പട്ടയമേള: പാലക്കാട് 1070 പട്ടയങ്ങള്‍ വിതരണം ചെയ്തു

പട്ടയമേള: പാലക്കാട് 1070 പട്ടയങ്ങള്‍ വിതരണം ചെയ്തു

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് നടന്ന സംസ്ഥാനതല പട്ടയമേളയുടെ ഭാഗമായി ജില്ലയില്‍ 1070 പട്ടയങ്ങള്‍ വിതരണം ചെയ്തു. തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് പട്ടയമേള ഉദ്ഘാടനം ചെയ്തത്.

ജില്ലയില്‍ ഒരു വര്‍ഷത്തിനകം പട്ടയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പട്ടയവിതരണം നിര്‍വ്വഹിച്ച് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പട്ടയം കിട്ടാനുള്ളവരുടെ കണക്കെടുപ്പ് ഒരു മാസത്തിനകം പൂര്‍ത്തീകരിക്കും. പട്ടയം ലഭിക്കുന്നതിന്റെ നിയമവശങ്ങള്‍ സംബന്ധിച്ചും ബന്ധപ്പെട്ട താലൂക്കില്‍ എങ്ങനെ അപേക്ഷ സമര്‍പ്പിക്കണമെന്നും എന്തെല്ലാം രേഖകള്‍ ഒപ്പം വെക്കണമെന്നത് സംബന്ധിച്ചും പൊതുജനങ്ങളില്‍ ധാരണയുണ്ടാക്കുന്നതിനായി ജില്ലയിലുടനീളം ഔട്ട് റീച്ച് ക്യാമ്പയിന് തുടക്കമിടും.

പല പുറമ്പോക്ക് ഭൂമികളിലും ആളുകള്‍ താമസിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നത് സംബന്ധിച്ച് അതത് വകുപ്പുകളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളില്‍ കുടിയായ്മയുള്ള ഭൂമി വില്ലേജ് ഓഫീസര്‍മാര്‍ കണ്ടെത്തണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരുടെ ഭൂമി തിരിച്ചു പിടിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ സ്പീക്കര്‍ എം.ബി.രാജേഷ് ഓണ്‍ലൈനായി പങ്കെടുത്തു. കോങ്ങാട് എം.എല്‍.എ കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി, പാലക്കാട് സബ്കലക്ടര്‍ ബല്‍പ്രീത് സിംഗ്, എ.ഡി.എം കെ മണികണ്ഠന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) പി.കാവേരിക്കുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ആറ് താലൂക്കുകളിലായി നടന്ന താലൂക്ക്തല പട്ടയ വിതരണത്തില്‍ ബന്ധപ്പെട്ട എം.എല്‍.എമാര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!