വാഹനങ്ങളുടെ വേഗപരിധി ഉയർത്തുമെന്ന്​ ഗഡ്​കരി

വാഹനങ്ങളുടെ വേഗപരിധി ഉയർത്തുമെന്ന്​ ഗഡ്​കരി

ന്യൂഡൽഹി: രാജ്യത്ത് ഹൈവേകളിലും എക്​സ്​പ്രസ്​വേകളിലും വാഹനങ്ങളുടെ വേഗപരിധി ഉയർത്തുന്നതിനെ പിന്തുണച്ച് കേന്ദ്ര ഗതാഗത വകുപ്പ്​ മന്ത്രി നിതിൻ ഗഡ്​കരി.ഇന്ത്യ ടുഡേ സംഘടിപ്പിച്ച കോൺക്ലേവിലാണ്​ ഗഡ്​കരിയുടെ പിന്തുണ .

അതെ സമയം വേഗപരിധി മണിക്കൂറിൽ 140 കിലോ മീറ്ററായി ഉയർത്തുന്നതിന്​ കേന്ദ്രസർക്കാർ അനുകൂലമാണെന്ന്​ ഗഡ്​കരി ചൂണ്ടിക്കാട്ടി . എന്നാൽ, വേഗപരിധി ഉയർത്തുന്നതിനെതിരെ വിവിധ കോടതികളിൽ നിന്ന്​ പരാമർശമുണ്ടായിട്ടു​ണ്ട്​.

വാഹനങ്ങളുടെ വേഗപരിധി ഉയർത്തുന്നത്​ ഞങ്ങൾക്ക്​ മുന്നിൽ വെല്ലുവിളിയായി നിൽക്കുകയാണ്​. കാറിന്‍റെ വേഗതയെ സംബന്ധിച്ച ചില സുപ്രീംകോടതി,ഹൈകോടതി വിധികൾ വേഗപരിധി ഉയർത്തുന്നതിന്​ തടസം സൃഷ്​ടിക്കുകയാണ്​. ഇന്ത്യയിലെ എക്​സ്​പ്രസ്​ ഹൈവേകളിൽ ഡിവൈഡറുകൾ ഉപയോഗിച്ച്​ കനത്ത സുരക്ഷയാണ്​ തയ്യാറാക്കിയിരിക്കുന്നത് .

വേഗത കൂടിയാൽ അപകടമുണ്ടാവുമെന്നൊരു ധാരണ നമുക്കുണ്ട്​. എന്നാൽ ഈ ധാരണയെ മാറ്റുന്നതിനുള്ള ബില്ലാണ്​ ഒരുങ്ങുന്നത്​. എക്​സ്​പ്രസ്​വേകളിലെ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽ നിന്നും 140 ആക്കി ഉയർത്താനാണ്​ ലക്ഷ്യമിടുന്നത്​. നാലുവരി പാതകളിൽ മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും​ വേഗപരിധി. രണ്ട്​ വരിയുള്ള ദേശീയപാതകളിൽ 80 കിലോമീറ്ററും നഗരപ്രദേശങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗവുമായിരിക്കും ഉണ്ടാവുകയെന്നും നിതിൻ ഗഡ്​കരി കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!