പ്രതിഭയുടെ ലക്ഷ്യം ആരോഗ്യമന്ത്രിക്കസേരയോ?

പ്രതിഭയുടെ ലക്ഷ്യം ആരോഗ്യമന്ത്രിക്കസേരയോ?

രണ്ടാം പിണറായി സര്‍്ക്കാര്‍ എവിടെ നോക്കിയാലും പുലിവാല്‍ പിടുത്തം തന്നെ. മുന്നണിയിലെ ഘടകകക്ഷികളുടെ തമ്മിലടി പോരാടെ സിപിഎമ്മിന്റെ മന്ത്രിമാരുടെ പേരിലും നിരവധി പരാതികളാണ് ഉയരുന്നത്. ഇപ്പോഴിതാ രണ്ടാം പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെ ഭരണകക്ഷി എംഎല്‍എ തന്നെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. എന്നും സിപിഎമ്മിന് തലവേദന സൃഷ്ടിച്ചിട്ടുള്ളയാളാണ് യു പ്രതിഭ എംഎല്‍എ. പലതവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കുന്നില്ലെന്നു യു പ്രതിഭ എംഎല്‍എ ആരോപിച്ചു. ഗവ. ടൗണ്‍ യു.പി.

സ്‌കൂളില്‍ പൊതുവിദ്യാഭ്യാസവകുപ്പ് സര്‍വശിക്ഷ കേരളയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുമ്പോഴായിരുന്നു മന്ത്രി വി. ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ എം.എല്‍.എയുടെ വിമര്‍ശനം. വ്യക്തിപരമായ കാര്യങ്ങള്‍ക്കല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണമെന്നും പ്രതിഭ പറഞ്ഞു. തിരക്കുണ്ടാകുമെന്ന് കരുതി നൂറുവട്ടം ആലോചിച്ചിട്ടാണു മന്ത്രിയെ വിളിക്കുന്നത്. ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധിപ്പേര്‍ വിളിക്കാറുണ്ട്. ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. അപൂര്‍വമായാണു മന്ത്രിമാരെ വിളിക്കുന്നതെന്നും പ്രതിഭ പറഞ്ഞു.

ഫോണ്‍ എടുക്കാത്ത മന്ത്രിയാരാണെന്നു പ്രതിഭ പറഞ്ഞില്ലെങ്കിലും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേയാണ് ഒളിയമ്പെന്നാണു സൂചന. എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണു ശിവന്‍കുട്ടിയെന്നും പ്രതിഭ പറഞ്ഞു. അതേസമയം ഇടതു എംഎല്‍എയുടെ പരസ്യ വിമര്‍ശനത്തോടെ ഫോണ്‍ എടുക്കാത്ത മന്ത്രി ആരാണെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. വീണാ ജോര്‍ജ്ജിനെയാണ് പ്രതിഭ ഉന്നം വെച്ചതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെയും പ്രതിഭ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇനീപ്പോ ആരോഗ്യമന്ത്രിക്കസേരയാണോ പ്രതിഭയുടെ പ്രശ്‌നം. പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ കാത്ത് ലാബുകളെ കുറിച്ച് മുന്‍ ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ വിമര്‍ശനസ്വഭാവത്തോടെ പ്രതിഭയുടെ കമന്റ് വരുന്നത് ഈ സാഹചര്യത്തിലാണ്.

തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് കമന്റിലൂടെ പ്രതിഭ വ്യക്തമാക്കിയത്. തനിക്ക് ചെയ്യാവുന്നതെല്ലാം സമയബന്ധിതമായി ചെയ്തിട്ടും ആക്ഷേപം കേള്‍ക്കുകയാണ്. തങ്ങളെ പോലെയുള്ള എംഎല്‍എമാര്‍ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചാരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ടീച്ചറില്‍ നിന്ന് അഭിനന്ദനം കിട്ടാന്‍ ആഗ്രഹമുണ്ടെന്നും പ്രതിഭ കുറിച്ചിരുന്നു. അന്ന് ഷൈലജ ടീച്ചര്‍ അഭിനന്ദിച്ചത് ഇന്നത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയായിരുന്നു എന്നതാണ് ആ കമന്റിന്റെ പ്രസക്തി.

അന്ന് പ്രതിഭയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി സിപിഎം അണികള്‍ തന്നെ രംഗത്തെത്തിയതും ഏറെ വിവാദമായി. പ്രാദേശിക നേതൃത്വത്തിന് എംഎല്‍എയോടുള്ള അനിഷ്ടം പുറത്തുവരുന്നത് കോവിഡിന്റെ തുടക്കകാലത്തെ ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ പരസ്യപ്രസ്താവനയോടെയാണ്. കോവിഡ് കാലത്ത് എംഎല്‍എ വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നില്ലെന്ന് വിമര്‍ശിച്ച ഡിവൈഎഫ്‌ഐയെ വൈറസുകള്‍ പോലും ഭയക്കുന്ന മനുഷ്യവൈറസുകള്‍ എന്നാണ് പ്രതിഭ വിശേഷിപ്പിച്ചത്. നേതാവെന്നോ അണികളെന്നോ യാതൊരു വ്യത്യാസവുമില്ലാതെയാണ് പ്രതിഭയുടെ പ്രതികരണം. അതുകൊണ്ടുതന്നെയാകണം പ്രതിഭയേക്കാള്‍ സീനിയോരിറ്റി കുറഞ്ഞ വീണാ ജോര്‍ജ് ആരോഗ്യമന്ത്രിയായ്.

Leave A Reply
error: Content is protected !!