കോ സഖാക്കളെ ഇതിലെ ഇതിലെ. നിങ്ങൾക്ക് ആയി ഇതാ ഒരു വാതിൽ തുറന്നു കിടക്കുന്നു.

കോ സഖാക്കളെ ഇതിലെ ഇതിലെ. നിങ്ങൾക്ക് ആയി ഇതാ ഒരു വാതിൽ തുറന്നു കിടക്കുന്നു.

ഇപ്പോൾ ശിശിര കാലം ആണോ? അല്ല ഭയങ്കര കൊഴിഞ്ഞു പോക്ക്. മരത്തിൽ നിന്ന് ഇലകൾ പൊഴിയുന്നതിലും സ്പീഡിൽ ആണ് ഇപ്പോൾ കോൺഗ്രസ്‌ നിന്ന് നേതാക്കൾ പോകുന്നത്. എന്താ ഒരു സ്പീഡ്. പോകാൻ ഉള്ള കാരണങ്ങൾ ഒക്കെ ബഹു രസം ആണ്. ഇത്രേം നാൾ പട്ടിയെ പോലെ പാർട്ടിക്ക് വേണ്ടി ചോര നീരാക്കി. പക്ഷേ തിരിച്ചു പട്ടി വില. അതായത് ഈ ഇടയ്ക്ക് നടന്ന ഡിസിസി പുനഃസംഘടന തന്നെ ആണ് എല്ലാത്തിനും കാരണം. സീറ്റ്‌ കിട്ടും എന്ന് കരുതി വെള്ളം ഊറി ഇരുന്ന ഒരെണ്ണത്തിനും സീറ്റ്‌ കിട്ടിയില്ല. സീറ്റ്‌ കിട്ടാതെ വന്നപ്പോൾ എല്ലാത്തിന്റെയും സ്വഭാവം അങ്ങോട്ട് മാറാൻ തുടങ്ങി. അതായത് ഇലക്ഷൻ ടൈമിൽ നിർത്താതെ പലരെയും ഡിസിസി യുടെ തലവൻ ആക്കാം എന്ന് പറഞ്ഞു ഒരു വിധത്തിൽ നിർത്തിയേക്കുവായിരുന്നു. അതും പ്രതീക്ഷിച്ചു ഇലക്ഷന് മരണ പണി എടുത്ത പല നേതാക്കൾക്കും നല്ല കിടിലോസ്ക്കി ഇരുട്ടടി ആണ് ഡിസിസി ഫൈനൽ ലിസ്റ്റ് വന്നപ്പോൾ കിട്ടിയത്. അധികാരമോഹികൾ എന്ന് തന്നെ പറയാവുന്ന ഓരോന്നിന്റെയും കുരു പൊട്ടൻ തുടങ്ങി എന്ന് പറഞ്ഞാൽ മതി അല്ലോ. ഒരൊന്നായി മുറുമുറുക്കാനും പ്രതികരിക്കാനും തുടങ്ങി. കെപിസിസി ആസ്ഥാനത്തിനു മുന്‍പില്‍ കരിങ്കൊടിയും ഫ്‌ളെക്‌സും അങ്ങനെ ആകെ ഒരു ബഹളം തന്നെ. അപ്പോൾ നമ്മൾ കരുതും അത് കൊണ്ട് മാത്രം ആണ് നേതാക്കൾ കോൺഗ്രസ്‌ വിട്ടത് എന്ന്. ആദ്യം എന്ന് പറയാവുന്നത് 2021 മാര്‍ച്ച്‌ 10ന്. നമ്മുടെ ടോം വടക്കന് ശേഷം ദേശീയ തലത്തില്‍ എഐസിസിയുടെ വക്താവായി നിറഞ്ഞുനിന്നിരുന്ന പി സി ചാക്കോയാണ് കോണ്‍ഗ്രസ് വിട്ട് പുറത്തേക്ക് പോകുന്ന ആദ്യ വ്യക്തി. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് അടക്കമുള്ളവരോട് നേരിട്ട് പൊരുതിയ നേതാവായിരുന്നു പുള്ളി. ദേശീയ – സംസ്ഥാന നേതൃത്വങ്ങളുടെ കഴിവില്ലായ്മയെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പുള്ളിയുടെ പടിയിറക്കം. ദേ ഇപ്പോൾ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായി സുഖമായി കഴിഞ്ഞ് പോകുന്നു. അടുത്തത് നമ്മുടെ ചാക്കോയുടെ രാജിയെക്കാള്‍ സംസ്ഥാന കോണ്‍ഗ്രസ്സിനെ പിടിച്ചുലച്ചത് തല മുണ്ഡനം ചെയ്ത് പൊട്ടിക്കരഞ്ഞ ലതികാ സുഭാഷിന്റെ രാജിയായിരുന്നു. കെപിസിസി ആസ്ഥാനത്ത് ലതികയുടെ കണ്ണീരുവീണപ്പോള്‍ പല ജില്ലകളിലും പിന്തുണയുമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഇന്ദിരാഭവന് മുന്നില്‍ തലമുണ്ഡനം ചെയ്യുന്ന ലതികയും ദൃശ്യം രാഷ്ട്രീയ കേരളത്തിന് മറക്കാനാകില്ല. ഏറ്റുമാനൂരില്‍ ഒറ്റയ്ക്ക് പൊരുതി തോറ്റ ലതിക മെയ് 25 നാണ് എന്‍സിപിയിലെത്തിയത്.

