നിര്‍മാണ തൊഴിലാളിയായ യുവതിക്ക് പ്രസവാനുകൂല്യം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി

നിര്‍മാണ തൊഴിലാളിയായ യുവതിക്ക് പ്രസവാനുകൂല്യം വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി

മലപ്പുറം: നിര്‍മാണ തൊഴിലാളിയായ യുവതിക്ക് പ്രസവാനുകൂല്യം വേഗത്തില്‍ ലഭ്യമാക്കാന്‍ വനിതാകമ്മീഷന്‍ അദാലത്തില്‍ നടപടി. നിര്‍മാണ തൊഴിലാളിയായ സ്ത്രീ 2015 മുതല്‍ ക്ഷേമനിധിയില്‍ അംഗത്വം എടുക്കുകയും 2019 വരെ അംശദായം കൃത്യമായി അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2019ല്‍ പ്രസവാനുകൂല്യത്തിന് സമര്‍പ്പിച്ച അപേക്ഷ പ്രകാരം നിര്‍മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് അന്വേഷണം നടത്തുകയും യുവതി നിര്‍മാണ തൊഴിലാളിയല്ലെന്ന് കണ്ടെത്തി പ്രസവാനുകൂല്യം നിഷേധിക്കുകയായിരുന്നു. ക്ഷേമ നിധിയില്‍ അംഗത്വമെടുക്കുകയും അംശദായമടക്കുകയും ചെയ്ത യുവതിക്ക് പ്രസവാനുകൂല്യം അനുവദിക്കാന്‍ നടപടി വേഗത്തില്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ അധികൃതരോട് നിര്‍ദേശിച്ചു. അങ്കണവാടി താത്കാലിക വര്‍ക്കര്‍ക്കറായിരിക്കെ നഗരസഭാ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സി.ഡി.പി.ഒ ജോലി നിഷേധിച്ചെന്ന പരാതിയില്‍ ഒരാഴ്ചക്കകം മറുപടി നല്‍കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

നിലമ്പൂര്‍ മുന്‍സിപ്പല്‍ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ സ്ത്രീധന -ഗാര്‍ഹിക പീഡനം, സ്വത്ത് തര്‍ക്കം, സൈബര്‍ അതിക്രമം, സാമൂഹ്യ അധിക്ഷേപം, അയല്‍പ്പക്ക തര്‍ക്കം തുടങ്ങിയ വിഷയങ്ങളിലായി 61 പരാതികളാണ് പരിഗണിച്ചത്. 15 പരാതികള്‍ തീര്‍പ്പാക്കി. ആറ് പരാതികള്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 40 പരാതികള്‍ ഒക്‌ടോബര്‍ 18ന് പൊന്നാനിയില്‍ നടക്കുന്ന സിറ്റിങിലേക്ക് മാറ്റിവച്ചു. വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ, ലീഗല്‍ പാനല്‍ അംഗങ്ങളായ രാജേഷ് പുതുക്കാട്, റീബാ എബ്രഹാം, കെ.ബീന എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

Leave A Reply
error: Content is protected !!