വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ.. ഈ സുഗന്ധവ്യജ്ഞനങ്ങൾ!

വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ.. ഈ സുഗന്ധവ്യജ്ഞനങ്ങൾ!

അമിതവണ്ണം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം. വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ പ്രധാനം ഭക്ഷണം (food) തന്നെയാണ്. അതിനാല്‍ ഒരു ഡയറ്റീഷന്റെ സഹായത്തോടെ കൃത്യമായ ഡയറ്റ് പാലിക്കേണ്ടതുണ്ട്. ഒപ്പം കൃത്യമായി വ്യായാമവും ചെയ്യണം.അത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.

ജീരകമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരഭാരം കുറയ്ക്കാന്‍ ആ​ഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചതാണ് ജീരകം. വെറും വയറ്റിൽ ജീരക വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തില്‍ നിന്ന് അമിത കൊഴുപ്പ് കുറയ്ക്കാനും വേഗത്തിൽ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ജീരകത്തില്‍ കലോറി വളരെ കുറവാണ്. ഒരു ടീസ്പൂണ്‍ ജീരകത്തില്‍ എട്ട് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ ജീരകം ഡയറ്റിന്‍റെ ഭാഗമാക്കാം. ജീരക വെള്ളം കുടിക്കുന്നത് ദഹനത്തിനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും സഹായകമാകും.

കുരുമുളക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഭക്ഷണത്തില്‍ രുചി കൂട്ടുന്നതോടൊപ്പം നിരവധി ഗുണങ്ങൾ കുരുമുളകിനുണ്ട്. വിറ്റാമിൻ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്​ കുരുമുളക്​. ഫൈബര്‍ അടങ്ങിയ ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ ഇവയ്ക്ക് കഴിയും.

കറുവപ്പട്ട ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ഔഷധ ​ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ഒപ്പം ഹൃദയസംബന്ധമായ അസുഖങ്ങൾ തടയാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഇവ സഹായിക്കും. ഇതോടൊപ്പം ഇവ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. അമിതവണ്ണം ഇല്ലാതാക്കാൻ ദിവസവും രാവിലെ വെറും വയറ്റിൽ കറുവപ്പട്ട വെള്ളം കുടിക്കാം.

ഉലുവയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ദിവസവും രാവിലെ ഉലുവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് സ്വാഭാവികമായി എരിച്ചു കളയുവാനും സഹായിക്കും.

Leave A Reply
error: Content is protected !!