നൂറുദിന കര്‍മ്മ പരിപാടി: ലൈഫ് വീടുകളുടെ ഉദ്ഘാടനം 18ന്

നൂറുദിന കര്‍മ്മ പരിപാടി: ലൈഫ് വീടുകളുടെ ഉദ്ഘാടനം 18ന്

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ ഉദ്ഘാടനം ശനിയാഴ്ച ( സെപ്റ്റംബര്‍ 18) നടക്കും. ഉച്ചയ്ക്ക് 12-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് തലത്തില്‍ 735 വീടുകളും നഗരസഭാ തലത്തില്‍ 206 വീടുകളുമടക്കം ജില്ലയില്‍ 941 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനാടിസ്ഥാനത്തില്‍ വീടുകളുടെ ഉദ്ഘാടനങ്ങള്‍ നടത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. വിവിധയിടങ്ങളിലെ ഉദ്ഘാടന പരിപാടികളില്‍ മന്ത്രിമാര്‍, എം എല്‍ എ മാര്‍, എംപി, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയില്‍ പറവൂര്‍, മണ്ണഞ്ചേരി, പള്ളിപ്പാട് എന്നിവിടങ്ങളിലെ ലൈഫ് ഭവന സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ലൈഫ് പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ 19584 വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത് .

യോഗത്തില്‍ ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ അധ്യക്ഷന്മാര്‍, ലൈഫ് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി.പി. ഉദയസിംഹന്‍, പ്രോജക്ട് ഡയറക്ടര്‍ പ്രദീപ്കുമാര്‍, ഡി ഡി പി.എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!