വിദ്യാഭ്യാസ അവകാശ നിഷേധം : തെരുവിൽ പഠനമൊരുക്കി എസ് എസ് എഫ്

വിദ്യാഭ്യാസ അവകാശ നിഷേധം : തെരുവിൽ പഠനമൊരുക്കി എസ് എസ് എഫ്

മലപ്പുറം: എസ് എസ് എൽ സി പരീക്ഷയിൽ ഏറ്റുവുമധികം വിദ്യാർത്ഥികൾ തുടർ പഠനത്തിന് അർഹത നേടിയ മലപ്പുറം ജില്ലയിൽ ഉൾപ്പെടെ മലബാർ മേഖലയിലെ തുടർ പഠന അവസര നിഷേധത്തിനെതിരെ എസ് എസ് എഫ് ഡിവിഷൻ കേന്ദ്രങ്ങളിൽ തെരുവ് പഠനം സംഘടിപ്പിച്ചു.

പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്മെന്റ് വന്നിട്ടും മികച്ച മാർക്കോടെ ഉപരി പഠന അർഹത നേടിയ നിരവധി വിദ്യാർത്ഥികൾക്ക് ഗവ. മേഖലയിൽ അവസരമില്ലാതെ പുറത്ത് നിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ‘പൊതു വിദ്യാഭ്യാസം ;വിദ്യാർത്ഥികളുടെ അവകാശം ‘ എന്ന ശീർഷകത്തിൽ പ്രതിഷേധ പഠനം തെരുവിൽ സംഘടിപ്പിച്ചത്. കൊട്ടിഘോഷിക്കുന്ന കേരള വിദ്യാഭ്യാസ മാതൃകയെ ചോദ്യം ചെയ്യും വിധമാണ് നിലവിലെ സാഹചര്യം. ഉയർന്നഗ്രേഡ് നേടിയിട്ടും കേരളത്തിലെ 1.95 ലക്ഷം വിദ്യാർത്ഥികൾക്ക് പൊതുവിദ്യാലയം അപ്രാപ്യമായിരിക്കുന്നു. ജില്ലയിൽ മാത്രം 16222 വിദ്യാർത്ഥികൾക്ക് തുടർ പഠന അവസരമില്ല. ഇതിന് പുറമെയാണ് വിഷയങ്ങളും വിദ്യാലയങ്ങളും താൽപര്യപൂർവ്വം തിരഞ്ഞടുക്കാനുള്ള അവസരമില്ലായ്മയും.

അവസാന വരിയിലെ അവസാനത്തെ കുട്ടിക്കും അവസരം ഉറപ്പ് വരുത്തുമ്പോഴാണ് വിദ്യാഭ്യാസം നീതിയിൽ പുലരുക . വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും തുടർ പഠന അവസരം ഭരണകൂടം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് സമരം ആവശ്യപ്പെട്ടു. സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി പൊതു സമൂഹം ഒന്നിച്ച് ശബ്ദം മുഴക്കണമെന്ന് എസ് എസ് എഫ് അഭിപ്രായപ്പെട്ടു.ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലായി 23 ഡിവിഷൻ കേന്ദ്രങ്ങളിൽ ‘തെരുവ് പഠനം ‘ നടന്നു.

Leave A Reply
error: Content is protected !!