കരച്ചില്‍ നിര്‍ത്തിയില്ല ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ റിമോട്ട് കൊണ്ട് അടിച്ചുകൊന്ന് മാതാവ് ;കേസ്

കരച്ചില്‍ നിര്‍ത്തിയില്ല ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ റിമോട്ട് കൊണ്ട് അടിച്ചുകൊന്ന് മാതാവ് ;കേസ്

കെയ്റോ: കരച്ചില്‍ നിര്‍ത്താത്തതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ റിമോട്ട് കൊണ്ട് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍‌ അമ്മയുടെ മാനസിക നില പരിശോധിക്കണമെന്ന് ക്രിമിനല്‍ കോടതി.  ഈജിപ്‍തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ശര്‍ഖിയയിലെ ക്രിമിനല്‍ കോടതിയുടെ പരിഗണനയ്‍ക്ക് കേസ് വന്നപ്പോഴാണ് മാതാവിന്റെ മാനസിക നില 45 ദിവസം നിരീക്ഷിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

ആശുപത്രിയില്‍ 45 ദിവസം അമ്മയെ പാര്‍പ്പിച്ച ശേഷം അവരുടെ മാനസിക നില പരിശോധിക്കാനും ബോധപൂര്‍വം കുഞ്ഞിനെ കൊന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് സ്ത്രീയുടെ മാനസിക നിലയുടെ പരിശോധന റിപ്പോര്‍ട്ട് കിട്ടിയ ശേഷം നവംബറില്‍ കേസിന്റെ വിചാരണ ആരംഭിക്കും .

തലയിലേറ്റ മാരകമായ പരിക്കാണ് കുഞ്ഞിന്റെ മരണ കാരണമായതെന്ന് കണ്ടെത്തുകയായിരുന്നു. 24 കാരിയായ തന്റെ ഭാര്യ കുഞ്ഞിനെ ടി.വിയുടെ റിമോട്ട് കൊണ്ട് അടിച്ച് കൊന്ന ശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന് പിതാവ് പൊലീസിന് മൊഴി നല്‍കി. അതെ സമയം മൂന്ന് ദിവസത്തിന് ശേഷം അമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .

അതെ സമയം അടുക്കളയിലെ ജോലിക്കിടയില്‍ കുഞ്ഞ് തന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ താഴെ വീണുവെന്നും അതിന് ശേഷം നിര്‍ത്താതെ കരഞ്ഞപ്പോള്‍ ദേഷ്യം സഹിക്കാനാവാതെ റിമോട്ട് കൊണ്ട് അടിക്കുകയായിരുന്നുവെന്നും യുവതി കുറ്റ സമ്മതം നടത്തി .

Leave A Reply
error: Content is protected !!