കളമശ്ശേരി റോഡ് വികസന പദ്ധതി: പുരോഗതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കളമശ്ശേരി റോഡ് വികസന പദ്ധതി: പുരോഗതി വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ റോഡ് വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി ശ്രീ.മുഹമ്മദ് റിയാസ് കൂടി പങ്കെടുത്ത ഉന്നതതല യോഗം ചേർന്നു.
സീപോര്ട്ട് – എയര്പോര്ട്ട് റോഡ് നിര്മ്മാണത്തിലെ തടസ്സങ്ങള് പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കാന് യോഗം തീരുമാനിച്ചു.
എച്ച്എംടി യുടെയും എന്എഡിയുടെയും ഭൂമി ലഭ്യമാകുന്നതിലെ കാലതാമസം മൂലമാണ് റോഡ് നിര്മാണം വൈകുന്നത്. എച്ച്എംടി ഭൂമിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസില് തുടര് നടപടികള് സ്വീകരിക്കുന്നതിന് അഡ്വ. ജനറല്, സുപ്രീം കോടതി സ്റ്റാന്റിംഗ് കോണ്സല് എന്നിവരുള്പ്പെടെ പങ്കെടുക്കുന്ന യോഗം വിളിച്ചു ചേര്ക്കും. എന്എഡി ഭൂമി ലഭ്യമാക്കുന്നതിന് പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി നേടുന്നതിനുള്ള നടപടികള് ത്വരിതപ്പെടുത്തും.
സീപോര്ട്ട് – എയര്പോര്ട്ട് റോഡില് എച്ച്എംടി മുതല് എന്എഡി വരെയുള്ള 2.7 കിലോമീറ്റര് ദൂരം കളമശേരി നിയമസഭാ മണ്ഡലത്തില് ഉള്പ്പെടുന്നതാണ്. ഇതിനകം ലഭിച്ച ഭൂമിയില് നിര്മ്മാണ പ്രവര്ത്തനങ്ങള് ആരംഭിച്ചിട്ടുണ്ട്. സീപോര്ട്ട് എയര്പോര്ട്ട് റോഡ് വികസിപ്പിക്കുന്നതിന് എന്എഡി സ്ഥലം വിട്ടുതരുന്നതിന്റെ ഭാഗമായി എച്ച്എംടി ജംഗ്ഷന് മുതല് തൊരപ്പ് കവലവരെയുള്ള എന്എഡി റോഡ് വീതി കൂട്ടി നവീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആലുവ – ആലങ്ങാട് റോഡ് വീതി കൂട്ടുന്നതിനുള്ള ആലോചനകള്ക്കായി ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്ക്കും. 12 മീറ്റര് വീതിയില് റോഡ് നിര്മ്മിക്കണം എന്നാണ് പൊതുമരാമത്തുവകുപ്പിന്റെ നിര്ദ്ദേശം. ഇതിനായുള്ള സ്ഥലം ഏറ്റെടുക്കല് നടപടികളെകുറിച്ച് ആലോചിക്കാനാണ് യോഗം ചേരുന്നത്.
കളമശ്ശേരി മണ്ഡലത്തിലെ കുന്നുകര – വയല്ക്കര റോഡ് ഡിസംബറില് പൂര്ത്തിയാക്കും. കുറ്റിയാല് – കൊച്ചുകടവ് റോഡ് ബിഎം ബിസി നിലവാരത്തില് ജനുവരിയില് പൂര്ത്തിയാക്കും. ആലങ്ങാട് പഞ്ചായത്തിലെ അക്കാമ്മ കാല്വെര്ട്ട് പുനര്നിര്മ്മാണം സമയബന്ധിതമായി പൂര്ത്തിയാക്കുന്നതിന് മാറ്റി പാര്പ്പിക്കേണ്ട കുടുംബത്തിന്റെ പുനരധിവാസം ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കും.
