സെമി ഹൈ സ്പീഡ് റെയില്‍: ആശങ്കകള്‍ വേണ്ട; മുഖ്യമന്ത്രി

സെമി ഹൈ സ്പീഡ് റെയില്‍: ആശങ്കകള്‍ വേണ്ട; മുഖ്യമന്ത്രി

തിരുവനന്തപുരം: സെമിഹൈസ്പീഡ് റെയില്‍ പദ്ധതി സംബന്ധിച്ച് ആശങ്കകള്‍ വേണ്ടതില്ലെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.  എം.കെ. മുനീറിന്റെ  അടിയന്തരപ്രമേയത്തിന്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

നമ്മുടെ സംസ്ഥാനത്ത് റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും റോഡപകടങ്ങളും പൊതുവില്‍ ആളുകളില്‍ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇതിനോടൊപ്പം തിരക്കേറിയ റോഡിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും വലിയൊരു പ്രശ്നമാണ്. നമ്മുടെ നാട്ടിലെ റെയില്‍ വികസനം വളരെ മന്ദഗതിയിലാണ്.

സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്ര ചെയ്യാന്‍ 16 മണിക്കൂര്‍ വരെ എടുക്കുന്ന അവസ്ഥയാണുള്ളത്. ഇത് മാറേണ്ടതുണ്ട്. അതിനുള്ള ഏറ്റവും വലിയ പരിഹാരമാര്‍ഗ്ഗമാണ് അര്‍ദ്ധ അതിവേഗ റെയില്‍. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡു വരെ 4 മണിക്കൂറില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഒരു പദ്ധതിയാണിത്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ നമ്മുടെ സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യ മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാവുക എന്നതില്‍ ഒരു തര്‍ക്കവുമില്ല.

ഓരോ സംസ്ഥാനങ്ങളുടെയും ആവശ്യത്തിനനുസരിച്ച് റെയില്‍വേ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും അത് നടപ്പിലാക്കുവാനും സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും സംയുക്ത സംരംഭങ്ങള്‍ ആരംഭിച്ചത് ഇതിനുവേണ്ടിയാണ്. നമ്മുടേതുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ ഇത്തരം സംരംഭങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.

പദ്ധതി ആരംഭിക്കുന്നതിനു മുമ്പ് ഭൂമി ഏറ്റെടുക്കുന്നതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഭവനരഹിതരാകുന്നു എന്നാണ് പ്രമേയാവതാരകന്‍ ഉന്നയിച്ചിട്ടുള്ളത്. മേല്‍പ്പറഞ്ഞതുപോലെ ഭൂമി ഏറ്റെടുക്കല്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കിക്കൊണ്ടാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനാല്‍ തന്നെ ഒരാള്‍പോലും ഇതിനാല്‍ ഭവനരഹിതരാകുന്ന പ്രശ്നം ഉദിക്കുന്നില്ല. ഇത്തരം പദ്ധതികള്‍ നിലവില്‍ വരുമ്പോള്‍ തുടക്കത്തില്‍ ഉണ്ടായ പ്രചരണവും ആശങ്കയും മറികടന്നുകൊണ്ട് അവ നടപ്പിലാക്കാന്‍ കഴിഞ്ഞ അനുഭവം നമ്മുടെ മുന്നിലുണ്ട് എന്ന യാഥാര്‍ത്ഥ്യവും കാണാതിരുന്നുകൂടാ.

പദ്ധതി സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്കകളും പ്രശ്നങ്ങളും ദൂരീകരിക്കുന്നതിനും ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Leave A Reply
error: Content is protected !!