തിരുവനന്തപുരം വിമാനത്താവളം ഇന്നു മുതൽ അദാനി ഗ്രൂപ്പിന്; കൈമാറ്റ കരാർ ഒപ്പിട്ടു

തിരുവനന്തപുരം വിമാനത്താവളം ഇന്നു മുതൽ അദാനി ഗ്രൂപ്പിന്; കൈമാറ്റ കരാർ ഒപ്പിട്ടു

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശം ഇന്ന് മുതൽ അദാനി ഗ്രൂപ്പിന്. 50 വർഷത്തേക്കാണ് നടത്തിപ്പ് കരാർ.

വിമാനത്താവളം ഏറ്റെടുത്തുകൊണ്ടുള്ള കൈമാറ്റ കരാർ അദാനി ഗ്രൂപ്പ് ഒപ്പിട്ടു.  എയർപോട്ട് ഡയറക്ടർ സി രവീന്ദ്രനിൽ നിന്ന് അദാനി ഗ്രൂപ്പിന് വേണ്ടി ജി മധുസൂധന റാവു കരാർ രേഖകൾ ഏറ്റുവാങ്ങി.

വിമാനത്തവളത്തിന്റെ താക്കോൽ രൂപത്തിലൂള്ള മാതൃക എയർപോർട്ട് ഡയറക്ടർ അദാനി ഗ്രൂപ്പ് അധികൃതകർക്ക് കൈമാറി. കൈമാറ്റ ചടങ്ങിന് അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ജീവനക്കാരെ പ്രത്യേകം ക്ഷണിച്ചിരുന്നുവെങ്കിലും ജീവനക്കാർ ചടങ്ങ് ബഹിഷ്‌ക്കരിച്ചു.

സംസ്ഥാന സർക്കാരിൻറെ എതിർപ്പും നിയമപോരാട്ടവും തുടരുന്നതിനിടെയാണ് അദാനിഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നത്.

വിമാനത്താവളം എറ്റെടുത്ത അദാനി ഗ്രൂപ്പ്, നാളെ രാവിലെ വിമാനത്താവളത്തിൽ പ്രത്യേക പൂജകൾക്കായുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിമാനത്താവളം അദാനിഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തിയതോടെ, എയർപോർട്ട് ഡയറക്ടർ പദവി ഇല്ലാതായി. ചീഫ് എയർപോർട്ട് ഓഫിസറാകും ഇനി മുതൽ വിമാനത്തവളത്തിലെ ഉന്നത അധികാരി.

ആന്ധ്ര സ്വദേശിയായ ജി.മധുസൂദനറാവുവിനെയാണ് ഈ പദവിയിൽ അദാനി ഗ്രൂപ്പ് നിയോഗിച്ചിരിക്കുന്നത്. എയർപോർട്ട് അതോറിറ്റിയുമായി സഹകരിച്ചാകും വിമാനത്താവളത്തിൻറെ ആദ്യ ഒരുവർഷത്തെ നടത്തിപ്പ്. തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് എന്ന നിലവിലെ പേര് മാറ്റേണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ തീരുമാനം.

നിലവിലുള്ള ജീവനക്കാരെ  മൂന്ന് വർഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാർക്ക്  എയര്‍പോര്‍ട്ട് അതോറിററിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും.

Leave A Reply
error: Content is protected !!