ആദിവാസികള്‍ ശേഖരിക്കുന്ന വന വിഭവങ്ങള്‍ ഇനി കോട്ടക്കല്‍ ആര്യവൈദ്യശാല നേരിട്ട് വാങ്ങും

ആദിവാസികള്‍ ശേഖരിക്കുന്ന വന വിഭവങ്ങള്‍ ഇനി കോട്ടക്കല്‍ ആര്യവൈദ്യശാല നേരിട്ട് വാങ്ങും

മലപ്പുറം:   നിലമ്പൂരിലെ ആദിവാസികള്‍ ശേഖരിക്കുന്ന വനവിഭവങ്ങള്‍ക്ക് ഇനി വിപണിയില്‍ മൂല്യമേറും. ആയൂര്‍വേദ ചികിത്സാ രംഗത്തെ പ്രശസ്തരായ കോട്ടക്കല്‍ ആര്യവൈദ്യശാലയാണ് ആദിവാസികളില്‍ നിന്നും നേരിട്ട് വന വിഭവങ്ങള്‍ വാങ്ങാന്‍ രംഗത്ത് വന്നിരിക്കുന്നത്. ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ മലപ്പുറത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘ഗോത്രാമൃത്’ പദ്ധതിയിലൂടെയാണ് ഇതിന് അവസരം. വനവിഭവങ്ങള്‍ ശേഖരിച്ച് ജീവിക്കുന്ന നിലമ്പൂരിലെ ആദിവാസി സമൂഹത്തിന് ആശ്വാസകരമാകുന്നതാണ് പദ്ധതി.

പദ്ധതിയുടെ ഭാഗമായി ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ ‘ചിരി’ സ്വയം സഹായ സംഘത്തിന് വനവിഭവങ്ങളുടെ ശേഖരണം, ശാസ്ത്രീയമായ സംസ്‌കരണം, ഉപയോഗം എന്നിവ സംബന്ധിച്ച് കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ വിദഗ്ദ്ധര്‍ പരിശീലനം നല്‍കി. കോട്ടക്കല്‍ ആര്യവൈദ്യശാലയിലായിരുന്നു പരിശീലനം. തുടര്‍ന്ന് നിലമ്പൂരിലെ എല്ലാ കോളനികളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.

വനവിഭവങ്ങളുടെ പുനരുജ്ജീവനം, ശേഖരണം, സംസ്‌കരണം, പായ്ക്കിങ്, വിപണനം, വിദ്യാഭ്യാസ- ആരോഗ്യ – സാംസ്‌കാരിക മുന്നേറ്റം തുടങ്ങിയ സമഗ്ര പദ്ധതിയാണ് ‘ഗോത്രാമൃത്’. ആദിവാസികളുടെ ഇടയില്‍ രൂപീകരിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ വഴിയാണ് പദ്ധതിയുടെ നടത്തിപ്പ്. ഉല്‍പ്പന്നങ്ങളുടെ വില അയല്‍ക്കൂട്ടങ്ങള്‍ക്ക് നേരിട്ട് നല്‍കും. രണ്ട് വര്‍ഷം കൊണ്ട് ഓരോ കുടുംബത്തിലെയും എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ഒരാള്‍ക്കെങ്കിലും ജോലി നല്‍കുന്നതിന് വേണ്ടിയുള്ള നൈപുണ്യ പരിശീലനവും ഇതിനകം ആരംഭിച്ചിട്ടുണ്ട്.

ആര്യവൈദ്യശാല മെറ്റീരിയല്‍ വിഭാഗം മേധാവി ശൈലജ, ഡോ. ഗോപാലകൃഷ്ണന്‍, ടി. കെ സാബു എന്നിവര്‍ സംഘത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശവും പരിശീലനവും നല്‍കി. തുടര്‍ന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഗോപാലപിള്ളയുമായി സംഘം ചര്‍ച്ച നടത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ വി. ഉമര്‍ കോയ, പ്രോഗ്രാം ഓഫീസര്‍ സി. ദീപ, ഫീല്‍ഡ് കോര്‍ഡിനേറ്റര്‍ പി. സുനില്‍, അയല്‍ക്കൂട്ട പ്രതിനിധികളായ വിജയന്‍, ഗോപി, കാഞ്ചന, ശാന്ത എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!