ചതിച്ച സഭയും അഴിക്കോടും, ജോസഫ് മാഷ് മനസ്സ് തുറക്കുമ്പോൾ

ചതിച്ച സഭയും അഴിക്കോടും, ജോസഫ് മാഷ് മനസ്സ് തുറക്കുമ്പോൾ

മലയാളി മനസ്സിന്റെ നൊമ്പരമാണ് പ്രൊഫസർ ടി.ജെ ജോസഫ് എന്ന തൊടുപുഴ ന്യൂമാൻ കോളജിലെ മുൻ മലയാളം അദ്ധ്യാപകൻ. മതം നുറുക്കിയിട്ടും തളിർത്തുവന്ന മനുഷ്യൻ, മതേതര കേരളത്തിലെ ജീവിക്കുന്ന രക്തസാക്ഷി…. വിശേഷണങ്ങൾ ഏറെയുണ്ട് പ്രൊഫസർ ടി.ജെ ജോസഫിന്. ചോദ്യപേപ്പറിൽ പ്രവാചകനിന്ദ ആരോപിച്ച്, ഒരുപറ്റം തീവ്രവാദികൾ വലതുകൈ വെട്ടിയെടുത്തിട്ടും തളരാതെ, ജോസഫ് മാഷ് തന്റെ ഇടതുകൈകൊണ്ട് എഴുതിയ പുസ്തകമാണ് അദ്ദേഹത്തിന്റെ അത്മകഥയായ ‘അറ്റുപോകാത്ത ഓർമ്മകൾ’. പൊള്ളുന്ന ജീവിതാനുഭവങ്ങൾക്കൊപ്പം, പ്രബുദ്ധമെന്ന് പറയുന്ന കേരളത്തിന്റെ ധ്രൂവീകരണങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്ന ഈ പുസ്്തകം, പെട്ടെന്നുതന്നെ ബെസ്റ്റ് സെല്ലർ ആയി. ഇറങ്ങി ഒന്നര വർഷത്തിനുള്ളിൽ ആറ് പതിപ്പിറക്കി റെക്കോർഡിഡുകയാണ് ഈ പൊള്ളുന്ന ഓർമ്മകൾ. ഇപ്പോൾ ഇതാ ‘അറ്റുപോവാത്ത ഓർമ്മകൾ’ ഇംഗ്ലീഷിലും ഇറങ്ങി. പേര് ‘തൗസൻഡ് കട്ട്‌സ്’. ഇംഗ്ലീഷിലും പുസ്തകം വളരെ പെട്ടെന്ന് ഹിറ്റായി.

ഇതേതുടർന്ന് തന്നെ അന്ന് ചർച്ചയാകാതിരുന്ന പല കാര്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയാവുകയാണ്. മതമൗലികാവാദികൾ തന്നെ കൊല്ലാൻ കാത്തിരിക്കുന്ന വിവരം സഭാധികാരികൾക്ക് കൃത്യമായി അറിയാമായിരുന്നെന്നും, കൊല്ലപ്പെടാൻ പോകുന്ന മനുഷ്യനെ കോളജിൽനിന്ന് പുറത്താക്കി എന്ന പഴി തങ്ങൾ കേൾക്കെണ്ടല്ലോ എന്ന് കരുതിയാണ്, അവർ തന്നെ കോളജിൽനിന്ന് പുറത്താക്കാനുള്ള തീരുമാനം വൈകിപ്പിച്ചത് എന്നുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ജോസഫ് മാസ്റ്റർ ഈ പുസ്തകത്തിൽ നടത്തുന്നുണ്ട്. അതുപോലെ ഡോ സുകുമാർ അഴീക്കോടിനെപ്പോലുള്ള ഒരു സാംസ്കാരിക നായകൻ എങ്ങനെയാണ് ഈ വിഷയത്തിൽ പ്രതികരിച്ചതെന്നതും മലയാളി മനസ്സിന് നടുക്കമാകും.

