പുനര്‍ഗേഹം പദ്ധതി: താക്കോല്‍ ദാനം 16ന്

പുനര്‍ഗേഹം പദ്ധതി: താക്കോല്‍ ദാനം 16ന്

ആലപ്പുഴ: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പുനര്‍ഗേഹം പദ്ധതി വഴി പൂര്‍ത്തീകരിച്ച കെട്ടിട സമുച്ചയങ്ങളിലെ 303 ഭവനങ്ങളുടെ താക്കോല്‍ ദാനവും വ്യക്തിഗത ഗുണഭോക്താക്കള്‍ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച 308 ഭവനങ്ങളുടെ ഗൃഹപ്രവേശനവും നാളെ (2021സെപ്റ്റംബര്‍ 16) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. ജില്ലാതല ഉദ്ഘാടനം പുറക്കാട് എസ്.എന്‍.എം.എച്ച.എസ്.എസ്. ഓഡിറ്റോറിയത്തില്‍ സഹകരണ മന്ത്രി വി. എന്‍. വാസവന്‍ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ നല്‍കി നിര്‍വഹിക്കും. എച്ച്. സലാം എം.എല്‍.എ അധ്യക്ഷത വഹിക്കും.

ജില്ലയിലെ 34 ഗുണഭോക്താക്കള്‍ക്കാണ് താക്കോല്‍ കൈമാറുക. അതത് മണ്ഡലങ്ങളിലും ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തില്‍ 27 പേര്‍ക്കാണ് താക്കോല്‍ കൈമാറുന്നത്. തീരമേഖലയില്‍ 50 മീറ്റര്‍ വേലിയേറ്റ പരിധിക്കുള്ളില്‍ താമസിക്കുന്നവരെയാണ് പദ്ധതി വഴി മാറ്റി പാര്‍പ്പിക്കുന്നത്. സംസ്ഥാനത്ത് 2450 കോടി രൂപയുടെ പദ്ധതിയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 1052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നുമാണ് കണ്ടെത്തുന്നത്.

സുരക്ഷിത മേഖലയിലേക്ക് മാറി താമസിക്കാന്‍ തയ്യാറാകുന്നവര്‍ക്ക്് ഭൂമി വാങ്ങുന്നതിനും ഭവന നിര്‍മാണത്തിനുമായി പരമാവധി 10 ലക്ഷം രൂപയുടെ ധനസഹായം ലഭിക്കും. സ്ഥലം വാങ്ങുന്നതിനും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ്, എഴുത്തുകൂലി എന്നിവയ്ക്ക് ആറ് ലക്ഷം രൂപയില്‍ കുറവാണ് ചെലവാകുന്നതെങ്കില്‍ ബാക്കി തുക നാല് ലക്ഷം രൂപയോട് ചേര്‍ത്ത് ഭവന നിര്‍മാണത്തിന് ഉപയോഗിക്കാം.

ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല അപ്രൂവല്‍ കമ്മിറ്റി ഗുണഭോക്താക്കളെ അംഗീകരിച്ച് ഇവര്‍ കണ്ടെത്തുന്ന ഭൂമി ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ടീം പരിശോധിച്ച് വില നിര്‍ണ്ണയം നടത്തി ഈ കമ്മിറ്റി വിലയിരുത്തി അംഗീകരിക്കും. ജില്ലയില്‍ ഫിഷറീസ് വകുപ്പ് 2018ല്‍ നടത്തിയ സര്‍വ്വേ പ്രകാരം തീരപ്രേദേശത്ത് 50 മീറ്റര്‍ വേലിയേറ്റ പരിധിക്കുള്ളില്‍ 4660 കുടുംബങ്ങളാണുള്ളത്. ഇതില്‍ 1641 കുടുംബങ്ങള്‍ മാറി താമസിക്കാന്‍ തയ്യാറാണ്.

ഇതില്‍ 588 പേരുടെ ഭൂമി കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്. 456 പേര്‍ ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. 168 പേര്‍ പദ്ധതി ധനസഹായം പൂര്‍ണ്ണമായും കൈപ്പറ്റി. വ്യക്തിഗത ഭവനങ്ങള്‍ക്ക് പുറമേ ജില്ലയില്‍ പുറക്കാട് വില്ലേജില്‍ മണ്ണുംപുറത്ത് 228 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭവന സമുച്ചയത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നു.

ചടങ്ങില്‍ എ.എം. ആരിഫ് എംപി വിശിഷ്ടാതിഥിയാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave A Reply
error: Content is protected !!