ജോലി വാഗ്ദാനം ജലരേഖയായി; കായിക താരങ്ങളെ സർക്കാർ അപമാനിക്കുകയാണോ?

ജോലി വാഗ്ദാനം ജലരേഖയായി; കായിക താരങ്ങളെ സർക്കാർ അപമാനിക്കുകയാണോ?

വാഗ്ഭടൻ

ഹിറ്റ്ലറിന്റെ ഭരണകാലത്ത് നടന്ന ബെർലിൻ ഒളിമ്പിക്സിൽ ഇന്ത്യയുടെ ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിന്റെ പ്രകടനം കണ്ട് അത്ഭുതപ്പെട്ട ഹിറ്റ്ലർ അദ്ദേഹത്തോട് ചോദിച്ചു, താങ്കൾക്ക് ഇന്ത്യയിൽ എന്താണ് ജോലിയെന്ന്. സാധാരണ പട്ടാളക്കാരനാണ് താനെന്ന് പറഞ്ഞ ധ്യാൻ ചന്ദിനോട് ഹിറ്റ്ലർ ഞങ്ങളുടെ സൈന്യത്തിൽ ആയിരുന്നു എങ്കിൽ താങ്കളെ ജനറലാക്കും എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഈ കഥ സത്യം ആണെങ്കിൽ, ലോകത്തെ ഏറ്റവും ക്രൂരനെന്ന് പേരുള്ള ഹിറ്റ്ലർ കാട്ടിയ വിശാല മനസ്കത പോലും നമ്മുടെ നാട്ടിലെ ഭരണാധികാരികൾ കായിക താരങ്ങളോട് കാട്ടുന്നില്ലഎന്ന് പറയേണ്ടിവരും.

ഏഷ്യാനെറ്റ് ന്യൂസിന്റെ കഴിഞ്ഞ ദിവസത്തെ ന്യൂസ് അവർ ഏറെ പ്രസക്തമായിരുന്നു. വിഷയം 2018 ലെ ഏഷ്യൻ ഗെയിംസിൽ സ്വർന്ന മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് ഗസറ്റഡ് തസ്തികയിൽ ജോലി നൽകുമെന്ന സർക്കാർ വാഗ്ദാനം ജലരേഖയായി മാറിയതാണ്. പി യു ചിത്ര ഉൾപ്പെടെയുള്ള കായിക താരങ്ങൾക്കാണ് ഈ ദുർവിധി ഉണ്ടായിരിക്കുന്നത്. ചർച്ചയിൽ പങ്കെടുത്ത ചിത്ര ഉൾപ്പെടെയുള്ള കായിക താരങ്ങൾ ജോലിയുടെ കാര്യം തിരക്കി സെക്രട്ടറിയേറ്റിൽ കയറിയിറങ്ങേണ്ടി വന്ന ദുരവസ്ഥയെ കുറിച്ച് ഏറെ വേദനയോടെ വിവരിച്ചു.

കഴിഞ്ഞ പിണറായി മന്ത്രി സഭയിൽ കായിക മന്ത്രി ആയിരുന്ന ഇ.പി ജയരാജൻ എങ്കിലും ഈ ചർച്ച കണ്ടിട്ട് ഇവർക്ക് വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. കാരണം ഇവർക്ക് ജോലി വാഗ്ദാനം നൽകിയത് അദ്ദേഹമാണ്. ഇവരിൽ പലർക്കും റെയിൽവേയിലും ബാങ്കിലുമൊക്കെ ജോലി ലഭിച്ചു എങ്കിലും, കേരളത്തിൽ ജോലി ചെയ്യാനാണ് താൽപ്പര്യമെന്ന് കായിക താരങ്ങൾ ചർച്ചയിൽ പറഞ്ഞിരുന്നു. ഏഷ്യാഡിൽ സ്വർണം നേടി രാജ്യത്തിന്റെ അഭിമാനം ഉയർത്തിയ കായിക താരങ്ങൾക്കാണ് ഈ അവഗണന എന്ന് നമ്മൾ ഓർക്കണം.

കായിക മേളകളിൽ സ്വർണം നേടിയവരെ ഒഴിവാക്കി, വെങ്കലം കിട്ടിയവർക്ക് സർക്കാർ ജോലി നൽകുന്നതായും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. 1980 കളിൽ ഏഷ്യാഡിൽ മെഡൽ നേടിയ പി.ടി.ഉഷയ്ക്ക് അന്നത്തെ സംസ്ഥാന സർക്കാർ ആഡംബര കാർ ഉൾപ്പെടെ വൻ സമ്മാനങ്ങൾ നൽകി ആദരിച്ച കാര്യം ഓർമ്മിക്കുകയാണ്. ഇപ്പോൾ കായിക വകുപ്പിനായി പ്രത്യേകം മന്ത്രി തന്നെയുണ്ട്. അദ്ദേഹത്തിനും ഇക്കാര്യം ശ്രദ്ധിക്കാം.

പി.ആർ ശ്രീജേഷിന്റെ പേരിലുള്ള സ്റ്റേഡിയത്തിന്റെ ദുർഗതി മാറ്റാൻ ഏഷ്യാനെറ്റ് ന്യൂസിന്റെ പരമ്പര വേണ്ടി വന്നു. ഈ ന്യൂസ് അവറും ഇക്കാര്യത്തിൽ ഒരു പ്രേരണയാകുമെന്ന് പ്രതീക്ഷിക്കാം.

Leave A Reply
error: Content is protected !!