എടയാര് ജംഗ്ഷന് വികസനവും ബിഎം ബിസി ടാറിങ്ങും പുതുക്കിയ ഭരണാനുമതി ലഭിച്ചാല് ഉടന് ആരംഭിക്കും. തട്ടാംപടി – പുറപ്പള്ളിക്കാവ് – കരുമാലൂര് റോഡ് വീതികൂട്ടാനുള്ള പ്രവര്ത്തനങ്ങള് ആരംഭിച്ചുകഴിഞ്ഞു. എടയാര് – മുപ്പത്തടം റോഡ് നവീകരണവും ബിഎം ബിസി ടാറിങ്ങും സമയബന്ധിതമായി പൂര്ത്തിയാക്കും. ടൈല് പാകുന്ന ജോലി പൂര്ത്തിയാക്കി.
ചിറയം – മേത്താനം – പാനായിക്കുളം റോഡ് വീതികൂട്ടല് പൂര്ത്തിയായി കഴിഞ്ഞു. ബിഎം ബിസി ടാറിങ് ഉടനെ ആരംഭിക്കും. എടയ്ക്കാത്തോട് കല് വര്ട്ട് നിര്മാണത്തിന്റെ ഡിസൈന് ചീഫ് എഞ്ചിനീയര്ക്ക് ശനിയാഴ്ച സമര്പ്പിക്കും. യു സി കോളേജ് – എടയാര് റോഡ് നിര്മ്മാണത്തിന്റെ ടെണ്ടര് ഒക്ടോബര് 26 ന് തുറക്കും. മഞ്ഞുമ്മല് – മുട്ടാര് റോഡില് ബിസി ടാറിംഗ് പൂര്ത്തിയാക്കുന്നതിനുള്ള പ്രവൃത്തി ടെണ്ടര് ഘട്ടം പിന്നിട്ടു. കളമശ്ശേരി – എഫ്എസിടി റോഡ് ബിസി ടാറിംഗും ടെണ്ടര് ഘട്ടം പൂര്ത്തിയായി. നീറിക്കോട് – തട്ടാംപടി റോഡ് പുനര് നിര്മ്മാണം വേഗതയിലാക്കുന്നതിന് കെ എസ്ഇബി ട്രാന്സ്ഫോര്മര് മാറ്റി സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും.
തേവയ്ക്കല് – മണലിമുക്ക് റോഡ് 85 ശതമാനം പൂര്ത്തിയായി കഴിഞ്ഞു. കൊങ്ങോര്പ്പള്ളി ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികളും ഉടനെ ആരംഭിക്കും. കളമശ്ശേരി മണ്ഡലത്തിലെ പാലങ്ങളുടെ നിര്മ്മാണവും സമയബന്ധിതമായി പൂര്ത്തിയാക്കാന് യോഗം തീരുമാനിച്ചു. ആലങ്ങാട് മേച്ചേരിപ്പള്ളം പാലം ജനുവരി 30 ന് പൂര്ത്തിയാകും. നിര്മ്മാണ പുരോഗതി വിലയിരുത്താന് ജനുവരിയില് മന്ത്രിമാരുടെ സാന്നിധ്യത്തില് വീണ്ടും അവലോകന യോഗം ചേരും.
പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്മാരായ അജിത്ത് രാമചന്ദ്രന്, എസ് മന്മോഹന്, എല് ബീന, മധുമതി കെ ആര്, കിന്ഫ്ര എം ഡി സന്തോഷ് കോശി തോമസ്, കളമശ്ശേരി മുനിസിപ്പല് ചെയര്മാന് സീമ കണ്ണന്, ഏലൂര് നഗരസഭാ ചെയര്മാന് എ ഡി സുജില്, ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മനാഫ്, കുന്നുകര പഞ്ചായത്ത് പ്രസിഡണ്ട് സൈനാ ബാബു, കടുങ്ങല്ലൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്, കരുമാലൂര് ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീലതാ ലാലു എന്നിവര് യോഗത്തിൽ പങ്കെടുത്തു
Leave A Reply
error: Content is protected !!