അതിദരിദ്രരുടെ പുനരധിവാസം: യോഗം ചേർന്നു

അതിദരിദ്രരുടെ പുനരധിവാസം: യോഗം ചേർന്നു

തൃശൂര്‍:   അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാരുടെ യോഗം കിലയിൽ ചേർന്നു. യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അധ്യക്ഷയായി. ജില്ലയിലെ അതിദരിദ്രരെ കണ്ടെത്തി അവരെ കൈപിടിച്ചുയർത്തി സമൂഹത്തോട് ചേർത്തുനിർത്തുന്ന നടപടി സാമൂഹിക ഉത്തരവാദിത്തമായി തന്നെ ഏറ്റെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരും നേതൃത്വപരമായ സമീപനം കൈകൊണ്ട് ഈ പ്രക്രിയയ്ക്ക് പൂർണ സഹകരണം നൽകണമെന്ന് യോഗത്തെ ഓൺലൈനായി അഭിസംബോധന ചെയ്ത് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു.

അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള സർക്കാർ പദ്ധതിയുടെ പ്രാഥമിക ഘട്ടമായി ജില്ലയിലെ അതിദരിദ്രരുടെ പട്ടിക ഡിസംബർ 31 നകം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപന തല, വാർഡ് തല ജനകീയ സമിതികൾ ഒക്ടോബർ 20 ന് മുമ്പായും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നോഡൽ ഓഫീസർമാർക്കും ജനപ്രതിനിധികൾക്കുമുള്ള പരിശീലനങ്ങൾ 28ഓടെയും പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു.

വിവരങ്ങൾ മൊബൈൽ ആപ്പ് വഴി അപ്ഡേറ്റ് ചെയ്യുന്നതിനും പദ്ധതി നടത്തിപ്പിനായി വാർഡ് തലത്തിൽ 2 എന്യുമറേറ്റർമാരെ കണ്ടെത്തുന്നതിനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് തദ്ദേശസ്ഥാപന അധ്യക്ഷൻമാരെ ചുമതലപ്പെടുത്തി. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് നഫീസ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബസന്ത് ലാൽ, ഇരിഞ്ഞാലക്കുട മുൻസിപ്പാലിറ്റി ചെയർപേഴ്സൺ സോണിയ ഗിരി, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ പ്രസിഡന്റ് അനൂപ് കിഷോർ, ജില്ലാ നോഡൽ ഓഫീസർ സെറീന എ റഹ്മാൻ എന്നിവർ സന്നിഹിതരായി.

Leave A Reply
error: Content is protected !!