ഉത്ര വധക്കേസിൽ ഉയരുന്ന നീതിയുടെ ചോദ്യങ്ങൾ

ഉത്ര വധക്കേസിൽ ഉയരുന്ന നീതിയുടെ ചോദ്യങ്ങൾ

വാഗ്ഭടൻ

ഉത്ര വധക്കേസിലെ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലാകെ നിറയുന്നത് വധശിക്ഷയാണ്. കേസിലെ പ്രതിയായ സൂരജിന് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കിയില്ലെന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. ഒരു പക്ഷെ, കേരളം കണ്ട എറ്റവും ക്രൂരമായ കൊലപാതകമെന്ന നിലയിലാകാം ഈ പ്രതികരണം.

പാമ്പിനെ കൊണ്ട് ഒരാളെ കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം സംസ്ഥാന ചരിത്രത്തിലാദ്യമാണ്. ശിക്ഷിക്കുന്നത് രാജ്യത്ത് ആദ്യമായാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് പറയുന്നു. അതുകൊണ്ടായിരിക്കണം ഇരട്ട ജീവപര്യന്തവും പുറമെ 17 വര്‍ഷ തടവും ശിക്ഷിച്ചത് കുറഞ്ഞ് പോയെന്ന ചര്‍ച്ച. സര്‍ക്കാര്‍ ചിലവില്‍ മുന്ന് നേരം ഭക്ഷണം നല്‍കി ജയിലില്‍ സംരക്ഷിക്കണമോയെന്ന ചോദ്യവും സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

എന്നാല്‍, വധശിക്ഷക്ക് എതിരെ ലോകവ്യാപകമായി ഉയരുന്ന കാമ്പയിന്‍ കാണാതെയാകില്ല മലയാളിയുടെ പ്രതിഷേധം. ആ കൊലപാതകത്തോടുള്ള സാധാരണക്കാരുടെ വൈകാരിക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. നീതിയുടെ നിഷേധമാണ് വധശിക്ഷയെന്നാണ് മാര്‍പാപ്പ പറഞ്ഞത്. വധശിക്ഷയ്ക്ക് എതിരായ ആഗോളസംഗമത്തിലാണ് മാര്‍പ്പാപ്പ നിലപാട് വ്യക്തമാക്കിയത്.

കുറ്റകൃത്യങ്ങള്‍ എത്ര കഠിനമായിരുന്നാലും വധശിക്ഷ അസ്വീകാര്യമാണ്. കാരണം ജീവന്റെ അനതിക്രമണീയതയ്ക്കും മനുഷ്യാന്തസ്സിനും വിരുദ്ധമായ തിന്മയാണ് വധശിക്ഷ. വ്യക്തിയെ നന്നാക്കിയെടുക്കുക എന്ന, ശിക്ഷയുടെ ന്യായമായ ലക്ഷ്യത്തോട് യോജിപ്പില്ലാത്ത ശിക്ഷാക്രമവുമാണിത്. കുറ്റവാളികൾക്ക് നീതി നടപ്പാക്കി കൊടുക്കുന്നില്ലെന്നു മാത്രമല്ല, അത് അവരിൽ പ്രതിഷേധവും വൈരാഗ്യവും വളർത്തുന്നു.

‘കൊല്ലരുത്’ എന്ന ദൈവകല്പനയ്ക്ക് പരമമായ മൂല്യമാണുള്ളത്. അത് നിർദ്ദോഷികൾക്കും കുറ്റവാളികൾക്കും ഒരുപോലെ ബാധകവുമാണ്. ദൈവം നല്കിയ ജീവൻ പരിരക്ഷിക്കപ്പെടണമെന്നും, ജീവിക്കുവാനുള്ള അവകാശം മാനിക്കപ്പെടണമെന്നും, ജീവന്റെ അനതിക്രമണീയത കുറ്റവാളികളെ സംബന്ധിച്ചും മാനിക്കപ്പെടേണ്ടതാണെന്നുമുള്ള സത്യം മറന്നു പോകരുത്. നീതി നടപ്പാക്കുക എന്നാല്‍ ശിക്ഷിക്കപ്പെടുക എന്നർത്ഥമില്ലെന്നും മാര്‍പ്പാപ്പ പറഞ്ഞിരുന്നു.
ഇതുതന്നെയാണ് നിതിയിലെ ചോദ്യങ്ങള്‍ എന്ന പരിപാടിയില്‍ ഏഷ്യാനെറ്റ് ന്യൂസിലെ രജനിയും പറഞ്ഞത്.

