ടീം ഇന്ത്യയുടെ ചുള്ളൻമാർ ‘ബില്യണ്‍ ചിയേഴ്‌സ്’ ജേഴ്‌സിയണിഞ്ഞ് ബുര്‍ജ് ഖലീഫയില്‍

ടീം ഇന്ത്യയുടെ ചുള്ളൻമാർ ‘ബില്യണ്‍ ചിയേഴ്‌സ്’ ജേഴ്‌സിയണിഞ്ഞ് ബുര്‍ജ് ഖലീഫയില്‍

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്പോണ്‍സര്‍മാരായ എം.പി.എല്‍ സ്‌പോര്‍ട്‌സ് ടീമിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ് . ഒക്ടോബറിൽ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നോടി ആയാണിത്.

‘ബില്യണ്‍ ചിയേഴ്‌സ് ജേഴ്‌സി’ എന്ന് പേരിട്ടിരിക്കുന്ന വസ്ത്രം കടും നീല നിറത്തിലാണ്. ഒക്ടോബര്‍ 17 മുതല്‍ യു.എ.ഇ.യിലും ഒമാനിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുക . 1992-ലെ ഇന്ത്യന്‍ ടീം അണിഞ്ഞിരുന്നതിനോട് സാദൃശ്യമുള്ള ജേഴ്‌സിയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം ഉപയോഗിക്കുന്നത്.

അതെ സമയം ബിസിസിഐ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ ജേഴ്‌സി പുറത്തിറക്കിയതിനു പിന്നാലെ  ഇത് സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്‌തു .ലോകത്തെ വിസ്മയിപ്പിച്ച ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയിലും ഇന്ത്യയുടെ പുതിയ ജേഴ്‌സി പ്രദര്‍ശിപ്പിച്ചത് കൗതുകമായി. 13-ാം തീയതി വൈകീട്ടോടെയാണ് ബുര്‍ജ് ഖലീഫയില്‍ ഇന്ത്യയുടെ ജേഴ്‌സി പ്രദര്‍ശിപ്പിക്കപ്പെട്ടത്.

ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, കെ.എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ ഇന്ത്യയുടെ പുതിയ ജേഴ്‌സി ധരിച്ച് നില്‍ക്കുന്ന ചിത്രമടക്കമാണ് ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. ഒക്ടോബര്‍ 18-ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തില്‍ ഇന്ത്യ ‘ബില്യണ്‍ ചിയേഴ്‌സ് ജേഴ്‌സി’യിൽ ഇറങ്ങുമെന്നാണ് വിവരം .

Leave A Reply
error: Content is protected !!