രോഗിയുടെ മരണം; മരുന്ന് മാറി കുത്തിവച്ചതിനെ തുടര്‍ന്നെന്ന് കുടുംബം

രോഗിയുടെ മരണം; മരുന്ന് മാറി കുത്തിവച്ചതിനെ തുടര്‍ന്നെന്ന് കുടുംബം

കോഴിക്കോട്: വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയുടെ മരണം മരുന്ന് മാറി കുത്തിവച്ചതിനെ തുടര്‍ന്നാണെന്ന് പരാതി.

അഴിഞ്ഞിലം ഫാറൂഖ് കോളജ് മുകളേല്‍ സരോജിനി(59) മരിച്ചത് മരുന്നു മാറി കുത്തിവച്ചതിനെ തുടര്‍ന്നെന്നാണ് മകളുടെ പരാതി.

ഇതു സംബന്ധിച്ച് മകള്‍ എം എസ് ബിന്ദു മെഡികല്‍ കോളജ് പൊലീസിലും ആശുപത്രി അധികൃതര്‍ക്കും പരാതി നല്‍കി.

സരോജിനിയെ ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം അത്യാഹിത വിഭാഗത്തിലാണ് ചികിത്സ തേടിയത്. ചില മരുന്നുകള്‍ക്ക് അലര്‍ജിയുണ്ടെന്ന് കണ്ടതിനാല്‍ ആദ്യം കുറിച്ച ഇന്‍ജെക്ഷന്‍ കൊടുത്തിരുന്നില്ലെന്നാണ് സരോജിനിയുടെ ബന്ധുക്കള്‍ പറയുന്നത്. പിന്നീട് വാര്‍ഡിലേക്ക് മാറ്റുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ അള്‍ട്രാസൗണ്ട് സ്‌കാന്‍ ചെയ്തതില്‍ കുഴപ്പമൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് വൈകിട്ട് വാര്‍ഡില്‍ നിന്ന് ഇന്‍ജെക്ഷന്‍ നല്‍കിയതോടെ സരോജിനി അസ്വസ്ഥത പ്രകടിപ്പിച്ചുവെന്നാണ് പരാതി. ഉടനെ ഡോക്ടര്‍മാരെത്തി സരോജിനിയെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തില്‍ സരോജിനിക്ക് നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന മരുന്നുകളും ഇന്‍ജെക്ഷനും മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മുതല്‍ കൊടുത്തിരുന്നതെന്നും മരുന്നുകളൊന്നും മാറിക്കൊടുത്തിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പരേതനായ ശ്രീധരനാണ് സരോജിനിയുടെ ഭര്‍ത്താവ്. മക്കള്‍: ബിനു, ബിജു, ബിന്ദു.

Leave A Reply
error: Content is protected !!