ഒൺ ഇന്ത്യ ഒൺ പെൻഷൻ ബിജെപി യുടെ സൃഷ്ടി : നിങ്ങളറിയാതെ നിങ്ങൾ ബിജെപി യാകുന്നു

ഒൺ ഇന്ത്യ ഒൺ പെൻഷൻ ബിജെപി യുടെ സൃഷ്ടി : നിങ്ങളറിയാതെ നിങ്ങൾ ബിജെപി യാകുന്നു

ഒൺ ഇന്ത്യ ഒൺ പെൻഷൻ എന്ന ഒരു സംഘടന കേരളത്തിൽ പ്രവർത്തിക്കുന്നു . കഴിഞ്ഞ ഒന്നുരണ്ടു വർഷമായിക്കാണും ഇവർ പ്രത്യക്ഷമായി രംഗത്തിറങ്ങി തുടങ്ങിയിട്ട് . അതിന് മുൻപ് തന്നെ സമൂഹ മാധ്യമങ്ങൾ വഴിയായിരുന്നു ഇവരുടെ പ്രവർത്തനവും പ്രചാരണവും . ഇപ്പോഴും അങ്ങനെത്തന്നെയാണ് .

ഒരിന്ത്യ , ഒറ്റ പെൻഷൻ അതായത് എല്ലാവർക്കും തുല്യ പെൻഷൻ പതിനായിരം രൂപ സർക്കാർ പെൻഷനായി നൽകണം . പതിനായിരത്തിൽ കൂടുതൽ ഇനി എത്ര വലിയ ഉദ്യോഗസ്ഥനായാലും കൊടുക്കാൻ പാടില്ല . അഥവാ കൊടുത്താലും ഒരു ഇന്ത്യൻ പൗരനാണോ അവന് അറുപത് വയസ്സായാൽ പതിനായിരം രൂപ എല്ലാ മാസവും പെൻഷനായി അവന്റെ അക്കൗണ്ടിൽ ഇട്ടു കൊടുക്കണം .

ഇതാണ് അവരുടെ ആവശ്യം . കേൾക്കുമ്പോൾ ന്യായമായ ആവശ്യമാണെന്ന് തോന്നും . മാസം പതിനായിരം രൂപ കിട്ടിയാൽ ഒന്നുമില്ലെങ്കിൽ അസുഖങ്ങൾക്ക് മരുന്ന് വാങ്ങിക്കാമല്ലോ എന്ന് ചിന്തിക്കുന്നവരാണ് അധികവും .

ഈ ആശയം പ്രചരിപ്പിച്ചപ്പോൾ സമൂഹ മാധ്യമങ്ങളിൽ നല്ല പിന്തുണയാണ് കിട്ടിയത് . സമൂഹത്തിന്റെ നാനാ ഭാഗത്തുനിന്നും ആളുകൾ സപ്പോർട്ടുമായി രംഗത്തെത്തി . എന്തിനേറെ വിദേശ രാജ്യങ്ങളിൽ നിന്ന് പോലും മലയാളികൾ പിന്തുണയുമായി അവരുടെ കൂടെ കൂടി . എങ്ങനെയും ഈ ആവശ്യം നേടിയെടുക്കണം .

പ്രവർത്തിക്കാൻ ഫണ്ട് വരെ പാവങ്ങൾ കൊടുത്തു . അങ്ങനെ സംസ്ഥാനത്തുടനീളം നല്ലയൊരു മൂവ് മെന്റായി വളർന്നു , സംസ്ഥാന കമ്മിറ്റി , ജില്ലാ കമ്മിറ്റി , മണ്ഡലം കമ്മിറ്റി , പഞ്ചായത്ത് കമ്മിറ്റി എന്തിനേറെ ബൂത്ത് കമ്മിറ്റി വരെ രൂപം കൊണ്ടു .

കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടങ്ങളിലും ഇതിന്റെ പേരിൽ മത്സരിച്ചു . പല പഞ്ചായത്തിലും വിജയിച്ചു . ഏതൊക്കെയോ പഞ്ചായത്തിൽ ഭരണം നിയന്ത്രിക്കുന്നത് തന്നെ ഈ മെമ്പർമാരാണ് .

ഇതാണ് ഓ ഐ ഓ പി എന്ന സംഘടനയുടെ പശ്ചാത്തലം . ഇനി കാര്യത്തിലേക്ക് വരാം . ബിജെപിക്ക് സംസ്ഥാനത്ത് പിടിച്ചു കേറാൻ ശക്തമായ അടിത്തറയിടാൻ കഴിഞ്ഞിട്ടില്ല , മത ന്യുന പക്ഷങ്ങൾ ഇപ്പോഴും അയിത്തം പ്രഖ്യാപിച്ചിരിക്കുകയാണ് .

എങ്ങനെയും മത ന്യുന പക്ഷങ്ങളുടെ ഇടയിൽ പിടിച്ചു കയറാൻ അവരുടെ രഹസ്യ സംഭാവനയാണ് ഇതെന്ന് പലരും പറഞ്ഞു . പക്ഷെ ഒട്ടു മിക്ക ആളുകളും നിഷേധിച്ചു . എന്നാൽ അതിന്റെ വ്യക്തമായ തെളിവാണ് ഇനി പറയാൻ പോകുന്നത് .

