ജി രതികുമാർ സിപിഎമ്മിൽ ചേർന്നു : കോടിയേരി ബാലകൃഷ്ണൻ രതികുമാറിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു

ജി രതികുമാർ സിപിഎമ്മിൽ ചേർന്നു : കോടിയേരി ബാലകൃഷ്ണൻ രതികുമാറിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ജി രതികുമാർ സിപിഎമ്മിൽ ചേർന്നു. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ എകെജി സെൻ്ററിലെത്തിയ രതികുമാറിനെ ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. സിപിഎമ്മിൽ ചേർന്ന അദ്ദേഹം കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനം നടത്തുകയും ചെയ്തു.

പാർട്ടിയെ കൊടിക്കുന്നിൽ സുരേഷും കെ സി വേണുഗോപാലും ചേർന്ന് ബിജെപിയിൽ എത്തിക്കുമെന്ന് അദ്ദേഹം ആരോപിച്ചു. മതേതരത്വവു൦, ജനാധിപത്യവും കോൺഗ്രസിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ജില്ലയിൽ നിന്നുള്ള കെപിസിസി സെക്രട്ടറിയായിരുന്നു ജി രതികുമാർ. കെപിസിസി പ്രസിഡന്റിനെ കാത്ത് ഇന്ന് രാവിലെ രണ്ട് മണിക്കൂർ നിന്നെനും എന്നിട്ടും കാണാൻ കഴിയാത്തതിനാൽ രാജി മെയിൽ ആയി അയച്ചെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാപരമായ വിഷയങ്ങളിലുള്ള അതൃപ്‌തിയാണ് രാജിക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റിന് അയച്ച കത്തിൽ രതികുമാർ പറയുന്നു. കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയ കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാറിന് പിന്നാലെയാണ് രതികുമാറും പാർട്ടി വിട്ട് സിപിഎമ്മിൽ എത്തിയത്.

കെപിസിസി പുനഃ സംഘടനയ്ക്ക് ശേഷമാണ് ഈയൊരു തീരുമാനത്തിൽ എത്തിയത്. കഴിഞ്ഞ 40 വർഷക്കാലമായി കോൺഗ്രസ് പ്രവർത്തകനായ താൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവച്ചതായും, സംഘടനാപരമായ പല വിഷയങ്ങളും നേരിട്ടറിയാൻ ശ്രമിച്ചിട്ടും നിർഭാഗ്യവശാൽ കഴിഞ്ഞിട്ടില്ലെന്നും കെപിസിസി പ്രസിഡന്റിന് അയച്ച കത്തിൽ രതികുമാർ പറയുന്നു.  ജനറൽ സെക്രട്ടറിമാർ കോൺഗ്രസ് പാർട്ടിവിടുന്ന സ്ഥിതി കേരളം ചരിത്രത്തിൽ ആദ്യമായാണ്.

Leave A Reply
error: Content is protected !!