തൃശൂർ-കുന്നംകുളം റോഡിൽ വെള്ളക്കെട്ട്

തൃശൂർ-കുന്നംകുളം റോഡിൽ വെള്ളക്കെട്ട്

കനത്തമഴയെ തുടർന്ന് തൃശൂർ-കുന്നംകുളം റോഡിൽ വെള്ളക്കെട്ട്. തൂവാന്നൂരിനും, പാറന്നൂരിനുമിടയിൽ ആര്യ ഫാമിനടുത്താണ് കഴിഞ്ഞ ദിവസങ്ങളിൽ ചെയ്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂക്ഷമായത്. വാഹനങ്ങളുടെ വലിയ തിരക്കുള്ള പാതയിൽ രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗത കുരുക്കിനും കാരണമായി. മഴയെ തുടർന്ന് വെള്ളമുയർന്ന തിനൊപ്പം വാഴാനി ഡാം തുറന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതിനും കാരണമായിട്ടുണ്ട്. ഇതിനൊപ്പം കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ മേഖലയിൽ പാടശേഖരങ്ങൾ മണ്ണിട്ട് നികത്തി വൻ കെട്ടിടങ്ങൾ ഉയർന്നതും വെള്ളക്കെട്ടിന്റെ കാഠിന്യം വർദ്ധിപ്പിച്ചിട്ടുണ്ട്.

മേഖലയിലെ പ്രധാന തോടുകൾ പോലും സ്വകാര്യ വ്യക്തി കൈയേറുന്ന സ്ഥിതിയുണ്ടായിട്ടും നടപടി സ്വീകരിക്കാത്ത അധികൃതരും മേഖലയിലെ വെള്ളക്കെട്ടിന് ഉത്തരവാദികളാണ്. കഴിഞ്ഞ ദിവസം മുതൽ രൂപപ്പെട്ട വെള്ളക്കെട്ടിന് ബുധനാഴ്ച്ച രാവിലെ ചൂണ്ടൽ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പരിഹാരം കണ്ടു. വെള്ളം കെട്ടിനിന്ന മേഖലയിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പാഴ്പുല്ലുകളും, കെട്ടി കിടന്ന ചെളിയും മണ്ണും മാറ്റിയതോടെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായത്. റോഡിൽ നിന്നും വെള്ളമൊഴിഞ്ഞതോടെ സംസ്ഥാന പാതയിലെ വാഹന ഗതാഗതവും സുഗമമായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി. ജോസിന്റെ നേതൃത്വത്തിലാണ് വെള്ള കെട്ടിന് പരിഹാരമുണ്ടാക്കിയത്.

Leave A Reply
error: Content is protected !!