ഭൂ- ഭവന രഹിതരില്ലാത്ത കേരളം ലക്ഷ്യം: മന്ത്രി ജെ.ചിഞ്ചു റാണി

ഭൂ- ഭവന രഹിതരില്ലാത്ത കേരളം ലക്ഷ്യം: മന്ത്രി ജെ.ചിഞ്ചു റാണി

കൊല്ലം: ഭൂ- ഭവന രഹിതരില്ലാത്ത നടാക്കി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പുനലൂര്‍ താലൂക്ക്തല പട്ടയമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇനിയും പട്ടയം ലഭിക്കാത്തവര്‍ക്ക് അവസരം ഒരുക്കി അവ നല്‍കും എന്നും പറഞ്ഞു.

പുനലൂര്‍, വാളക്കോട്, തിങ്കള്‍കരിക്കം, ചണ്ണപ്പേട്ട, കരവാളൂര്‍, ഇടമുളയ്ക്കല്‍ എന്നീ വില്ലേജുകളിലെ 25 കുടുംബങ്ങള്‍ക്കാണ് പട്ടയം നല്‍കിയത്. മുന്‍സിപ്പല്‍, പഞ്ചായത്ത് പട്ടയങ്ങള്‍ മൂന്ന് വീതവും അഞ്ച് ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളും കൈമാറ്റ സാധൂകരണ പത്രിക 14 എണ്ണവുമാണ് വിതരണം ചെയ്തത്. മൂന്ന് ഏക്കര്‍ എട്ട് സെന്റ് ഭൂമിയുടെ പട്ടയം ആകെ ലഭ്യമാക്കി.

പുനലൂര്‍ പൊതുമരാമത്ത് റെസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പി. എസ്. സുപാല്‍ എം. എല്‍. എ അധ്യക്ഷനായി. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യാതിഥിയും. പുനലൂര്‍ ആര്‍. ഡി. ഒ. ബി. ശശികുമാര്‍, പുനലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്മി എബ്രഹാം, വൈസ് ചെയര്‍മാന്‍ വി. പി ഉണ്ണികൃഷ്ണന്‍, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുജ സുരേന്ദ്രന്‍, ജിഷാ മുരളി, അസീന മനാഫ്, പി. അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!