ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് കബളിപ്പിച്ച് പണം തട്ടി; ദമ്പതികൾ പിടിയിൽ

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് കബളിപ്പിച്ച് പണം തട്ടി; ദമ്പതികൾ പിടിയിൽ

പത്തനംതിട്ട: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രണയം നടിച്ച് കബളിപ്പിച്ച് പണം തട്ടിയ കേസിൽ ദമ്പതികൾ പിടിയിൽ. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്എൻ പുരം ബാബു വിലാസത്തിൽ പാർവതി ടി.പിള്ള (31), ഭർത്താവ് സുനിൽ ലാൽ (43) എന്നിവരാണ് അറസ്റ്റിലായത്.

ഭർത്താവിന്റെ ഒത്താശയോടെ കുളനട സ്വദേശിയായ യുവാവിൽ നിന്നു ഇവർ 11 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഇരുവരെയും അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അവിവാഹിതയാണെന്നും പുത്തൂരിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണെന്നും പറഞ്ഞ് 2020 ഏപ്രിലിലാണ് ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. എസ്എൻ പുരത്ത് സുനിൽലാലിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനിടെ വിവാഹ സന്നദ്ധത അറിയിച്ച പാർവതി യുവാവിൽനിന്നു പണം ആവശ്യപ്പെട്ടു. 10 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു പോയെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിനു പണം വേണമെന്നുമാണ് ആദ്യം പറഞ്ഞത്. ചികിത്സയുടെ പേരിലും പിന്നീട് പണം ചോദിച്ചു. പലവട്ടമായി യുവാവ് ബാങ്ക് വഴിയും മറ്റും 11,07,975 ലക്ഷം രൂപ നൽകി. പാർവതിയുടെ യാത്രാ ആവശ്യത്തിനായി കാർ വാടകയ്‌ക്കെടുത്തു നൽകിയതിന് 8,000 രൂപയും ചെലവഴിച്ചു.

അതേസമയം വിവാഹത്തിന്റെ കാര്യം സംസാരിക്കുമ്പോൾ‍ പാർവതി ഒഴിഞ്ഞു മാറിത്തുടങ്ങിയതോടെ യുവാവിനു സംശയം തോന്നി. വിവരം അന്വേഷിക്കാൻ പാർവതിയുടെ പൂത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് സുനിൽ ലാൽ ഭർത്താവാണെന്നും ഇവർക്ക് കുട്ടിയുണ്ടെന്നും അറി‍ഞ്ഞത്.

തുടർന്നു പന്തളം പൊലീസിൽ പരാതി നൽകി. എസ്എച്ച്ഒ എസ്.ശ്രീകുമാർ, എസ്‌ഐ ടി.കെ.വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Leave A Reply
error: Content is protected !!