അറ്റുപോകാത്ത ഓർമ്മകളിലെ, ‘വിവേകമില്ലാത്ത തലകൾ’ എന്ന അധ്യായത്തിൽ പ്രൊഫസർ ടി.ജെ ജോസഫ് ഇങ്ങനെ എഴുതുന്നു. ”2010 മാർച്ച് 26ന് തൊടുപുഴയിൽ വർഗീയവാദികൾ കലാപമുണ്ടാക്കുമ്പോഴാണ് എന്നെ തള്ളിപ്പറയാൻ സഭാധികാരികളും കോളജ് അധികൃതരും തീരുമാനം എടുത്തത്. അന്നുതൊട്ട് എന്നെ കുറ്റപ്പെടുത്തിക്കൊണ്ടല്ലാതെ അവരിൽ ആരും സംസാരിച്ചിട്ടില്ല. എന്നെ ആക്രമിച്ചിരുന്നവർ അതിനുള്ള ഗൂഢാലോചന 2010 മാർച്ച് 28ന് ആരംഭിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഒരുക്കങ്ങൾ, പുരോഗമിച്ചുകൊണ്ടിരിക്കെ അവർ കോതമംഗലം അരമനയിലേക്ക് ഇടക്കിടെ വിളിച്ചുകൊണ്ടിരിക്കുന്നു. സഭാധികാരികൾക്ക് എന്നോടുള്ള നിലപാട് കൃത്യമായി മനസ്സിലാക്കുകയായിരുന്നു, അവരുടെ ലക്ഷ്യം. നിങ്ങൾ എന്തുചെയ്യും എന്ന ചോദ്യത്തിനുള്ള മറുപടി മാത്രമല്ല, ഞങ്ങൾ എന്തെങ്കിലും ചെയ്താൽ നിങ്ങളുടെ നിലപാട് എന്തായിരിക്കും എന്ന ചോദ്യത്തിനും അവർ ഉത്തരം തേടി. അത്തരം ഫോൺ സംഭാഷണങ്ങളെക്കുറിച്ച് 5-5-2010 ൽ മെമോയുടെ മറുപടിയുമായി അരമനയിൽ ചെന്ന എന്നോട് മാനേജർ മോൺ. തോമസ് മേലെക്കുടി പറഞ്ഞിട്ടുള്ളതാണ്.

ആക്രമണം വൈകി മാനേജറും മറ്റും അക്ഷമരായിട്ട് ഇരിക്കുമ്പോഴാണ്, ജൂലൈ നാലിന് ആ ‘സദ്വാർത്ത’ അവരുടെ കാതിൽ എത്തുന്നത്. അവർ പണി പറ്റിച്ചു എന്ന് വിചാരിച്ച് ഉടൻ തന്നെ മാനേജർ മോൺ. തോമസ് മലേക്കുടി, മോൺ. ഫ്രാൻസിസ് ആലപ്പാട്ട്, ഫാദർ ജോസഫ് കോയിത്താനത്ത്, ഫാദർ കുര്യാക്കേസ് കൊടക്കല്ലിൽ എന്നിവർ സംഭവ സ്ഥലത്ത് എത്തി സ്ഥിതി ഗതികൾ വിലയിരുത്തി. പൊലീസ് മേധാവികളുമായി ചർച്ച നടത്തി. വീട്ടിലെത്തി എന്റെ അമ്മയെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചു. അധികം വൈകാതെ ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ ഭവന സന്ദർശനം നടത്തുമെന്ന് ഇടവക വികാരി ഫാദർ ജോർജ് പൊട്ടക്കൽ എന്റെ കുടുംബാംഗങ്ങളെ അറിയിച്ചു. ഞാൻ മരിച്ചിട്ടില്ലെന്ന് സൂചന കിട്ടിയതിനാൽ ആവാം ബിഷപ്പ് തന്റെ ഉദ്യമം പിന്നീട് വേണ്ടെന്ന് വെച്ചു.

