കുന്നംകുളം ഏരിയയിൽ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി

കുന്നംകുളം ഏരിയയിൽ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് തുടക്കമായി

സിപിഎം പാർട്ടികോൺഗ്രസിനോടനുബന്ധിച്ചുള്ള സംഘടനാ സമ്മേളനങ്ങൾക്ക് കുന്നംകുളം ഏരിയയിൽ തുടക്കമായി ,ഇന്ന് മുതല്‍ ആരംഭിച്ച ബ്രാഞ്ച് സമ്മേളനങ്ങളില്‍ കേച്ചേരി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള പറപ്പൂര്‍, കുന്നംകുളം സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ ചിറ്റഞ്ഞൂര്‍, കടവല്ലൂര്‍ നോര്‍ത്തിലെ കൊരട്ടിക്കര വെസ്റ്റ് എന്നീ ബ്രാഞ്ചുകളുടെ സമ്മേളനത്തോടെയാണ് തുടക്കമായത്.

കേച്ചേരി പറപ്പൂക്കാവില്‍ പാക്കത്ത് ദാസന്റെ വീട്ടില്‍ സജ്ജമാക്കിയ ബാലന്‍ നഗറിലാണ് പറപ്പൂര്‍ ബ്രാഞ്ച് സമ്മേളനം നടന്നത്. സി.പി.ഐ.എം. ജില്ലാ കമ്മിറ്റി അംഗം കെ.എഫ്. ഡേവീസാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. കേച്ചേരി ലോക്കല്‍ സെക്രട്ടറി ടി.സി.സെബാസ്റ്റ്യന്‍ മാസ്റ്റര്‍,കമ്മിറ്റി അംഗങ്ങളായ കെ.എസ്. കരീം, പി.ടി. ജോസ്, പി.എ. സൗന്ദരാജന്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് അഭിവാദ്യമര്‍പ്പിച്ചു.

ചിറ്റഞ്ഞൂര്‍ ബ്രാഞ്ച് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ടി.കെ.വാസുവും, കൊരട്ടിക്കര നോര്‍ത്ത് ബ്രാഞ്ച് സമ്മേളനം ഏരിയാ സെക്രട്ടറി എം.എന്‍. സത്യനും ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി മണ്ഡപത്തില്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന ചടങ്ങുകള്‍ക്ക് തുടക്കമായത്. രക്തസാക്ഷി, അനുശോചന പ്രമേയങ്ങളുടെ അവതരണത്തിന് ശേഷം ഉദ്ഘാടനവും തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട്, സംഘടന റിപ്പോര്‍ട്ട് എന്നിവയുടെ അവതരണവും നടന്നു.

ഒരു ദിവസം നീണ്ടു നില്‍ക്കുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ ബ്രാഞ്ച് സെക്രട്ടറിയെയും ലോക്കല്‍ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കുന്നതോടെയാണ് നടപടികള്‍ പൂര്‍ത്തിയായത്. സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെയുള്ള സമയ പരിധിയിലാണ് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 167 ബ്രാഞ്ചുകളുടെ സമ്മേളനം പൂര്‍ത്തീകരിക്കുക. ഒരു മാസക്കാലം കൊണ്ട് ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം നവംബര്‍ 15 വരെയുള്ള സമയ പരിധിയില്‍ ഏരിയായിലെ ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കും.

13 ലോക്കല്‍ കമ്മിറ്റികളാണ് കുന്നംകുളം ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ളത്. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തീയാക്കി നവംബര്‍ 30,ഡിസംബര്‍ 1 തിയ്യതികളിലാണ് ഏരിയാ സമ്മേളനം നടക്കുക. കുന്നംകുളം നഗരത്തില്‍ വെച്ചാണ് ഇക്കുറി ഏരിയാ സമ്മേളനം നടക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രകടനങ്ങളും പൊതുയോഗങ്ങളും ഉണ്ടാകില്ല. സമ്മേളനങ്ങളുടെ പ്രചരണങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴിയായിരിക്കും നടത്തുക. വെര്‍ച്വല്‍ പൊതുയോഗങ്ങളും, ഓണ്‍ലൈന്‍ വെബിനാറുകളും സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കാനാണ് തീരുമാനം.

Leave A Reply
error: Content is protected !!