കൈ കഴുകാം നല്ല ആരോഗ്യ ശീലം കൈമാറാം !

കൈ കഴുകാം നല്ല ആരോഗ്യ ശീലം കൈമാറാം !

-ടി. ഷാഹുൽഹമീദ്

നാളെ ലോക കൈകഴുകൽ ദിനം

ഒക്ടോബർ 15 .നാളെ കൈകഴുകൽ ദിനമായി ലോകം ആചരിക്കുകയാണ്. കോവിഡ് -19 കാരണം വിറങ്ങലിച്ചു നിന്ന ലോകം പതുക്കെ പുതിയ ജീവിത ക്രമത്തിലേക്ക്  കടന്നു വരുമ്പോഴാണ് ഇപ്രാവശ്യത്തെ കൈ കഴുകൽ ദിനം കടന്നു വരുന്നത്, മറ്റെല്ലാ ദിനവും പോലെ അവഗണിച്ചു പോകേണ്ട ഒരു ദിനമല്ല ലോക കൈ കഴുകൽ ദിനം. കോവിഡ് -19 ഉണ്ടാക്കിയ ഭീതിതമായ അന്തരീക്ഷത്തിൽ വ്യക്തിശുചിത്വം പൂർണ്ണമായും പാലിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിലും, നിത്യ ജീവിതത്തിൽ നിസാരവൽക്കരിക്കാൻ സാധ്യതയുള്ള പ്രവർത്തിയാണ് ലോകാരോഗ്യ സംഘടന  നിർദ്ദേശിക്കുന്ന രീതിയിലുള്ള കൈകഴുകൽ.

2008 മുതലാണ് ലോക കൈ കഴുകൽ ദിനം ആചരിച്ചുവരുന്നത്. ലോകത്തെ 20 ദശലക്ഷം കുട്ടികൾ ഈ ആഘോഷത്തിൽ പങ്കെടുത്ത് കൈകഴുകുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു എന്നതാണ് ഈ ദിനത്തിന്റെ പ്രത്യേകത. ലോകത്തെ 70 രാജ്യങ്ങളിൽ വളരെ സമുചിതമായി കൈകഴുകൽ ദിനം ആചരിക്കുന്നു. ഈവർഷത്തെ മുദ്രാവാക്യം “നമ്മുടെ ഭാവി “കൈ ‘കളിലാണ് ,നമുക്ക് ഒന്നിച്ച് മുന്നേറാം” എന്നതാണ് .ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് പ്രതിദിനം 5000 കുട്ടികൾ വയറിളക്കം അസുഖം കാരണം മരിച്ചു പോകുന്നു. കൃത്യമായി  30 സെക്കൻഡ് സോപ്പിട്ടു കഴുകിയാൽ 25% മുതൽ 50% വരെ അസുഖങ്ങൾ വരുന്നതിൽ നിന്ന് നമുക്ക് രക്ഷ കിട്ടും.

കോവിഡ് കാലത്ത് ചില ശീലങ്ങൾ പാലിച്ചെങ്കിലും പതിയെ അതൊക്കെ വിസ്മരിച്ചു പോകുന്ന ഘട്ടത്തിൽ കൈകഴുകൽ ജീവിതത്തിലെ അഭിവാജ്യ ദിനചര്യയാക്കി മാറ്റേണ്ടതായിട്ടുണ്ട് കൂടാതെ കുട്ടികളിലേക്ക് ഈ ശീലം കൃത്യമായി കൈമാറുവാൻ മുതിർന്നവർ തയ്യാറാവുകയും വേണം. ജീവിതത്തിൽ സെക്കൻഡ്കൾ മാത്രം ആവശ്യമായ കൈകഴുകൽ നമ്മുടെ വിലപ്പെട്ട ജീവൻ രക്ഷപ്പെടുത്തിയേക്കാം. നിസ്സാര വത്കരിക്കുന്നതിനുമുമ്പ് ചുറ്റുവട്ടത്തുള്ള രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കുന്ന പ്രവേശന മാർഗങ്ങളിലൊന്നാണ് കൈകൾ എന്ന് നാം തിരിച്ചറിയുക. ഒരു മനുഷ്യന്റെ വ്യക്തി സ്വഭാവത്തിൽ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ് കൈകൾ. വിവിധങ്ങളായ ഉദ്ദേശങ്ങൾക്ക് ഇടതടവില്ലാതെ കൈകൾ ചലിപ്പിക്കേണ്ടി വരുമ്പോൾ അതിലേക്ക് ആവാഹിക്കുന്ന രോഗാണുക്കളെ നിഷ്പ്രഭമാക്കാൻ കരണീയമായ ഒരു ശീലമാണ് ശാ സ്ത്രീയമായ കൈകഴുകൽ. കുട്ടികളിൽ ഇത് കൃത്യമായി ശീലിപ്പിച്ചാൽ ഭാവിഭാഗധേയങ്ങളായ  കുട്ടികളെ അസുഖത്തിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കുവാനും ഡോക്ടർമാരുടെ അടുത്തേക്കുള്ള ഇടക്കിടെയുള്ള യാത്ര ഒഴിവാക്കുവാനും സാധിക്കുന്നതാണ്.

വ്യക്തിപരമായി എത്ര ശ്രദ്ധിച്ചാലും വിവിധ അസുഖങ്ങൾ വരാൻ സാധ്യതയുള്ള ചുറ്റുവട്ടത്താണ് ജീവിക്കുന്നത് എന്ന ബോധ്യം ,കൈകഴുകി ജീവിതത്തെ അർത്ഥപൂർണ്ണമാക്കുവാൻ നമ്മെ പ്രചോദിതരാകുന്നു .ഇന്നത്തെ ദിവസം സ്വയം കൈ കഴുകിയും വീട്ടിലുള്ളവരെ ശീലിപ്പിച്ചും മറ്റുള്ളവർക്ക് ഈ അറിവ് പകർന്നു നൽകിയുംആഘോഷികാം ,സ്ഥിരമായി കൈ കഴുകുന്നവർ  ഓരോ പ്രവർത്തി ചെയ്തു കഴിഞ്ഞാലും 30 സെക്കൻഡ് സോപ്പുവെള്ളം ഉപയോഗിച്ചോ, മറ്റ് വിപണിയിൽ ലഭ്യമായ അംഗീകൃത വസ്തുക്കളുപയോഗിച്ചോ കൈകഴുകുന്ന മികച്ച ആരോഗ്യ ശീലത്തിലേക്ക് മാറുമെന്ന് പ്രതിജ്ഞ എടുത്ത് 2021ലെ കൈകഴുകൽ ദിനം സമ്പുഷ്ടം ആക്കാം.

Leave A Reply
error: Content is protected !!