ഫേസ്ബുക്കിൽ 53, 200 ളം പേർ അംഗമായുള്ള ഒരു ഗ്രൂപ്പാണ് മോദി സപ്പോർട്ട് കേരള എന്നത് . നിലവിൽ ഇത് ഒരു പ്രൈവറ്റ് ഗ്രൂപ്പായാണ് പ്രവർത്തിക്കുന്നത്. ഒരു എം.എൽ.എ പോലുമില്ലാത്ത നമ്മുടെ കേരളത്തിൽ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ കൂട്ടായ്മകൾക്ക് എങ്ങനെയാണ് ഇത്രയധികം ഫോളോവേഴ്സിനെ ലഭിക്കുന്നത് .

ഈ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഹിസ്റ്ററി ഒന്ന് പരിശോധിക്കാം . 2019 ഡിസംബർ14നാണ് ഈ ഗ്രൂപ്പ് ആരംഭിച്ചതെന്ന് ഗ്രൂപ്പ് ഹിസ്റ്ററി നോക്കിയാൽ നമുക്ക് മനസ്സിലാക്കാം. പക്ഷേ അന്ന് ആ ഗ്രൂപ്പിന്റെ പേര് മോദി സപ്പോർട്ട് കേരള എന്നായിരുന്നില്ല,

മറിച്ച്‌ ഒൺ  ഇന്ത്യ ഒൺ പെൻഷൻ കേരളയുടെ പേരിലായിരുന്നു. അരാഷ്ട്രീയവാദികളുടെ ബലഹീനതയെ ചൂഷണം ചെയ്ത് ഫോളോവേഴ്സിനെ വാരിക്കൂട്ടിയ ഈ ഗ്രൂപ്പ് 2021 ആരംഭത്തിൽ മറ്റൊരു അരാഷ്ട്രീയവാദ കൂട്ടായ്മയായ ട്വന്റി 20 യിലേക്ക് പുനർനാമകരണം ചെയ്തു .

കാരണം ഒറ്റയടിക്ക് ഇപ്പോഴത്തെ പേരിലേക്ക് അതായത്  മോദി സപ്പോർട്ട് കേരള എന്നാക്കി മാറ്റിയാൽ മറ്റുള്ളവർ കണ്ടുപിടിക്കുമല്ലോ എന്നുകരുതിയാവണം ട്വന്റി 20 യിലേക്ക് മാറ്റിയത് . അതികം താമസിയാതെ തന്നെ 2021 മാർച്ച് 28ന് ട്വന്റി 20 ഓ ഐ ഓ പി ഫാൻസ് എന്നും മെയ് 8ന് ട്വന്റി 20 കേരള  ലവേഴ്‌സെന്നും മാറ്റി .

ഈ മാറ്റങ്ങളിൽ സംശയം തോന്നിയവർ ഗ്രൂപ്പ് വിട്ടു പോവുകയും ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ വീണ്ടും  ആഗസ്റ്റ് 5ന് ഒൺ  ഇന്ത്യ ഒൺ പെൻഷൻ കേരള എന്ന പേരിലേക്ക് ഘർ വാപസി നടത്തി .

വീണ്ടും കൂടുതൽ പേരെ അംഗങ്ങളാക്കിയ ശേഷം ഈ ഗ്രൂപ്പ് തങ്ങളുടെ വിശ്വരൂപം പ്രകടിപ്പിച്ചു കൊണ്ട് മോദി സപ്പോർട്ട് കേരള എന്ന പേരിലേക്ക് മാറിയത് സെപ്‌തംബർ 29നായിരുന്നു.  ഒൺ  ഇന്ത്യ ഒൺ പെൻഷൻ സംബന്ധിച്ച കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുക എന്ന ഗ്രൂപ്പ് നിയമാവലിയിലെ പഴയ നിബന്ധന ഇപ്പോഴും തൽസ്ഥാനത്ത് തുടരുന്നുണ്ട്.

പട്ടാളക്കാരുടെ പേരിൽ പേജുകളുണ്ടാക്കി ലൈക്ക് നേടിയ ശേഷം സംഘപരിവാർ നേതാക്കന്മാരുടെ പേരിലേക്ക് പുനർ നാമകരണം ചെയ്ത ചരിത്രമുള്ള സംഘപരിവാർ സൈബർ ടീമിൽ നിന്നും ഇത്തരം ഉഡായിപ്പുകൾ  ഇനിയും പ്രതീക്ഷിക്കാം.

ഇനി നിങ്ങൾ തീരുമാനിക്കുക ഈ ഒൺ  ഇന്ത്യ ഒൺ പെൻഷൻ എന്ന ആശയം ആരുടേതാണെന്നും എന്തിന് വേണ്ടിയാണെന്നും . ഈ പെൻഷൻ പദ്ധതി ഒരിക്കലും നടപ്പാകാൻ സാധ്യതയില്ലാത്ത സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാനും മത ന്യുന പക്ഷങ്ങളെ ചേർത്തു നിറുത്തുവാൻ വേണ്ടിയുള്ള ഒരടവാണെന്നും ഇനിയെങ്കിലും മനസ്സിലാക്കുക .

Video Link

https://youtu.be/OFY3Dulnxm8

Leave A Reply
error: Content is protected !!