വ്യവസായ വികസനം ലക്ഷ്യം: നിയമ പരിരക്ഷയുള്ള പരാതി പരിഹാര സംവിധാനം നിലവില്‍ വന്നു

വ്യവസായ വികസനം ലക്ഷ്യം: നിയമ പരിരക്ഷയുള്ള പരാതി പരിഹാര സംവിധാനം നിലവില്‍ വന്നു

മലപ്പുറം: വ്യവസായ സംരംഭകരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ നിയമപരിരക്ഷയുള്ള പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് നിലവില്‍ വന്നു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചതോടെ നിയമം പ്രാബല്യത്തിലായതായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് മലപ്പുറത്ത് മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പുതിയ വ്യവസായം ആരംഭിക്കല്‍, നടത്തിപ്പ്, അനുബന്ധ പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കാനുള്ള നിയമപരമായ സംവിധാനമാണ് പ്രാബല്യത്തില്‍ വന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അഞ്ചു കോടിവരെ മുതല്‍ മുടക്കിയുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാതല സമിതി പരിഗണിക്കും. ജില്ലാകലക്ടര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, നഗരകാര്യ റീജ്യനല്‍ ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ ലേബര്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, കലക്ടര്‍ നാമനിര്‍ദേശം ചെയ്യുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരാണ് ജില്ലാ പരാതി പരിഹാര സമിതി അംഗങ്ങള്‍.

പരാതി ലഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ ജില്ലാതല സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് നല്‍കുകയും വേണം. ജില്ലാതല സമിതിയ്ക്ക് 30 ദിവസത്തിനകം തീര്‍പ്പുണ്ടാക്കാനായില്ലെങ്കില്‍ സംസ്ഥാന തല സമിതിയ്ക്ക് അപ്പീല്‍ നല്‍കാം. ഓരോ മാസവും ആദ്യ പ്രവൃത്തി ദിവസം സമിതി യോഗം ചേരും. അഞ്ച് കോടിയ്ക്ക് മുകളില്‍ മൂലധന നിക്ഷേപമുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ സംസ്ഥാന തല സമിതിയ്ക്ക് നേരിട്ട് നല്‍കാം.

Leave A Reply
error: Content is protected !!