കൊലക്കേസ് പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിന് മുന്നിലും ഭീഷണി മുഴക്കി

കൊലക്കേസ് പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിന് മുന്നിലും ഭീഷണി മുഴക്കി

കോട്ടയം : ഞങ്ങളെ കോടതിയിൽ ഹാജരാക്കണം സർ, ജാമ്യത്തിലിറങ്ങിയിട്ട് ആറു പേരെ കൂടി ഇതുപോലെ വെട്ടിക്കൊല്ലണം. തല വെട്ടിയെടുക്കും! കറുകച്ചാൽ മുണ്ടത്താനത്ത് മനേഷ് തമ്പാനെ വെട്ടിക്കൊലപ്പെടുത്തി, കാൽപ്പാദം മുറിച്ചെടുത്ത് റോഡിൽ ഉപേക്ഷിച്ച സംഭവത്തിലെ പ്രതികൾ ചോദ്യം ചെയ്യലിൽ പൊലീസിന് മുന്നിലും ഭീഷണി മുഴക്കി. നേരത്തെ മനേഷിന്റെ നേതൃത്വത്തിലുള്ള ഏഴ് പേരാണ് ജയേഷിനെ വീട്ടിൽക്കയറി വെട്ടിയത്. ഇതിന് പകരമായി മനേഷിന് ഒപ്പമുണ്ടായിരുന്ന ആറുപേരുടെ കൂടി തലവെട്ടുമെന്നാണ് കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ‌്‌തപ്പോൾ പ്രതികൾ പറഞ്ഞത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

കൊലപാതകം നടത്താൻ ഇവർക്കൊപ്പം നാലു പേർ കൂടി ഉണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ഇവർ ജില്ല കടന്നതായാണ് വിവരങ്ങൾ ഉണ്ട്. ജയേഷും, സച്ചുവും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല. സംഭവ ശേഷം രക്ഷപ്പെട്ട പ്രതികളുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മനേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി.

Leave A Reply
error: Content is protected !!