യുവന്റസിൽ തനിക്ക് യാതൊരു സമ്മർദ്ദവും തോന്നുന്നില്ലെന്ന് മോയിസ് കീൻ

യുവന്റസിൽ തനിക്ക് യാതൊരു സമ്മർദ്ദവും തോന്നുന്നില്ലെന്ന് മോയിസ് കീൻ

ഇത്തവണത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം യുവന്റസിൽ ഏറ്റെടുക്കുന്നതിൽ തനിക്ക് യാതൊരു സമ്മർദ്ദവും തോന്നുന്നില്ലെന്ന് ഇറ്റാലിയൻ മുന്നേറ്റ താരം മോയിസ് കീൻ. ക്രിസ്റ്റ്യാനോയുടെ വിടവാങ്ങൽ യുവന്റസിൽ സൃഷ്ടിച്ച വിടവ് നികത്താൻ തനിക്ക് കഴിയുമെന്നുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന കീൻ യുവന്റസിനായി കളിക്കുന്നത് താൻ എല്ലായ്പ്പോളും ഇഷ്ടപ്പെടുന്ന കാര്യമാണെന്നും കൂട്ടിച്ചേർത്തു.

“റൊണാൾഡോക്ക് പകരക്കാരനായി കളിക്കുന്നതിൽ എനിക്ക് യാതൊരു സമ്മർദ്ദവും തോന്നുന്നില്ല. ഞാൻ ഇവിടെ കളിക്കാൻ ആഗ്രഹിക്കുന്നു. എനിക്ക് സമ്മർദ്ദമില്ല. യുവന്റസിന്റെ ഷർട്ട് ധരിക്കുമ്പോളുള്ള ഉത്തരവാദിത്വമാണ് എനിക്ക് അനുഭവപ്പെടുന്നത്.”

“ഈ ക്ലബ്ബിനായി കളിക്കുന്നത് ഞാൻ എല്ലായ്പ്പോളും ഇഷ്ടപ്പെടുന്നു. അവസരം വന്നപ്പോൾ (യുവന്റസിലേക്ക്) എന്റെ മനസിൽ മറ്റ് സംശയമൊന്നുമുണ്ടായിരുന്നില്ല. ഞാൻ ശരിയായ തിരഞ്ഞെടുപ്പാണ് നടത്തിയത്. യുവന്റസിന് എല്ലായ്പ്പോളും എന്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരുന്നു. ടീമിനെ സഹായിക്കാനാണ് ഞാൻ ഇവിടെയുള്ളത്. ഇത് ഞാൻ വളർന്ന ക്ലബ്ബാണ്. എനിക്കിവിടെ ഒരുപാട് നല്ല ഓർമ്മകളുണ്ട്. യുവന്റസിനായി കളിക്കുന്നതിൽ എനിക്ക് വലിയ ഉത്തരവാദിത്വബോധം തോന്നുന്നു. എന്നാൽ അതൊരു ഭാരമല്ല.”

Leave A Reply
error: Content is protected !!