പിണറായിയെ സ്തുതിച്ച ഗോപിനാഥിനെ വിട്ടുകളയാൻ മനസ് വരാതെ സുധാകരൻ

പിണറായിയെ സ്തുതിച്ച ഗോപിനാഥിനെ വിട്ടുകളയാൻ മനസ് വരാതെ സുധാകരൻ

കെപിസിസി പുനഃസംഘടനയില്‍ എവി ഗോപിനാഥിനെ ഉള്‍പ്പെടുത്താന്‍ അവസാന കരുനീക്കവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എവി ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. പുനഃസംഘടനയില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പറയുന്ന പേരുകാര്‍ക്കും അവസരം നല്‍കും. വി എം സുധീരനും അര്‍ഹമായ പരിഗണന നല്‍കും. അനില്‍ അക്കരെ, വിടി ബല്‍റാം, ശബരിനാഥ്, പിഎം നിയാസ് എന്നിവര്‍ ഭാരവാഹിത്വം ഉറപ്പിച്ചിട്ടുണ്ട്.

ഗോപിനാഥിന്റെ പിണറായി സ്തുതി ചര്‍ച്ചയാക്കാനാണ് ഗ്രൂപ്പ് മാനേജര്‍മാരുടെ ശ്രമം. പിണറായിയെ പരസ്യമായി പിന്തുണച്ച ഗോപീനാഥിനെ ഭാരവാഹിയാക്കരുതെന്നാണ് ആവശ്യം. എന്നാല്‍ ഗോപിനാഥ് കറകളഞ്ഞ കോണ്‍ഗ്രസുകാരനാണെന്നും പ്രകോപിപ്പിച്ച്‌ പിണറായിക്ക് അനുകൂലമായി പറയിപ്പിച്ചതാണെന്നും സുധാകരനും പറയുന്നു. അതുകൊണ്ട് തന്നെ ഗോപിനാഥിനെ ഭാരവാഹിയാക്കണമെന്നാണ് സുധാകരന്റെ നിലപാട്. ഇത് ഹൈക്കമാണ്ട് അംഗീകരിച്ചാല്‍ ഗോപിനാഥും കെപിസിസി ഭാരവാഹിയാകും.

രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും മൂന്ന് പേരെ വീതം കൊടുക്കാനാണ് സാധ്യത. വി എസ് ശിവകുമാര്‍, കരകുളം കൃഷ്ണപിള്ള, ആര്‍ ചന്ദ്രശേഖരന്‍, ജ്യോതികുമാര്‍ ചാമക്കാല, അജയ് മോഹന്‍, എഎ ഷുക്കൂര്‍, ഫിലിപ്പ് ജോസഫ്, അഡ്വ അശോകന്‍, നിലകണ്ഠന്‍ എന്നിവരെയാണ് ചെന്നിത്തല മുമ്ബോട്ട് വയ്ക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ക്കാകും നറുക്കു വീഴുക. ഉമ്മന്‍ ചാണ്ടിയും പരിഗണിക്കേണ്ടവരുടെ പേരുകള്‍ മുമ്ബോട്ട് വച്ചിട്ടുണ്ട്. വര്‍ക്കല കഹാര്‍, ശിവദാസന്‍ നായര്‍, ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാനികള്‍. കോട്ടയത്ത് നിന്ന് പി എ സലിമിന്റെ പേരും ചര്‍ച്ചകളിലുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി അടുപ്പമുള്ള വ്യക്തിയാണ് സലിം.

വി എം സുധീരന്റെ പക്ഷത്തു നിന്നാണ് അനില്‍ അക്കരെ ഉള്‍പ്പെടെയുള്ള പേരുകള്‍ ചര്‍ച്ചയാകുന്നത്. ടോമി കല്യാനിയും സുരജ് രവിയും വി എം സുധീരന്റെ ആളുകളാണ്. ഇവര്‍ക്കായും സമ്മര്‍ദ്ദമുണ്ട്. എവി ഗോപിനാഥിന് പുറമേ സുമാ ബാലകൃഷ്ണന്‍, അജയ് തറയില്‍ ഡി സുഗുതന്‍ എന്നിവരുടെ പേരുകളും കെപിസിസി അധ്യക്ഷന്‍ മുമ്ബോട്ട് വയ്ക്കുന്നുണ്ട്. വിശാല ഐ ഗ്രൂപ്പിന് മൃഗീയ ആധിപത്യമുള്ള പുനഃസംഘടനയാകും ഇത്തവണ നടക്കുക. പ്രതിപക്ഷ നേതാവ് വിഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഈ പട്ടികയില്‍ ഇടപെടും. സുധാകരനും സതീശനും കെസിയും ഐ ഗ്രൂപ്പുകാരാണ്. അതാണ് എ ഗ്രൂപ്പിനെ മൊത്തത്തില്‍ പുനഃസംഘടന ബാധിക്കാന്‍ പോകുന്നതിന് കാരണവും.

കെപിസിസി പുനഃസംഘടന സംബന്ധിച്ച്‌ കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തും. ഡിസിസി പുനഃസംഘടനയെ സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇപ്പോഴും പൂര്‍ണമായും പരിഹരിക്കപ്പെടാതെ നില്‍ക്കുമ്ബോഴാണ് കെപിസിസി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ അവസാന ഘട്ടത്തില്‍ എത്തുന്നത്. വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്തണം എന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം ഡിസിസി പുനഃസംഘടന വേളയില്‍ പാലിക്കാന്‍ കേരള പിസിസിക്ക് സാധിച്ചിരുന്നില്ല.

ഈ വിഷയത്തിലെ കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തി കെപിസിസി പുനഃസംഘടനയില്‍ പരിഹരിക്കാന്‍ ഉള്ള ഫോര്‍മുലയും ഡല്‍ഹിയില്‍ എത്തിയ കെ സുധാകരനും വിഡി സതീശനും തയ്യാറാക്കിയിട്ടുണ്ട്. നിര്‍ണായക കരട് പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച വൈകിട്ടോടെ ഇരു നേതാക്കളും കേരളത്തിലേക്ക് മടങ്ങും. വനിതകളായി പത്മജാ വേണുഗോപാലിനേയും ജ്യോതി വിജയകുമാറിനേയും ജയലക്ഷ്മിയേയും സുമാ ബാലകൃഷ്ണനേയുമാണ് പരിഗണിക്കുന്നത്.

19 ഭാരവാഹികളില്‍ ഗ്രൂപ്പുകളുടെ പട്ടികയില്‍ നിന്നു പകുതിയില്‍ താഴെ പേരെ മാത്രമേ പുതിയ നേതൃത്വം ഉള്‍പ്പെടുത്താന്‍ ഇടയുള്ളൂ. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ട്രഷററും കെപിസിസി പ്രസിഡന്റിന്റെ നോമിനികളായിരിക്കും. 51 അംഗ നിര്‍വാഹക സമിതിയില്‍ 15 ജനറല്‍ സെക്രട്ടറിമാരും 4 വൈസ് പ്രസിഡന്റുമാരും ഉണ്ടാകും. ഈ 19 ഭാരവാഹികളുടെയും 28 നിര്‍വാഹക സമിതി അംഗങ്ങളുടെയും പേരാണ് ഇപ്പോള്‍ അന്തിമമാക്കാന്‍ ശ്രമിക്കുന്നത്. കെപിസിസി സെക്രട്ടറിമാരെ ഈ ഘട്ടത്തില്‍ നിയമിക്കുന്നില്ല.

Leave A Reply
error: Content is protected !!