മോദിയുടെ ‘പേര്’ പറഞ്ഞ് 2022 തെരഞ്ഞെടുപ്പ് ജയിക്കാനാകുമെന്ന് കരുതേണ്ട : കേന്ദ്ര സഹമന്ത്രി

മോദിയുടെ ‘പേര്’ പറഞ്ഞ് 2022 തെരഞ്ഞെടുപ്പ് ജയിക്കാനാകുമെന്ന് കരുതേണ്ട : കേന്ദ്ര സഹമന്ത്രി

ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പേര്’ പറഞ്ഞു മാത്രം ഇനിയും തെരഞ്ഞെടുപ്പ് ജയിക്കാനാകുമെന്ന് പ്രതീക്ഷയില്ലെന്ന് കേന്ദ്ര സഹമന്ത്രി റാവു ഇന്ദർജിത്ത് സിങ്. ഹരിയാനയിൽ ബി.ജെ.പിയുടെ ആഭ്യന്തര യോഗത്തിനിടെയായിരുന്നു കേന്ദ്ര കോർപറേറ്റ് കാര്യ സഹമന്ത്രിയായ റാവു ഇന്ദർജിത്ത് സിങ്ങിന്റെ വിലയിരുത്തൽ .2024 ലാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

‘ മോദിയുടെ ആശീർവാദം നമുക്കുണ്ട്. എന്നാൽ ഹരിയാനയിൽ മോദിയുടെ പേര് പറഞ്ഞ് മാത്രം ഇനിയും വോട്ട് നേടി ജയിക്കാമെന്ന് ഉറപ്പില്ല. മോദിയുടെ പേരിൽ ആളുകൾ വോട്ട് ചെയ്യണമെന്നതായിരിക്കാം നമ്മുടെ ആഗ്രഹം. എന്നാൽ, താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ബി.ജെ.പി പ്രവർത്തകരുടെ പ്രവർത്തനത്തിന്‍റെ ഫലം പോലെയിരിക്കും വോട്ടുകൾ ലഭിക്കുക’ -റാവു ഇന്ദർജിത്ത് ചൂണ്ടിക്കാട്ടി .

“2014 ൽ ബി.ജെ.പിക്ക് അധികാരം കിട്ടിയത് മോദിയുടെ പേരിലാണെന്നതിൽ തർക്കമില്ല. മുഴുവൻ സംസ്ഥാനങ്ങളിലും അത് തരംഗം സൃഷ്ടിച്ചിരുന്നു. ഹരിയാനയിൽ ആദ്യമായി നമുക്ക് സർക്കാർ രൂപീകരിക്കാനായി. രണ്ടാംതവണയും നമുക്ക് അധികാരം ലഭിച്ചു. എന്നാൽ, അടുത്ത തവണ മറ്റൊരു കക്ഷിക്ക് അവസരം ലഭിക്കാനും സാധ്യതയുണ്ട്. ഭൂരിപക്ഷത്തിനാവശ്യമായ 45 സീറ്റുകൾ നിലനിർത്താനാകുമോയെന്നതാണ് നമ്മൾ ചിന്തിക്കേണ്ടത് -” ബി.ജെ.പി പ്രവർത്തകർക്കും മുതിർന്ന നേതാക്കൾക്കുമായി സംഘടിപ്പിച്ച യോഗത്തിലാണ് റാവു ഇന്ദർജിത്ത് വിശദീകരണവുമായി രംഗത്തെത്തിയത് .

ഹരിയാനയിൽ 90 നിയമസഭ സീറ്റുകളാണുള്ളത്. 2014ൽ ബി.ജെ.പിക്ക് 47ഉം 2019 ൽ 40ഉം സീറ്റുകളാണ് ലഭിച്ചത്.

Leave A Reply
error: Content is protected !!