വെറുതെ പ്രതിപക്ഷത്തിന് വടി കൊടുക്കല്ലേ മക്കളേ എന്ന് മുഖ്യൻ

വെറുതെ പ്രതിപക്ഷത്തിന് വടി കൊടുക്കല്ലേ മക്കളേ എന്ന് മുഖ്യൻ

നിയമസഭയില്‍ ഭരണപക്ഷ എംഎല്‍എമാരും മന്ത്രിമാരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം. നിയമസഭാ സമ്മേളനത്തിന് മുമ്പ് പാര്‍ട്ടി വിതരണം ചെയ്ത കത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതിപക്ഷത്തിന് ആയുധം നല്‍കാനല്ല, മറിച്ച്‌ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ചോദ്യങ്ങളാണ് ഭരണപക്ഷ എംഎല്‍എമാര്‍ ചോദിക്കേണ്ടതെന്നും അതിന് അനുസൃതമായ മറുപടിയാണ് മന്ത്രിമാര്‍ നല്‍കേണ്ടതെന്നും കത്തില്‍ പറയുന്നു. ഇത് കൃത്യമായി നടന്നു പോകുന്നതിനായി എംഎല്‍എമാരെ സഹായിക്കാന്‍ മന്ത്രിമാരുടെ ഓഫീസ് ജാഗ്രത പുലര്‍ത്തണമെന്നും കത്തില്‍ പറയുന്നു.

പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തെ നേരിടുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും യുഡിഎഫ് അംഗങ്ങളുടെ ഉടപെടല്‍ ശേഷിയെ കുറച്ച്‌ കാണരുതെന്നും കത്തിലുണ്ട്. പ്രതിപക്ഷത്തിന്റെ പ്രകോപനത്തില്‍ വീഴരുതെന്നും കത്തില്‍ പറയുന്നു. സഭയില്‍ കൂടുതല്‍ ബഹളം വെച്ച്‌ ശ്രദ്ധ കേന്ദ്രീകരിക്കാനാവും പ്രതിപക്ഷം ശ്രമിക്കുക. എന്നാല്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ നിയമസഭയില്‍ നടത്തികൊണ്ടുപോകാനുള്ള ഇടപെടലാണ് ഭരണപക്ഷത്തുള്ളവര്‍ ശ്രദ്ധിക്കേണ്ടതെന്നും കത്തില്‍ പറയുന്നു. നിയമസഭയില്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശവുമായി സ്പീക്കര്‍ എം ബി രാജേഷ്. ഇത് ചട്ടലംഘനമാണ്. പലവട്ടം ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും എം എല്‍ എമാര്‍ ശ്രദ്ധിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

എന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടത് നിയമസഭാ സെക്രട്ടേറിയറ്റാണെന്നും റൂള്‍സ് ഓഫ് പ്രൊസീജ്യറിന് വിരുദ്ധമായ ചോദ്യങ്ങള്‍ അനുവദിക്കരുതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആവശ്യത്തോട് സ്പീക്കറും യോജിച്ചു. നിയമസഭാ സെക്രട്ടേറിയറ്റിന് ഇത് സംബന്ധിച്ച്‌ കര്‍ശന നിര്‍ദേശം നല്‍കിട്ടുണ്ട്. വിശദമായ പരിശോധനക്ക് ശേഷം മാത്രമേ ചോദ്യങ്ങള്‍ അനുവദിക്കൂ. ചോദ്യങ്ങള്‍ക്ക് അനുമതി നല്‍കിയില്ലെങ്കില്‍ ഇക്കാര്യം ബന്ധപ്പെട്ട എം എല്‍ എയെ രേഖാമൂലം അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ഫണ്ട് നല്‍കിയില്ലെങ്കില്‍ ഭൂമിയില്‍ കൊടികുത്തുമെന്ന് കൊല്ലം ചവറയിലെ സി പി എം നേതാവിന്റെ ഭീഷണി സംബന്ധിച്ച സജീവ് ജോസഫിന്റെ ചോദ്യം പരിഗണിക്കുന്നതിനിടെയായിരുന്നു സ്പീക്കറുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗിന്റെ വനിതാ വിദ്യാര്‍ഥി സംഘടനയായ ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം ഉയര്‍ന്നപ്പോഴും സ്പീക്കര്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply
error: Content is protected !!