ഇന്ത്യ 10 ശതമാനത്തിനടുത്ത് വളർച്ച നേടും : നിർമലാ സീതാരാമൻ

ഇന്ത്യ 10 ശതമാനത്തിനടുത്ത് വളർച്ച നേടും : നിർമലാ സീതാരാമൻ

മുംബൈ: നടപ്പുസാമ്പത്തിക വർഷം 10 ശതമാനത്തിനടുത്ത് രാജ്യം വളർച്ച നേടുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. 2022 ൽ 7.5 ശതമാനത്തിനും 8.5 ശതമാനത്തിനും ഇടയിൽ വളർച്ചയാണ് പ്രതീക്ഷ. തുടർന്നുള്ള പത്തുവർഷക്കാലത്തേക്ക് ഇതു നിലനിർത്താനാകുമെന്നുമാണ് കേന്ദ്രം കണക്ക് കൂട്ടുന്നത് .

ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി, വിവിധ റേറ്റിങ് ഏജൻസികൾ തുടങ്ങിയവയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും ഹാവാഡ് കെന്നഡി സ്കൂളിൽ പ്രൊഫസർ ലോറൻസ് സമ്മേഴ്സുമായി നടത്തിയ സംഭാഷണത്തിൽ കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.

“ഇന്ത്യ വളരെ വലിയൊരു വിപണിയാണ്. ഇടത്തരക്കാരായ ആളുകൾക്ക് ഏത് ഉത്പന്നവും വാങ്ങാനുള്ള പണവും ശേഷിയും ഇവിടെയുണ്ട്. മറ്റുപ്രദേശങ്ങളിൽനിന്നുള്ളവരും ഇപ്പോൾ നിക്ഷേപവുമായി ഇന്ത്യയിൽ ഉത്പാദനത്തിനുവരുന്നു. തൊഴിൽ നൈപുണ്യമുള്ള വൈവിധ്യമാർന്ന ചെറുപ്പക്കാരും ഇന്ത്യയുടെ സമ്പത്താണ്. കാർഷികമേഖലയിലും രാജ്യം ഏറെ കരുത്താർജ്ജിട്ടുണ്ട് . മധ്യേഷ്യയിലെ രാജ്യങ്ങൾ ഭക്ഷ്യവസ്തുക്കൾക്ക് ഇന്ത്യയെ ആണ് ആശ്രയിക്കുന്നത്. “തന്മൂലം ദീർഘകാലാടിസ്ഥാനത്തിൽ ഉയർന്ന വളർച്ച നിലനിർത്താൻ ഇന്ത്യക്കു കഴിയുമെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.

പ്രധാന വ്യവസായമേഖലകളിൽ ഒട്ടേറേ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും സേവനമേഖലയും കുതിക്കുന്നെന്നും മന്ത്രി അവകാശപ്പെട്ടു. ഐ.എം.എഫിന്റെയും ലോകബാങ്കിന്റെയും ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ നടപ്പുസാമ്പത്തിക വർഷം ഇന്ത്യ ഇരട്ട അക്കത്തിനടുത്ത് വളർച്ച നേടുമെന്നാണ് നിഗമനം .ഈ വർഷം ലോകത്തിൽ ഏറ്റവും ഉയർന്ന വളർച്ചനേടുന്ന രാജ്യമായിരിക്കും ഇന്ത്യയെന്നും ഇതിൽ സൂചിപ്പിക്കുന്നുണ്ട്.

Leave A Reply
error: Content is protected !!