ആരുടെയും ജീവനെടുക്കാന്‍ ആര്‍ക്കും അവകാശമില്ല, മനുഷ്യരുടെ മാത്രമല്ല, ഒരു ജീവിയുടെയും. ഉത്ര കേസിലെ വിധി വന്ന അന്ന് തന്നയാണ് ഏഷ്യാനെറ്റ് ന്യൂസ് നിതിയിലെ ചോദ്യങ്ങള്‍ എന്ന പരിപാടി അവതരിപ്പിച്ചത്. എന്ത് കൊണ്ട് വധശിക്ഷ നല്‍കിയില്ലെന്ന പോതുസമൂഹത്തിന്റ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുന്നുണ്ട് നിയമ വിദഗ്ദര്‍. അപൂര്‍വ്വങ്ങളില്‍ അപര്‍വ്വമാകുന്ന കേസുകള്‍ ഏതൊക്കെയെന്നും വിശദീകരിക്കുന്നു. അപ്പില്‍സാധ്യതകള്‍ തുടങ്ങി കേസിന്റ ഇതുവരെയുള്ള നാള്‍വഴികളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി പരിപാടി.

വകുപ്പ് തിരിച്ച് ഓരോന്നിലും ലഭിച്ച ശിക്ഷ, പിഴ എന്നിവയൊക്കെ വിശദീകരിക്കുേമ്പാള്‍ ഒന്നുറപ്പ്, മേല്‍കോടതികളില്‍ നിന്നും ഇളവ് ലഭിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ സൂരജ് ജയിലില്‍ ആയിരിക്കും. ആദ്യ 17 വര്‍ഷം വിവിധ വകുപ്പുകള്‍ പ്രകാരമുള്ള തടവ് അനുഭവിച്ച് തീര്‍ത്തതിന് ശേഷമാണ് ഇരട്ട ജീവപര്യന്തം ആരംഭിക്കുക. കുറഞ്ഞ പ്രായം, മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്തത് തുടങ്ങിയവ അനുകൂല ഘടകങ്ങള്‍ ആയെന്ന് കോടതി നീരിക്ഷിച്ചപ്പോഴും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലാത്ത കേസുകളില്‍ നല്‍കാവുന്ന പരമാവധി ശിക്ഷയാണ് വിധിച്ചത്.

പാമ്പിനെ ഉപയോഗിച്ചുള്ള ആദ്യ കൊലപാതകമെന്ന മലയാളിയുടെ ധാരണ തിരുത്തിയതും ഏഷ്യാനെറ്റ് ന്യൂസാണ്. മഹാരാഷ്ട്രയിലും രാജസ്ഥാനിലും സമാനമായ കേസുകള്‍ ഉണ്ടായതായി പറഞ്ഞു തരുന്നു. ഇതില്‍ ശാസ്ത്രീയമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ മഹാരാഷ്ട്രയിലെ കേസില്‍ പ്രതികളെ വെറുതെ വിട്ടു. രാജസ്ഥാനിലെ കേസ് വിചാരണയിലാണ്. ഉത്ര കേസ് അവിടെയും ചര്‍ച്ച ചെയ്യപ്പെടും. എന്നാല്‍, പലരും കാണാതെ പോകുന്നത് സൂരജ്-ഉത്ര ദമ്പതികളുടെ കുഞ്ഞിനെയാണ്. സ്വന്തം കുഞ്ഞിനെ അനാഥനാക്കിയ ക്രൂരത കൂടിയാണ് സൂരജില്‍ നിന്നുണ്ടായത്. ആ പിഞ്ചു കുഞ്ഞിന്റ കളിയും ചിരിയും കാണാത്ത പിതാവിനെ എന്ത് വിളിക്കണം?

 

Leave A Reply
error: Content is protected !!