ആക്രമണത്തെ മുസ്ലിം സംഘടനകൾ പോലും അപലപിച്ചു. എന്നാൽ സഭാ അധികാരികൾ മൗനം ഭജിച്ചു. തൊട്ടടുത്ത ദിവസം മൂവാറ്റുപുഴ നിർമ്മലകോളജിൽ നടന്ന പൂർവവിദ്യാർത്ഥി സംഘടനാ ഭാരവാഹികളുടെ കമ്മറ്റി യോഗത്തിൽ, ആക്രമണത്തിൽ പ്രതിഷേധിക്കേണ്ടതിന്റെ ആവശ്യകത ചിലർ ചൂണ്ടിക്കാണിച്ചപ്പോൾ അവിടെ അന്നിഹിതരായിരുന്നു മാനേജർ മോൺ. തോമസ് മലേക്കുടി വളരെ ഉദാസീനമായിട്ടാണ് അതിനോട് പ്രതികരിച്ചത്. ”മരിച്ചുപോയെങ്കിൽ കൂഴപ്പമില്ലായിരുന്നു’ എന്ന് അദ്ദേഹം തന്റെ മനോഗതം അപ്പോൾ വെളിപ്പെടുത്തുകയും ചെയ്തു. ”- ഇങ്ങനെയാണ് സഭയിൽനിന്ന് നേരിട്ട ആ ക്രൂരതകൾ ജോസഫ് മാഷ് വിശദീകരിക്കുന്നത്. അതേസമയം സാംസ്കാരിക നായകർ അടക്കമുള്ള നിരവധി പേരുടെ പിന്തുണയും ജോസഫ് മാസ്റ്റർക്ക് കിട്ടിയിരുന്നു.

എന്നെ പിരിച്ചുവിട്ട വാർത്ത അറിഞ്ഞ ന്യൂമാൻ കോേളജിലെ എന്റെ സഹപ്രവർത്തകർ കൂട്ട അവധിയെടുത്ത് ഒരു ദിവസം ജോലിയിൽനിന്ന് വിട്ടുനിന്നു. (ലീവ് അടയാളപ്പെടുത്താതിരുന്ന ഹാജർ ബുക്കിൽ പിന്നീട് മാനേജ്മെന്റ് ഭീഷണിപ്പെടുത്തി, അവരിൽ പലരെക്കൊണ്ടും ഒപ്പ് ഇടീപ്പിച്ചു). തങ്ങളുടെ അദ്ധ്യാപകനെ പിരിച്ചുവിട്ട നടപടിയിൽ സങ്കടപ്പെട്ട, ന്യൂമാൻ കോളജിലെ കുട്ടികൾ പഠിപ്പ് മുടക്കി കരിദിനം ആചരിച്ചു. പിരിച്ചുവിടൽ നടപടി നീതി രഹിതമായ വലിയ തെറ്റാണെന്നും വേണ്ടിവന്നാൽ സർക്കാർ ഇടപെടുമെന്നും വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പ്രസ്താവിച്ചു. ചട്ടങ്ങൾ പാലിക്കാതെയുള്ള പിരിച്ചുവിടൽ പുനഃപരിശോധിക്കണമെന്ന് മഹാത്മാഗാന്ധി സർവകലാശാല രേഖാമൂലം ന്യൂമാൻ കോളജ് മാനേജരോട് ആവശ്യപ്പെട്ടു.”- പ്രൊഫസർ ടി.ജെ ജോസഫ് എഴുതി.. വലതുകൈപ്പത്തിയുടെ ചലന ശേഷി പോയശേഷം ജോസഫ് സാർ ഏറെ ശ്രമപ്പെട്ടാണ് ഇടതുകൈകൊണ്ട് എഴുതി പഠിച്ചത്. അതിനുശേഷമുള്ള ആദ്യ കത്ത് അദ്ദേഹം എഴുതിയത് കവി ഒ.എൻ.വിക്കാണെന്ന് പുസ്‌കത്തിൽ പറയുന്നു. ഒ.എൻ.വിക്ക് ജഞാനപീഠം ലഭിച്ചതിന് അഭിനന്ദിക്കാനായിരുന്നു ആ കത്ത്. അതിന് സ്വാന്തന വാക്കുൾ ഉൾക്കൊള്ളുന്ന ഒരു കവിതാശകലും പതിനായിരം രൂപയുടെ ചെക്കുമായി ഒ.എൻ.വി മറുപടി നൽകി. പക്ഷേ എല്ലാം സാംസ്്ക്കാരിക നായകരുടെയും നിലപാട് ഇതായിരുന്നില്ല.ഒരു വിഭാഗം സാംസ്കാരിക നായകരുടെയും എഴുത്തുകാരുടെയുമൊക്കെ പിന്തുണ കൈവെട്ട് സംഭവത്തിനുശേഷം തനിക്ക് കിട്ടിയെങ്കിലും ചില വേദനാജനകമായ അനുഭവങ്ങളും ജോസഫ് മാഷ് പുസ്തകത്തിൽ എഴുതുന്നുണ്ട്. മലയാളത്തിന്റെ മനസാക്ഷിയെന്നും സാഗരഗർജ്ജനമെന്നുമൊക്കെ നാം വിശേഷിപ്പിക്കുന്ന സാക്ഷാൽ സുകുമാർ അഴീക്കോടിനെ കുറിച്ചാണ് ആ ഭാഗം. അറ്റുപോകാത്ത ഓർമ്മകളിലെ ‘ഡോണ്ട് എവർ ഗിവ് അപ്പ്’ എന്ന അധ്യായത്തിൽ മാഷ് ആ ദുരനുഭവം വ്യക്തമാകുന്നു.

