കോഴിക്കോട് ജില്ലയില്‍ 1,739 കുടുംബങ്ങള്‍ക്ക് സ്വന്തം പേരില്‍ ഭൂമി

കോഴിക്കോട് ജില്ലയില്‍ 1,739 കുടുംബങ്ങള്‍ക്ക് സ്വന്തം പേരില്‍ ഭൂമി

കോഴിക്കോട്: പാര്‍പ്പിടത്തോടൊപ്പം തന്നെ ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ നടത്തിയ പട്ടയമേളയില്‍ ജില്ലയില്‍ 1,739 പട്ടയങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചതോടെ ജില്ലാ തല പട്ടയവിതരണം നടന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കോഴിക്കോട് ജില്ലയിലെ പട്ടയമേള ഉദ്ഘാടനം ചെയ്തു. വീടില്ലാത്തവര്‍ക്ക് വീടും ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടും നല്‍കുന്ന നയം സ്വീകരിച്ചാണ് സര്‍ക്കാര്‍ മുന്നേറുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൃത്യമായ ഇടപെടലുകളിലൂടെ ജില്ലയിലെ മുഴുവന്‍ അര്‍ഹരായ മനുഷ്യര്‍ക്കും വാസയോഗ്യമായ ഭൂമിയും ഭവനവും ലഭ്യമാക്കാന്‍ കഴിയണം. സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാതെ വീട് എന്നത് സ്വപ്നമായി കഴിയുന്ന സഹജീവികള്‍ക്ക് സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കുന്ന ചടങ്ങ് ഏറ്റവും വിശിഷ്ടമാണെന്നും മന്ത്രി പറഞ്ഞു.

കൊട്ടശ്ശേരിതാഴം പെരുവയല്‍ ചന്ദ്രനും ലീലയും മന്ത്രി അഹമ്മദ് ദേവര്‍കോവിലില്‍നിന്നും ജില്ലയിലെ ആദ്യപട്ടയം ഏറ്റുവാങ്ങി. എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, പി.ടി.എ.റഹീം, ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി എന്നിവരും പട്ടയവിതരണം നിര്‍വ്വഹിച്ചു.

കോഴിക്കോട് ലാന്റ് ട്രൈബ്യൂണലില്‍നിന്നും 846, വടകരയില്‍നിന്ന് 550, കോഴിക്കോട് റവന്യൂ റിക്കവറി സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫീസില്‍നിന്നും 108, കൊയിലാണ്ടി ലാന്റ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫീസില്‍നിന്നും 150, ലാന്റ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ ഓഫീസില്‍നിന്നും 85 വീതം പട്ടയങ്ങളാണ് അനുവദിച്ചത്. വിതരണം ചെയ്തവയില്‍ 85 ദേവസ്വം പട്ടയങ്ങളും ഉള്‍പ്പെടുന്നു.

കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ.നാസര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി.വി.ബാലന്‍, പി.എം.അബ്്ദുറഹ്മാന്‍, കൊഴുക്കല്ലൂര്‍ ഭാസ്‌കരന്‍, കൂടത്തായ് സാലി, സി.പി. ഹമീദ്, സി.എച്ച്.ഹമീദ് മാസ്റ്റര്‍, പി.ആര്‍.സുനില്‍ സിംഗ്, ജോണ്‍ ജോസഫ്, കെ.പി.പ്രകാശന്‍, കെ.പി.രാധാകൃഷ്ണന്‍, സബ്കലക്ടര്‍ വി.ചെല്‍സാസിനി, അസിസ്റ്റന്റ് കലക്ടര്‍ കെ.ആര്‍.മുകുന്ദ്, എഡിഎം സി.മുഹമ്മദ് റഫീഖ്, ലാന്റ് റിഫോംസ് ഡെ.കലക്ടര്‍ പി.സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന താമരശ്ശേരി താലൂക്ക് തല പട്ടയവിതരണത്തില്‍ ഡോ.എം.കെ. മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ലിന്റോ ജോസഫ്, കെ.എം.സച്ചിന്‍ദേവ് എന്നിവര്‍ പട്ടയവിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂര്‍, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി.അബ്ദുറഹിമാന്‍, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമ രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.ജോസഫ് മാത്യു, ഡെപ്യൂട്ടി കലക്ടര്‍ പി.അന്‍വര്‍ സാദത്ത്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കൊയിലാണ്ടി താലൂക്ക് തല പട്ടയവിതരണത്തില്‍ എംഎല്‍എമാരായ കാനത്തില്‍ ജമീല, ടി.പി.രാമകൃഷ്ണന്‍ എന്നിവര്‍ പട്ടയവിതരണം നിര്‍വ്വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ബാബുരാജ്, എന്‍.പി.ബാബു, കെ.പി.ഗോപാലന്‍ നായര്‍, അനിത.വി.കെ, കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ സി.സുരേഷ്, ഡെപ്യൂട്ടി കലക്ടര്‍ ഹിമ.കെ, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വടകര ബി.ഇ.എം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന വടകര താലൂക്ക് പട്ടയമേളയില്‍ എംഎല്‍എമാരായ കെ.കെ.രമ, ഇ.കെ.വിജയന്‍, കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എന്നിവര്‍ വിതരണം ചെയ്തു. വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എന്‍.റംല,ആര്‍.ഡി.ഒ സി.ബിജു, തഹസില്‍ദാര്‍ ആഷിഖ് തോട്ടാന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!