ഇലന്തൂര്‍ ഗവ. കോളജ് നിര്‍മാണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

ഇലന്തൂര്‍ ഗവ. കോളജ് നിര്‍മാണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു

പത്തനംതിട്ട: ഇലന്തൂര്‍ ഗവ. കോളജിന് കെട്ടിടം നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഭൂമി ഉടമസ്ഥന്‍മാരുമായി ചര്‍ച്ച നടത്താനും നിര്‍മാണ ജോലികള്‍ വേഗത്തിലാക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കോളജ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നത് ഇലന്തൂര്‍ ഗവ. ഹൈസ്‌കൂളിലാണ്. കോളജിന് കെട്ടിടം നിര്‍മിക്കുന്നതിനായി ഖാദി ബോര്‍ഡിന്റെ അധീനതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഏറ്റെടുത്തിരുന്നു. കൂടാതെ മൂന്ന് സ്വകാര്യ വ്യക്തികളില്‍ നിന്നായി 2.12 ഏക്കര്‍ സ്ഥലം കൂടി വിലയ്ക്കെടുക്കാന്‍ തീരുമാനമായി.

കോളജ് കെട്ടിടത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് കിഫ്ബിയില്‍ നിന്നാണ് അനുവദിക്കുന്നത്. നിര്‍മാണ ചുമതല കിറ്റ്കോയ്ക്കാണ്. കോളജ് നിര്‍മിക്കുന്ന സ്ഥലത്ത് സാമൂഹ്യ ആഘാത പഠനം നടത്തി റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന് ആവശ്യമായ എസ്റ്റിമേറ്റും പ്ലാനും തയാറാക്കിയിട്ടുണ്ട്.
ഇലന്തൂര്‍ ഗവ. ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കോളജില്‍ ഇപ്പോള്‍ ബിഎസ്സി സുവോളജി, ബിഎ മലയാളം, ബികോം, എംകോം എന്നീ കോഴ്സുകളാണ് നിലവിലുള്ളത്. ഒക്ടോബര്‍ 18 മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം കിഫ്ബിയുടെ ഉദ്യോഗസ്ഥര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. കിഫ്ബി വാലുവേഷന്‍ ഓഫീസര്‍ കവിത ഭരതന്‍, റവന്യൂ അധികാരികള്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ഷൈലജ കുമാരി, അസോസിയേറ്റ് പ്രൊഫസര്‍ ജിജു വര്‍ഗീസ് ജേക്കബ്, ഗ്രാമ പഞ്ചായത്ത് അംഗം എം.എസ്. സിജു എന്നിവരും ഭൂമി ഉടമസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

Leave A Reply
error: Content is protected !!