നിപ: കോഴിക്കോട് കണ്ടെൻമെന്റ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്

നിപ: കോഴിക്കോട് കണ്ടെൻമെന്റ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ്

കോഴിക്കോട്: പുതിയ നിപ വൈറസ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇൻക്യുബേഷൻ കാലയളവായ 14 ദിവസം കഴിഞ്ഞതിനാലും കോഴിക്കോട് കണ്ടെൻമെന്റ് വാർഡുകളിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

അതേസമയം ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡ് കണ്ടൈൻമെന്റ് സോണായി തുടരും. മെഡിക്കൽ ബോർഡിന്റേയും വിദഗ്ധ സമിതിയുടേയും നിർദേശ പ്രകാരമാണ് തീരുമാനം. മറ്റ് പ്രദേശങ്ങളിൽ കടകൾ തുറക്കാനും യാത്ര ചെയ്യാനും കഴിയും. രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും വീടുകളിൽ തന്നെ കഴിയണം. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. ഇതുസംബന്ധിച്ചുള്ള ഉത്തരവ് ജില്ലാ കളക്ടർ പുറത്തിറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കണ്ടെയിൻമെന്റ് സോണിൽ നിർത്തിവച്ചിരുന്ന കോവിഡ് വാക്സിനേഷൻ ബുധനാഴ്ച പുനരാരംഭിക്കും. വാക്സിൻ എടുക്കാൻ ബാക്കിയുള്ളവരെ കണ്ടെത്തി കൃത്യമായ ആക്ഷൻ പ്ലാനോടെയാണ് വാക്സിനേഷൻ നടത്തുന്നത്. രോഗലക്ഷണമുള്ളവർ ഒരു കാരണവശാലും വാക്സിനെടുക്കാൻ പോകരുത്. 9593 പേരാണ് കണ്ടൈൻമെന്റ് വാർഡുകളിൽ ഇനി ആദ്യഡോസ് വാക്സിൻ എടുക്കാനുള്ളത്. 500 മുതൽ 1000 വരെയുള്ള പല വിഭാഗമായി തിരിച്ചായിരിക്കും വാക്സിൻ നൽകുക.

അതേസമയം നിപ സമ്പർക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. എൻ.ഐ.വി. പൂനയിലാണ് പരിശോധിച്ചത്. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും എല്ലാവരും ജാഗ്രത തുടരണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Leave A Reply
error: Content is protected !!