ലൈഫ് മിഷന്‍ ഭവന പൂര്‍ത്തീകരണ പ്രഖ്യാപനം 18 ന്

ലൈഫ് മിഷന്‍ ഭവന പൂര്‍ത്തീകരണ പ്രഖ്യാപനം 18 ന്

ഇടുക്കി:സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇടുക്കി ജില്ലയില്‍ 1125 വീടുകള്‍ പൂര്‍ത്തീകരിച്ചു. സംസ്ഥാനത്തൊട്ടാകെ നൂറു ദിനങ്ങള്‍ക്കുള്ളില്‍ 10000 വീടുകള്‍ പൂര്‍ത്തീകരിക്കപ്പെട്ടതിന്റെ സംസ്ഥാന തലപ്രഖ്യാപനം സെപ്റ്റംബര്‍ 18 ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും.

ഈ പരിപാടി ഓണ്‍ലൈനായി വീക്ഷിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ട് .ഇതിനു ശേഷം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൂര്‍ത്തീകരിച്ച വീടുകളുടെ പ്രഖ്യാപനം നടക്കും. 100 ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ അങ്കണത്തില്‍ ജനപ്രതിനിധികളും ഗുണഭോക്താവിന്റെ കുടുംബാംഗങ്ങളും ചേര്‍ന്ന് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തും.

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ 17776 വീടുകള്‍ ഇതോടെ പൂര്‍ത്തിയായി .ഇതില്‍ ഒന്നാം ഘട്ടത്തിലെ 3123 വീടുകളും രണ്ടാംഘട്ടത്തിലെ 9989 വീടുകളും മൂന്നാം ഘട്ടത്തിലെ 1051 വീടുകളും പട്ടികജാതി-പട്ടികവര്‍ഗ – ഫിഷറീസ് വിഭാഗക്കാരുടെ അഡീഷണല്‍ലിസ്റ്റിലെ 39 വീടുകളും പി എം എ വൈ അര്‍ബന്‍ വിഭാഗത്തിലെ 1674 വീടുകളും പിഎംഎവൈ ഗ്രാമീണ വിഭാഗത്തിലെ 760 വീടുകളും പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് വഴി നിര്‍മ്മിച്ച 941 വീടുകളും 199 ഫ്ലാറ്റുകളും ഉള്‍പ്പെടുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ഭവന പൂര്‍ത്തീകരണ പ്രഖ്യാപനം ചടങ്ങ് വിജയകരമാക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ. ഫിലിപ്പ് അധ്യക്ഷനായും ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് കണ്‍വീനറായും ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ സാജു സെബാസ്റ്റ്യന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.കുര്യാക്കോസ്, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ പ്രവീണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സതീഷ്‌കുമാര്‍ , കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അജേഷ്. റ്റി.ജി. എന്നിവര്‍ അംഗങ്ങളായുമുള്ള ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

Leave A Reply
error: Content is protected !!