അതുപോലെ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന പി എം സുരേഷ് ബാബുവും കോണ്‍ഗ്രസ് വിട്ടത്. മാര്‍ച്ച്‌ അവസാനം ആയപ്പോഴേക്കും സുരേഷ് ബാബുവും എന്‍സിപിയില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പും ശേഷവും കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച നേതാവാണ് പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ്. പാര്‍ട്ടി വിട്ടെങ്കിലും ഗോപിനാഥ് പക്ഷേ പുതിയ താവളം ഉറപ്പിച്ചിട്ടില്ല. ഇടയ്ക്ക് കാലുനക്കൽ പരാമർഷത്തിന് കണക്കിന് കിട്ടിയത് കൊണ്ട് ആകാം സിപിഎം ലോട്ട് പോകാൻ പുള്ളിക്ക് ഒരു മടി. സംസ്ഥാന നേതൃത്വത്തെയും കെ സി വേണുഗോപാലിനേയും രൂക്ഷമായി വിമര്‍ശിച്ചെങ്കിലും കെ സുധാകരനുമായുള്ള അടുപ്പമാണ് ഗോപിനാഥിനെ ഇപ്പോഴും പിടിച്ചു നിര്‍ത്തുന്നത് എന്നാണ് ഒരു സംസാരം. മാത്രമല്ല സ്വന്തം നാടായ പെരിങ്ങോട്ടുകുറിശ്ശിയിലും സമീപ പഞ്ചായത്തുകളിലും ഗോപിനാഥിനുള്ള സ്വാധീനം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും അറിയാം. അതുകൊണ്ട് തന്നെ ഗോപിനാഥ് തിരിച്ചുവന്നാലും അത്ഭുതപ്പെടാനില്ല എന്നാണ് നിരീക്ഷിക്കുന്നതും.

സമീപകാലത്താണ് മുൻ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് നെ കോൺഗ്രസ്‌ ചവിട്ടി പുറത്താക്കിയത്. അതുപോലെ തന്നെ അനില്‍കുമാറും അടുത്തിടെ കോൺഗ്രസ്‌ വിട്ടിരുന്നു. മുന്നും പിന്നും നോക്കാതെ സിപിഎമ്മില്‍ ചേര്‍ന്ന നേതാവാണ് പി എസ് പ്രശാന്ത്. നെടുമങ്ങാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രശാന്തിന്റെ പ്രധാന ശത്രു ഡിസിസി അധ്യക്ഷനായ പാലോട് രവിയായിരുന്നു. കെ സി വേണുഗോപാല്‍ ബിജെപിക്കുവേണ്ടി കോണ്‍ഗ്രസ്സിനെ തകര്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ചാണ് മറുകണ്ടം ചാടിയത്.

അതുപോലെ നമ്മുടെ മുല്ലപ്പള്ളിയുടെ മനസാക്ഷി സൂക്ഷിപ്പ് കാരൻ എന്ന് പറയാവുന്ന ആളാണ് അനിൽ. അതുപോലെ നാല് കെപിസിസി അധ്യക്ഷന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച നേതാവാണ് കെ പി അനില്‍കുമാര്‍. രമേശ് ചെന്നിത്തല, വി എം സുധീരന്‍, എം എം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇവരോടൊപ്പം സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി. ഒരിക്കല്‍ ഐ ഗ്രൂപ്പിന്റെ മൂര്‍ച്ചയേറിയ നാവ്. പുള്ളിയും ഇപ്പോൾ ദേ സിപിഎം ലേക്ക് ചാടിയത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും നടത്തിയ ചടുല നീക്കമാണ് കെ പി അനില്‍ കുമാറിനെ ഇത്ര വേഗം സിപിഎമ്മില്‍ എത്തിച്ചത് എന്നാണ് പൊതു സംസാരം.

അതുപോലെ കോണ്‍ഗ്രസിലെ അസംതൃപ്തര്‍ക്ക് നല്ല പരിഗണന നല്‍കുമെന്ന സന്ദേശവും സിപിഎം നേതൃത്വം നല്‍കുന്നുണ്ട്. കോണ്‍ഗ്രസിനെ വലിയ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് സി പി എമ്മിന്റെ ഈ നീക്കങ്ങള്‍. ബിജെപിയിലേക്കുള്ള റിക്രൂട്ടിംഗ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറുന്നു എന്ന് പരിഹസിച്ചത് സിപിഎം നേതാക്കളാണ്. അതേ നേതാക്കള്‍ തന്നെയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളെ കൂട്ടത്തോടെ സിപിഎമ്മിലേക്ക് ആനയിക്കുന്നത് എന്നതും കൗതുകകരം. ബി.ജെ.പിയാകട്ടേ കാഴ്ചക്കാര്‍ മാത്രമായി മാറുകയും ചെയ്യുന്നു.

കോ സഖാക്കളെ എന്നുവച്ചാൽ കോൺഗ്രസ്‌ സഖാക്കളെ കടന്നു വരൂ കടന്നു വരൂ, എന്ന്.. നിങ്ങൾക്കായി ഇതാ ഒരു സ്വർഗ്ഗത്തിന്റെ വാതിൽ തുറന്നു കിടക്കുന്നു.

ഡിസിസി പ്രസിഡന്റുമാരുടെ നിയമനം മാത്രമാണ് പൂര്‍ത്തിയായത്. ഡിസിസി- കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതേയുള്ളൂ. ഇനി കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുടെ കൂട്ടപ്പൊരിച്ചിലുണ്ടാകുമോയെന്നാണ് കാണേണ്ടത്.

Leave A Reply
error: Content is protected !!