സുധാകരന്റെ പരിഷ്‌കാരം : കോണ്‍ഗ്രസുകാരെ കൊണ്ട് പുസ്തകം വായിപ്പിക്കുന്നു

സുധാകരന്റെ പരിഷ്‌കാരം : കോണ്‍ഗ്രസുകാരെ കൊണ്ട് പുസ്തകം വായിപ്പിക്കുന്നു

നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മുന്നില്‍ വായനയുടെ ലോകം തുറന്നിടാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു . പാര്‍ട്ടി അടിമുടി മാറുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസുകാരെ കൊണ്ട് പുസ്തകം വായിപ്പിക്കാനുള്ള തീരുമാനവും വന്നിരിക്കുന്നത്. ഡി.സി.സി. ഓഫീസുകളില്‍ ഇതിനായി വലിയ ലൈബ്രറി തന്നെ തുറക്കും. പാര്‍ട്ടി മുന്‍കൈയെടുത്ത് പുസ്തക ചര്‍ച്ചകള്‍ സംഘടിപ്പിക്കും.

പാര്‍ട്ടി യോഗങ്ങള്‍ക്ക് മുമ്പ് അര മണിക്കൂര്‍ സമയം ഏതെങ്കിലും ഒരു പ്രധാന പുസ്തകത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കും. പ്രമുഖരായ എഴുത്തുകാരുമായി സംവാദങ്ങള്‍ സംഘടിപ്പിക്കും. വായിക്കാന്‍ നേരമില്ലാത്തവര്‍ക്ക് കേട്ടറിവെങ്കിലും ഉണ്ടാവട്ടെ എന്ന ലക്ഷ്യത്തോടെയാണ് യോഗങ്ങള്‍ക്കു മുമ്പ് ഇത്തരമൊരു പരിപാടിയെക്കുറിച്ച് ആലോചിക്കുന്നത്.

എഴുത്തുകാരുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയുമെല്ലാം സഹകരണത്തോടെയാണ് ഡി.സി.സി. ഓഫീസുകളിൽ ലൈബ്രറി ആരംഭിക്കുന്നത്. പാലിയേറ്റീവ് കെയര്‍ രംഗത്തും പാര്‍ട്ടി ശക്തമായി ഇടപെടും. അതിനായി പ്രത്യേക ട്രസ്റ്റ് ഉണ്ടാക്കും. ജില്ലകളിലെ മുതിര്‍ന്ന നേതാക്കള്‍ക്കായിരിക്കും അതിന്റെ ചുമതല.

പുതിയ കാലത്തിനനുസരിച്ച് പ്രവര്‍ത്തനം മാറ്റുന്നതിന്റെ ഭാഗമായി ഡി.സി.സി. ഓഫീസുകളിൽ ഡിജിറ്റല്‍ സ്റ്റുഡിയോ ആരംഭിക്കാനും ആലോചിക്കുന്നു . പ്രധാന വിഷയങ്ങളില്‍ നേതാക്കളുടെ പ്രതികരണവും പ്രമുഖരുമായുള്ള സംവാദങ്ങളുമെല്ലാം നവ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനാണിത്.

താഴെതട്ടിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബൂത്തുകള്‍ക്കു കീഴില്‍ മൈക്രോ കുടുംബ യൂണിറ്റുകള്‍ ഉണ്ടാക്കും. മറ്റ് ചുമതലകളൊന്നും ഇല്ലാത്ത മൂന്നു പ്രവര്‍ത്തകര്‍ക്കായിരിക്കും ഇതിന്റെ ചുമതല. മുപ്പത് വീടുകള്‍ക്ക് ഒരു യൂണിറ്റായിരിക്കും. ചുമതലക്കാരില്‍ ഒരാള്‍ വനിതയായിരിക്കും.

ഇതൊക്കെ കൊള്ളാം പക്ഷെ പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും കൊഴിഞ്ഞു പോക്ക് കൂടി അവസാനിപ്പിക്കാൻ നടപടിയുണ്ടായാൽ നന്ന് .

Video Link

https://youtu.be/HM0cnlIMDi0

Leave A Reply
error: Content is protected !!