ഒരു കോടിയോളം രൂപ കുടിശിക; തൃശൂർ മെഡിക്കൽ കോളേജിലെ കാന്റീൻ കരാർ റദ്ദാക്കണമെന്ന് കളക്ടർക്ക് കത്ത്

ഒരു കോടിയോളം രൂപ കുടിശിക; തൃശൂർ മെഡിക്കൽ കോളേജിലെ കാന്റീൻ കരാർ റദ്ദാക്കണമെന്ന് കളക്ടർക്ക് കത്ത്

ഒരു കോടിയോളം രൂപ കുടിശിക വരുത്തിയതിനാൽ മെഡിക്കൽ കോളേജിലെ കാന്റീൻ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് കത്ത് നൽകി. കരാറുകാരനിൽ നിന്ന് ജപ്തി നടപടികളിലൂടെ തുക തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സൂപ്രണ്ട് ജില്ലാ കളക്ടർക്ക് കത്ത് നൽകിയത്.
കളക്ടർ ചെയർമാനായുള്ള എച്ച്.ഡി.എസ് കമ്മിറ്റിയാണ് ലേലം നൽകിയത്. ഒരു വർഷത്തേക്ക് 2.20 കോടി രൂപയ്ക്കാണ് ലേലം. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും 92,08,335 ലക്ഷം രൂപയാണ് എച്ച്.ഡി.സി കമ്മിറ്റിക്ക് നൽകാനുള്ളത്.

മലപ്പുറം നിറമരുതൂർ അലിനകത്ത് ഹസനാണ് കരാറുകാരൻ. നിരവധി തവണ കുടിശിക നൽകണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയിട്ടും തുക അടയ്ക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് നടപടിയെടുക്കാൻ കത്ത് നൽകിയിട്ടുള്ളത്. ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ തുകയാണ് കുടിശിക.എച്ച്.ഡി.സിയുടെ കീഴിലുള്ള ജീവനക്കാർക്ക് ശബളം പോലും നൽകാൻ സാധിക്കാത്ത അവസ്ഥയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് കരാറുകാരാൻ ഒരു കോടി രൂപയോളം കുടിശിക വരുത്തിയിരിക്കുന്നത്. നേരത്തെ 25 ലക്ഷം എച്ച്.ഡി.എസ് കമ്മിറ്റി നൽകാനിരിക്കെ നിയമ പ്രകാരം കഴിഞ്ഞ വർഷത്തെ ലേലത്തിൽ ഇയാളെ പങ്കെടുപ്പിക്കാൻ പാടില്ലാതിരുന്നിട്ടും അനർഹമായി അനുവദിക്കുകയായിരുന്നു.

ആശുപത്രിക്ക് മുകളിലുള്ള ഹൗസ് സർജൻ മെസ് ഇയാൾ തന്നെയാണ് നടത്തുന്നത്. വാടക പോലും ഇല്ലാതെയാണ് മെസ് അനുവദിച്ചിരിക്കുന്നത്. വൈദ്യുതി ബിൽ പോലും മെഡിക്കൽ കോളേജ് അധികൃതർ തന്നെയാണ് അടയ്ക്കുന്നത്.നേരത്തെ ഭിന്നശേഷിക്കാരും മറ്റും നടത്തിയിരുന്ന കിയോസ്‌കർ ബൂത്തുകാരെ പോലും ഇവിടെ നിന്ന് ഒഴിവാക്കിയത് ഇയാളുടെ ബിനാമികളാണെന്ന് ആക്ഷേപമുണ്ട്. മെഡിക്കൽ കോളേജിനകത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസ് പൂട്ടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നതായി പറയുന്നു.

Leave A Reply
error: Content is protected !!