ലപ്പട്ടയാാളുടെ കുടുംബത്തിന് ആശ്വാസമായി നില്‍ക്കുകയും ചെയ്ത ഒരു കുടുംബം മുഴുവന്‍ കൊലപാതക കേസില്‍ അറസ്റ്റിലായത് ഏവരെയും ഞെട്ടിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഏറെ നേരം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവവിലാണ് ഇവര്‍ കുറ്റം സമ്മതിച്ചത്.

രാത്രി 10 മണിക്കുശേഷം മൊബൈലില്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങിയ എല്‍ദോസിനെ പിന്നെ മക്കളിലൊരാള്‍ വിളിച്ചിരുന്നു. അപ്പോള്‍ ഉടന്‍ വരാമെന്നായിരുന്നു മറുപിടി. മൃതദ്ദേഹം കണ്ടെടുത്തിട്ടും എല്‍ദോസിന്റെ മൊബൈല്‍ കണ്ടുകിട്ടിയിരുന്നില്ല. മൊബൈലിലേയ്‌ക്കെത്തിയ അവസാന കോളിനെച്ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിക്കാന്‍ പൊലീസിന് സഹായകമായത്.

അടിയേറ്റുവീണ എല്‍ദോസ് തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് യുവാവ് ജഡം പിതാവിന്റെയും തന്റെയും നടുക്ക് ഇരുത്തി, എല്‍ദോസിന്റെ സ്‌കൂട്ടറില്‍ ഹൈലവല്‍ കനാലിന്റെ തീരത്തുകൊണ്ടുവരികുകയും താഴേയ്ക്കിടുകുമായിരുന്നു.ശേഷം ജഡം പതിച്ച ഭാഗത്ത് എത്തത്തക്കവിധം സ്‌കൂട്ടറും താഴേയ്ക്ക് തള്ളിയിട്ടു. ഇതിനുശേഷം വീട്ടിലെത്തിയ ഇവര്‍ തെളിവുനശിപ്പിക്കന്നതിനായി എല്‍ദോസിന്റെ മൊബൈലും തലയ്ക്കടിക്കാനുപയോഗിച്ച്‌ മഴുക്കൈയും തീയിട്ട് നശിപ്പിച്ചു. ഇതിന് ആവശ്യമായ സഹായം ചെയ്തതിനാണ് മാതാവിനെയും പ്രതിചേര്‍ത്തിട്ടുള്ളത്.

എല്‍ദോസിന്റെ വീട്ടില്‍ നിന്നും 250 മീറ്ററോളം അകലെയാണ് കൊലപാതകം നടന്ന പുതുക്കയില്‍ ജോണിന്റെ വീട് സ്ഥിതിചെയ്യുന്നത്. ജോയിയും കുടുംബവും ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. എല്‍ദോസിന്റെ മരണം സംബന്ധിച്ച്‌ പുറത്തുവന്ന വിവരങ്ങള്‍ അറിഞ്ഞ്് നാട്ടുകരെ ഞെട്ടിച്ചിരിക്കുകയാണ്. അരുംകൊല ചെയ്തിട്ടും ഒന്നും സംഭവിച്ചില്ലന്ന മട്ടില്‍ ഇവര്‍ എല്‍ദോസിന്റെ ജഡം കണ്ടെത്തിയ സ്ഥലത്ത് എത്തി, പൊലീസിന്റെ തെളിവെടുപ്പും മറ്റും വീക്ഷിച്ചിരുന്നെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന വിവരം. തെളിവ് നശിപ്പിച്ചതിനാല്‍ അന്വേഷണം തങ്ങളിലേയ്‌ക്കെത്തില്ലന്ന പ്രതീക്ഷയിലാണ് ജോയിയും കൂടുംബാംഗങ്ങളും ഒളിവില്‍ പോകാതിരുന്നതെന്നാണ് പൊലീസിന്റെ നിഗമനം.

Leave A Reply
error: Content is protected !!