ബിജെപി അഴിച്ചുപണി : സുരേഷ് ഗോപിയല്ലങ്കിൽ വത്സന്‍ തില്ലങ്കേരി

ബിജെപി അഴിച്ചുപണി : സുരേഷ് ഗോപിയല്ലങ്കിൽ വത്സന്‍ തില്ലങ്കേരി

ഒടുവിൽ മുഖം വികൃതമായി നില്‍ക്കുന്ന കേരളത്തിലെ ബിജെപിയെ അഴിച്ചു പണിയാന്‍ കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുരേന്ദ്രനെ നീക്കിയേക്കും . പകരം ആരെന്നുള്ള അന്വഷണത്തിലാണ് നേതൃത്വം .

അഞ്ച് ജനറല്‍ സെക്രട്ടറിമാര്‍ സംസ്ഥാനത്തെ ബൂത്ത് തലം മുതല്‍ ജില്ലാതലം വരെയുള്ള പ്രവര്‍ത്തകരെ കണ്ട് സമഗ്രമായി തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇതിന്മേല്‍ സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്തെടുത്ത തീരുമാനവും അനുസരിച്ചാണ് ബിജെപിയിലെ മാറ്റങ്ങൾ .

ബൂത്ത് തലം മുതല്‍ അടിമുടി അഴിച്ചുപണിയുണ്ടാകുമെന്നും പുതുമുഖങ്ങള്‍ നേതൃത്വത്തിലേക്ക് വരുമെന്നുമാണ് ലഭിക്കുന്ന സൂചന.

സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് സുരേന്ദ്രന് ഇനി ഒരുവര്‍ഷം കൂടി സമയമുണ്ട്. എന്നാല്‍ കുഴല്‍പ്പണ വിവാദത്തില്‍ പെട്ട് പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെട്ടതോടെ സുരേന്ദ്രനെതിരായ എതിര്‍പക്ഷത്തിന്റെ വാദങ്ങള്‍ക്ക് കേന്ദ്രനേതൃത്വം ചെവികൊടുക്കുകയാണ് .

നേതൃത്വത്തിലെ പടലപ്പിണക്കവും ഗ്രൂപ്പുവഴക്കുമാണ് പാര്‍ട്ടിക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടാന്‍ കാരണമായതെന്നാണ് ജനറല്‍ സെക്രട്ടറിമാര്‍ക്ക് ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകര്‍  നല്‍കിയ മറുപടി.

ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ സമാനമായ ഒരേ അഭിപ്രായമാണെന്നാണ് ജനറല്‍ സെക്രട്ടറിമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് . സംസ്ഥാനത്തെ ബിജെപി നേതാക്കളോട് പ്രവര്‍ത്തകരില്‍ ഉണ്ടായ അതൃപ്തി ദേശീയ നേതൃത്വം കണക്കിലെടുത്താണ് ഈ മാറ്റം നടത്തുന്നത് .

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ സജീവമാക്കാനാണ് ആലോചിക്കുന്നത് . നിലവിലെ സംസ്ഥാന നേതൃത്വത്തിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടില്ലെങ്കിലും അടുത്തകാലത്തായി ബിജെപി മുഖമായി സംസ്ഥാനത്ത് മാധ്യമങ്ങളില്‍ നിറയുന്നത് സുരേഷ് ഗോപിയാണ്.

ഇതാണ് ഇദ്ദേഹത്തെ സംസ്ഥാന അധ്യക്ഷനാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണമായത് . സംസ്ഥാന നേതാക്കളേക്കാള്‍ പാര്‍ട്ടിക്ക് കൂടുതല്‍ ജനശ്രദ്ധയും പ്രചാരണവും ലഭിക്കുന്നത് സുരേഷ്ഗോപി വഴിയാണ്. എന്നാല്‍ സംസ്ഥാന അധ്യക്ഷനാകാന്‍ താത്പര്യമില്ലെന്നാണ് സുരേഷ്ഗോപി വ്യക്തമാക്കുന്നത്.

അപ്പോള്‍ ആരായിരിക്കാം നേതൃത്വത്തിലേക്ക് വരിക എന്നതാണ് ചോദ്യം. അധ്യക്ഷ സ്ഥാനത്തിന് വടം വലി നടന്ന സമയത്താണ് അപ്രതീക്ഷിതമായി കുമ്മനം രാജശേഖരനെ അധ്യക്ഷനായി കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചത്.

ഇതേപോലെ ബിജെപി സംവധാനത്തിന് പുറത്ത് നില്‍ക്കുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്ന് ആരെയെങ്കിലും നേതൃത്വത്തിലേക്ക് എത്തുമോയെന്നതാണ് ഇനി അറിയേണ്ടത്. ആര്‍എസ്എസ് നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനുമായ വത്സന്‍ തില്ലങ്കേരി ഈ സ്ഥാനത്തെത്തുമോ യെന്ന ചോദ്യവുമുയരുന്നു .

സുരേന്ദ്രനെ അധ്യക്ഷനാക്കിയത് കൃഷ്ണദാസ് പക്ഷത്തുള്ളവര്‍ അംഗീകരിച്ചിരുന്നില്ല. അതിനാല്‍ ഇനിയൊരു ഗ്രൂപ്പ് വഴക്കിന് കേന്ദ്രം തയ്യാറായേക്കില്ല. അതുകൊണ്ട് തന്നെ സുരേഷ് ഗോപി, വത്സന്‍ തില്ലങ്കേരി എന്നീ പേരുകള്‍ സജീവമായി പരിഗണിക്കുന്നുണ്ട്.

അധ്യക്ഷനാകാനില്ലെന്ന് സുരേഷ് ഗോപി നിലപാട് തുടര്‍ന്നാല്‍ വത്സന്‍ തില്ലങ്കേരിക്ക് നറുക്ക് വീണേക്കും. ആര്‍എസ്എസിന്റെ പിന്തുണയുണ്ടെങ്കിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് പുറത്ത് ഇദ്ദേഹത്തിന് സ്വീകാര്യതയില്ലെന്നതാണ് ഏക പോരായ്മ.

Video Link

https://youtu.be/gDfJ0-2SeQI

Leave A Reply
error: Content is protected !!