”മറ്റൊരു മനുഷ്യസ്നേഹിയുടെ നടപടി തികച്ചും വൈരുദ്ധ്യാത്മകമായിരുന്നു. മുംബൈയിൽ സാമൂഹിക പ്രവർത്തനം നടത്തുന്ന സി ആന്റണി ലൂയിസ് എന്ന മലയാളി, ഇന്ത്യൻ എക്പ്രസ് ദിനപ്പത്രത്തിൽവന്ന ഇ.പി ഉണ്ണിയുടെ ലേഖനം വായിച്ച്, എന്നോട അനുഭാവം തോന്നിയിട്ട്, മഹാരാഷ്ട്രാ ലിറ്റിജൻസ് അസോസിയേഷൻ എന്ന അവരുടെ സംഘടന എനിക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കാമെന്ന് അറിയിച്ചുകൊണ്ട് ഒരു കത്തെഴുതി. കത്തിനൊപ്പം എനിക്ക് സാമ്പത്തിക ആശ്വാസമായി അയ്യായിരം രൂപയുടെ ഡ്രാഫ്റ്റ് ഉണ്ടായിരുന്നു. എന്റെ കൃത്യമായ അഡ്രസ്സ് അറിയാത്തതുകൊണ്ട് ആ കത്തും ഡ്രാഫ്റ്റും, സുകുമാർ അഴീക്കോടിന് അയച്ചിട്ട്, എന്റെ അഡ്രസ്സിൽ അയച്ചുകൊടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ സുകുമാർ അഴീക്കോട് തനിക്ക് അത് തരപ്പെടില്ലെന്ന് പറഞ്ഞ്, അവർക്ക് മറുപടി എഴുതി. അതിൽ എനിക്ക് അയച്ച കത്തും ഡ്രാഫ്റ്റും കീറിക്കളഞ്ഞതായി അറിയിക്കുകയും ചെയ്തു. ചെക്കുപോലെ ഉള്ളതാണ് ഡ്രാഫ്റ്റുമെന്ന് ആ മഹാപണ്ഡിതൻ വിചാരിച്ചു കാണും. ജോസഫ് മാഷ് പറയുന്നു.

ഇറങ്ങി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അഞ്ചു പതിപ്പുകൾ ആയ അറ്റുപോകത്ത ഓർമ്മകൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാണ്. ഇസ്ലാമിക മതമൗലിക വാദികൾ എതിർഭാഗത്ത്വരുന്ന കേസുകളിൽ ഒക്കെയും, കേരളത്തിലെ ചില സാംസ്കാരിക നായകർ ഇത്തരം ഇരട്ടത്താപ്പാണ് സ്വകീരിക്കുന്നത് എന്ന രൂക്ഷ വിമർശനവും സോഷ്യൽ മീഡിയയിൽ പലരും ഉയർത്തുന്നുണ്ട്

Leave A Reply
error: Content is protected !!