പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ- ഫോണ്‍ യാഥാർഥ്യമാകുന്നു

പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ- ഫോണ്‍ യാഥാർഥ്യമാകുന്നു

പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ- ഫോണ്‍ യാഥാർഥ്യമാകുന്നു . പദ്ധതിക്ക് പുതിയ എം.ഡി. വരുന്നു. മുന്‍ തമിഴ്നാട് ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. സന്തോഷ് ബാബുവാണ് കെ- ഫോണ്‍ പദ്ധതി ആസൂത്രകനായി വരുന്നത് .

തമിഴ്നാട് ഐടി മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇദ്ദേഹത്തെ എം.ഡിയാക്കാന്‍ തീരുമാനമെടുത്തത്. തിരുവനന്തപുരം സ്വദേശിയാ ഡോ. സന്തോഷ് ബാബു നടപ്പിലാക്കിയ ഗ്രാമീണ ബി.പി.ഒ രാജ്യത്ത് തന്നെ ആദ്യത്തെ സംരംഭമായിരുന്നു.

തമിഴ്നാട് കൃഷ്ണഗിരി ജില്ലാ കലക്ടറായിരുന്ന കാലത്ത് ഐ.ടി അധിഷ്ഠിത പദ്ധതികളിലൂടെ വിദ്യാര്‍ഥികളെ തിരികെ സ്‌കൂളിലേക്ക് കൊണ്ടുവരാന്‍ സാധിച്ചുവെന്നതും ഇദ്ദേഹത്തിന്റെ നേട്ടങ്ങളിലൊന്നാണ്. തമിഴ്നാട് മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുള്ള സന്തോഷ് ബാബു അവിടെ ഐടി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കെ സ്വയം വിരമിച്ചു.

അതിനു ശേഷം കമലഹാസന്‍ നേതൃത്വം നല്‍കിയിരുന്ന മക്കള്‍ നീതി മയ്യം പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേളാച്ചേരി മണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയിലിരിക്കെ രാജിവെച്ചതിന് ശേഷമാണ് കേരളത്തില്‍ പുതിയ ചുമതല ലഭിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് എടുത്തതിന് ശേഷമാണ് ഐ.എ.എസ് ലഭിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്ന് ലീഡര്‍ഷിപ്പ് ആന്‍ഡ് എക്സലന്‍സ് ബിരുദവും നേടിയിട്ടുണ്ട്.

ഇന്റര്‍നെറ്റ്‌ രംഗത്തു വിപ്ലവകരമായ മാറ്റത്തിനു കേരളസര്‍ക്കാര്‍ രൂപീകരിച്ചതാണു കെ-ഫോണ്‍. കേരളത്തിലെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം . പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇന്റര്‍നെറ്റ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും വിദ്യാലയങ്ങളെയും സര്‍ക്കാര്‍ ഓഫീസുകളെയും വീടുകളെയും സ്വകാര്യ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ് പദ്ധതിയുടെ പ്രധാന ഭാഗം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം വീടുകള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ്‌ ലഭ്യമാകും. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കുമാകും ആദ്യഘട്ടത്തില്‍ മുന്‍ഗണന.

Video Link

https://youtu.be/PxLtmhD9N1k

Leave A Reply
error: Content is protected !!