കാനത്തിന് ഇപ്പോഴും ജോസ് കെ മാണി കെ എം മാണിയുടെ മകന്‍ മാത്രം

കാനത്തിന് ഇപ്പോഴും ജോസ് കെ മാണി കെ എം മാണിയുടെ മകന്‍ മാത്രം

എവിടെ ആരെങ്കിലും പിണങ്ങി നില്‍ക്കുന്നുവോ അവരെയെല്ലാം പിടിച്ച് കൂടെക്കൂട്ടും പക്ഷേ മുന്നണിയില്‍ ഐക്യം കാത്തു സൂക്ഷിക്കാനാവുന്നില്ല. ഇരട്ടച്ചങ്കുള്ള കപ്പിത്താന്‍ മൗനത്തിലും. കെട്ടുറപ്പുള്ള മുന്നണിയെന്ന വീരവാദമെല്ലാം പൊളിഞ്ഞടുങ്ങുകയാണ്. എല്‍ഡിഎഫിലെ രണ്ട് ഘടകകക്ഷികള്‍ തമ്മില്‍ തല്ലുന്നതുകണ്ടാല്‍ പ്രതപക്ഷം തോറ്റുപോകും. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍പോലും ഇങ്ങനെ ഒരു പൊരിഞ്ഞ അടി ഉണ്ടാവില്ല. യുഡിഎഫിലും കോണ്‍ഗ്രസിനുള്ളിലും തമ്മില്‍ത്തല്ലാണെന്ന് പറഞ്ഞ് ആഘോഷിക്കുന്ന എല്‍ഡിഎഫ് അവരുടെ പ്രശ്‌നം തീര്‍ക്കാന്‍ പാടുപെടുന്നു. സിപിഐയുടെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന് കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐയുടെ കളിയാക്കലുകള്‍ അതിരു കടക്കുന്നുവെന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ നിലപാട്. വിഷയത്തില്‍ സിപിഎം ഇടപെടണമെന്നും ആവശ്യമുണ്ട്. സിപിഐയുടെ നിലാപട് കണ്ടാല്‍ തോന്നുന്നത്, ജോസ് കെ മാണിയും കൂട്ടരും ഇപ്പോഴും യുഡിഎഫില്‍ ആണെന്നാണ് അവര്‍ കരുതുന്നതെന്നാണ്. കാനത്തിന് ഇപ്പോഴും ജോസ് കെ മാണി കെ എം മാണിയുടെ മകന്‍, ജോസൂട്ടന്‍ പോലും അക്കാര്യം മറന്നിട്ടും കാനം മാത്രമാണ് അത് ഓര്‍ക്കുന്നത്. കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് ഘടകകക്ഷിയായിരുന്ന കാലത്തെ അതേ നിലപാട് സിപിഐ ഇപ്പോഴും തുടരുകയാണെന്നു കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇതിനിതെരെ ഇടതു മുന്നണിക്ക് പരാതിയും നല്‍കും. ജോസ് കെ. മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാര്‍ക്കിടുന്നവരില്‍ പലരും പല തിരഞ്ഞെടുപ്പുകളിലും തോറ്റവരാണെന്നു മറക്കരുത്. കേരള കോണ്‍ഗ്രസിന്റെ സഹായത്തോടെ ജയിച്ച സീറ്റുകളെക്കുറിച്ച് അറിയണമെങ്കില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയോട് ചോദിച്ചാല്‍ മതി. കേരള കോണ്‍ഗ്രസിന്റെ സഹായത്താലാണ് ജയിച്ചതെന്നു സോമന്‍ പറഞ്ഞിരുന്നുവെന്നാണ് വിമര്‍ശനങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസിന്റെ മറുപടി.

ജനകീയ അടിത്തറ ഇല്ലാത്തവരായതുകൊണ്ടാണോ മൂവാറ്റുപുഴ, കരുനാഗപ്പള്ളി തുടങ്ങിയ സീറ്റുകളില്‍ സിപിഐ സ്ഥാനാര്‍ത്ഥികള്‍ തോറ്റത് എന്ന് പരിശോധിക്കണം. പാലായും കടുത്തുരുത്തിയും പരാജയപ്പെട്ടതില്‍ എല്‍ഡിഎഫിന് ഉത്തരവാദിത്തമില്ല എന്ന സിപിഐ നിലപാട് ശരിയല്ല. ജയിക്കുന്ന സീറ്റുകളുടെ അവകാശം ഏറ്റെടുക്കുക, തോറ്റ സീറ്റുകളുടെ ഉത്തരവാദിത്തം വ്യക്തികളില്‍ കെട്ടിവയ്ക്കുക എന്നത് പാപ്പരത്തമാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പതിവായി തോറ്റിരുന്ന പല സീറ്റുകളും ഇത്തവണ എല്‍ഡിഎഫ് ജയിച്ചത് കേരള കോണ്‍ഗ്രസ് (എം) സഹായം കൊണ്ടാണ്. തിരഞ്ഞെടുപ്പില്‍ സിപിഐയുടെ വോട്ടുകള്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചോ എന്നും നേതൃത്വം അന്വേഷിക്കണമെന്നാണ് ആവശ്യം. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ കേരള കോണ്‍ഗ്രസ് എമ്മിനോട് സിപിഐയുടെ നില്‍പ്പ് അത്ര നല്ലതായിരുന്നില്ല. പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എമ്മിന് അമിത പ്രധാന്യം നല്‍കാതെ സിപിഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഇടത് മുന്നണിയിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ പ്രവേശനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്ന് തന്നെ വിലയിരുത്തുന്ന സിപിഐ പക്ഷെ, മധ്യകേരളം എല്‍ഡിഎഫ് അനുകൂലമായതില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണയും സ്വാധീനവും കൊണ്ട് മാത്രമാണെന്ന് കരുതുന്നില്ല. കേരള കോണ്‍ഗ്രസിന് മികച്ച സ്വാധീനമുണ്ടായിരുന്നെങ്കില്‍ പാലായിലും കടുത്തുരുത്തിയിലും തോല്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വിജയം ജനം ഭരണത്തുടര്‍ച്ച ആഗ്രഹിച്ചതുകൊണ്ടാണെന്ന വിലയിരുത്തലിലാണ് സിപി ഐ. ജനജീവിതത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടലില്‍ വോട്ടര്‍മാര്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. സിപിഐക്ക് കൊല്ലത്ത് നേരിട്ട തിരിച്ചടിയിലും പാര്‍ട്ടി ആശങ്ക പ്രകടിപ്പിച്ചു. ജോസ് കെ മാണി പ്രഭാവത്തില്‍ കാനത്തിന് പ്രാധാന്യം നഷ്ടപ്പെടുമെന്ന ആശങ്കയാണോ ഈ റിപ്പോര്‍ട്ടിന് പിന്നില്‍ എന്നും ഒരു കരക്കമ്പി ഇല്ലാതില്ല.

Leave A Reply
error: Content is protected !!