നഗരസഭയിലെ നികുതി വെട്ടിപ്പ് കേസ്; ഒരാൾ അറസ്റ്റിൽ

നഗരസഭയിലെ നികുതി വെട്ടിപ്പ് കേസ്; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: നഗരസഭയിലെ മേഖലാ ഓഫീസുകളിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ ആദ്യ അറസ്റ്റ് നടന്നു. ശ്രീകാര്യം സോണൽ ഓഫീസിലെ നികുതി തുക വെട്ടിച്ച കേസിൽ ഓഫീസ് അറ്റൻഡന്റായിരുന്ന കല്ലറ മുതുവിള നാണംകോട് അക്ഷര ഭവനിൽ ബിജുവാണ് അറസ്റ്റിലായത്. സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്തതോടെ ഒളിവിലായിരുന്ന ബിജുവിനെ ഇന്നലെ പുലർച്ചെ നാലോടെ കല്ലറ ചുള്ളാളത്ത് നിന്ന് ശ്രീകാര്യം എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

മൂന്ന് മേഖലാ ഓഫീസുകളിൽ ശ്രീകാര്യം മേഖലാ ഓഫീസിലാണ് ആദ്യമായി തട്ടിപ്പ് കണ്ടെത്തിയത്. ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ ഒരു ദിവസത്തെ വരവ് തുകയായ 1.75 ലക്ഷം രൂപയാണ് ഇവിടെ നിന്ന് കാണാതായത്. തുടർന്ന് എല്ലാ ഓഫീസുകളിലും മേയറുടെ നിർദ്ദേശ പ്രകാരം ഓഡിറ്റ് നടത്തിയപ്പോൾ ശ്രീകാര്യത്ത് നിന്ന് മാത്രം 5.12 ലക്ഷം രൂപ നഷ്ടമായതായി കണ്ടെത്തി.തുടർന്ന് നഗരസഭ അധികൃതർ ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെ ബിജുവിനെ ഒന്നാംപ്രതിയും കാഷ്യർ അനിലിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസ് എടുക്കുകയായിരുന്നു.

Leave A Reply
error: Content is protected !!