കായംകുളം താപനിലയത്തിൽ അവശേഷിക്കുന്ന ഇന്ധനം ഗുജറാത്തിലേക്കു മാറ്റുന്നു

കായംകുളം താപനിലയത്തിൽ അവശേഷിക്കുന്ന ഇന്ധനം ഗുജറാത്തിലേക്കു മാറ്റുന്നു

ഹരിപ്പാട് : കായംകുളം താപനിലയത്തിൽ അവശേഷിക്കുന്ന നാഫ്ത്ത ഗുജറാത്തിലേക്കു കൊണ്ടുപോകുന്നു. 225 മെട്രിക് ടൺ നാഫ്ത്തയാണ് ഇപ്പോൾ നിലയത്തിലുള്ളത്. നേരത്തെ 17,000 മെട്രിക് ടൺ നാഫ്ത്ത സൂക്ഷിച്ചിരുന്നു.

ഇതിൽ 16,775 മെട്രിക് ടണ്ണും കഴിഞ്ഞ മാർച്ചിൽ ഒരുമാസത്തോളം നിലയം പ്രവർത്തിപ്പിച്ചതിലൂടെ ഉപയോഗിച്ചു തീർത്തിരുന്നു. അന്നു ബാക്കിവന്ന ഇന്ധനമാണ് ഇപ്പോൾ ഗുജറാത്തിലെ എൻ.ടി.പി.സി. നിലയങ്ങളിലേക്കു കൊണ്ടുപോകുന്നത്. ടാങ്കർ ലോറികളിലാണ് ഇന്ധന നീക്കം. റോഡുമാർഗം ഇന്ധനം കൊണ്ടുപോകുന്നതിനുള്ള അനുമതി ബന്ധപ്പെട്ടവർ കാത്തിരിക്കുകയാണ്. മിക്കവാറും ഈ മാസം അവസാനത്തോടെ കായംകുളത്തുനിന്ന്‌ ടാങ്കറുകൾ പുറപ്പെട്ടു തുടങ്ങും. ഏഴു വർഷത്തിലധികമായി അടച്ചിട്ടിരിക്കുന്ന നിലയത്തിൽ വർഷങ്ങളായി സംഭരിച്ചിരുന്ന നാഫ്ത്ത എൻ.ടി.പി.സി.ക്ക് വലിയ ബാധ്യതയായിരുന്നു. സംഭരണികളുടെ സുരക്ഷയും രാസപ്രക്രിയയിലൂടെയുണ്ടാകുന്ന നഷ്ടവും ചേർന്ന് ഓരോ വർഷവും കോടികളാണ് കോർപ്പറേഷനു ബാധ്യതയുണ്ടായിരുന്നത്. ഇതേ തുടർന്നാണ് ഇന്ധനം ഉപയോഗിച്ചു തീർക്കാൻ എൻ.ടി.പി.സി.യും കെ.എസ്.ഇ.ബി.യും തമ്മിൽ ധാരണയുണ്ടാക്കിയത്. അന്ന് യൂണിറ്റിന് 7.50 രൂപ വിലയാകുമായിരുന്നെങ്കിലും 3.50 രൂപ നിരക്കിലാണ് കെ.എസ്.ഇ.ബി.ക്കു വൈദ്യുതി നൽകിയത്.

Leave A Reply
error: Content is protected !!