ഉത്ര വധക്കേസ്; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

ഉത്ര വധക്കേസ്; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

കൊല്ലം: ഉത്ര കൊലപാതക കേസ് പ്രതി സൂരജിനെ കോടതി ഇരട്ട ജീവപര്യന്തം തടവിന് വിധിച്ചു. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് ആണ് വിധി പ്രസ്താവിച്ചത്.

പ്രതിയുടെ പ്രായവും ഇതിനു മുൻപ് കുറ്റകൃത്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നതും വധശിക്ഷയിൽ നിന്നൊഴിവാക്കാൻ കോടതി പരിഗണിച്ചു.

ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് ശിക്ഷകൾ ആണ് കോടതി വിധിച്ചത്.

ജീവപര്യന്തം തടവ് ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെങ്കിലും പത്തും, ഏഴും ആകെ 17 തടവുശിക്ഷ സൂരജ് ആദ്യം അനുഭവിക്കണം. ഇതിനുശേഷമായിരിക്കും ജീവപര്യന്തം തടവുശിക്ഷ ആരംഭിക്കുകയെന്ന് വിധിയിൽ കോടതി വ്യക്തമാക്കി. നഷ്ടപരിഹാരമായി നൽകുന്ന അഞ്ച് ലക്ഷം രൂപ ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

കനത്ത സുരക്ഷാവലയത്തിലാണ് ആൾക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതിമുറിക്കുള്ളിലെത്തിച്ചത്. 

കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്.

Leave A Reply
error: Content is protected !!